സുരക്ഷിതത്വമില്ലാതെ കാക്കാത്തിരുത്തി സുരക്ഷാ ബ്രിഡ്ജ്
കയ്പമംഗലം: യാത്രാക്കാര്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെ കാക്കാത്തിരുത്തി സുരക്ഷാ ബ്രിഡ്ജ് ശോചനീയാവസ്ഥയില്‍.കനോലി കനാലിന് കുറുകെയുള്ള പെരിഞ്ഞനം, കുറ്റിലക്കടവ് ഇരുമ്പു പാലമാണ് അങ്ങേയറ്റം അപകടാവസ്ഥയിലായിരിക്കുന്നത്. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളടക്കം നൂറ് കണക്കിനാളുകള്‍ ദിവസവും യാത്ര ചെയ്യുന്ന ഈ പാലത്തിന്റെ പലയിടത്തും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. സുരക്ഷാ ബ്രിഡ്‌ജെന്ന പേരില്‍ സജ്ജീരിച്ചിട്ടുള്ള ഈ ഇരുമ്പ് പാലത്തിന് വളരെയേറെ കാലപ്പഴക്കമുണ്ട്.
പടിയൂര്‍, പെരിഞ്ഞനം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ഇരു കരയിലും താമസിക്കുന്നവര്‍ അക്കരെ പറ്റണമെങ്കില്‍ ആറ് കിലോമീറ്ററോളം ചുറ്റി വളയണം. നടപ്പാതയായി നിര്‍മിച്ചിട്ടുള്ള ഈ പാലത്തിലൂടെ മോട്ടോര്‍ സൈക്കിളുകളും കടന്നു പോകുന്നുണ്ട്. ഇത് പാലത്തിന്റെ അപകടാവസ്ഥ വര്‍ദ്ധിക്കാന്‍ ഇടയാക്കും. മറുകരയിലുള്ളവര്‍ മതിലകം, പെരിഞ്ഞനം ഭാഗങ്ങിലേക്ക് എത്തിപ്പെടാന്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് തകര്‍ച്ചയിലായ ഈ പാലമാണ്. കൂടാതെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പടിയൂര്‍ പഞ്ചായത്തില്‍ നിന്ന് ചികിത്സ തേടിയെത്തുന്നവരും ഈ ഇരുമ്പു പാലം തകരുന്നതോടെ കൂടുതല്‍ ദുരിതത്തിലാകും. അടിയന്തിരമായി പാലത്തിന്റെ അപകടാവസ്ഥ പരിഹിച്ച് കാക്കാത്തിരുത്തി, കുറ്റിലക്കടവ് ഇരുമ്പു പാലത്തിലൂടെ ഇരു കരയിലേക്കും യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."