ടി.ജെ വിനോദ് യു.ഡി.എഫിന്റെ ആശ്വാസം
സ്വന്തം ലേഖകന്‍
കൊച്ചി: കനത്ത വെള്ളപ്പൊക്കത്തിലും ഒലിച്ചുപോകാതെ എറണാകുളം യു.ഡി.എഫിനൊപ്പം. കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയറും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന്റെ വിജയം 3750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിയെ പരാജയപ്പെടുത്തിയാണ് വിനോദ് മണ്ഡലം നിലനിര്‍ത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍ മൂന്നാം സ്ഥാനത്തെത്തി. 37,891 വോട്ടുകള്‍ നേടിയാണ് വിനോദ് വിജയമുറപ്പിച്ചത്. റോയ് 34,141 വോട്ടുകള്‍ നേടിയപ്പോള്‍ സി.ജി രാജഗോപാല്‍ 13,351 വോട്ടുകള്‍ കരസ്ഥമാക്കി.
1297 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. ഹൈബി ഈഡന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ വിനോദിലൂടെ യു.ഡി.എഫിന് കഴിഞ്ഞില്ല. മനു റോയിയുടെ അപരനായി എത്തിയ മനു കെ.എം 2572 വോട്ട് നേടിയതും ശ്രദ്ധേയമായി. രണ്ടരപതിറ്റാണ്ടായി കൊച്ചി നഗരസഭാ ഡിവിഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ടി.ജെ വിനോദ് കൊച്ചി തമ്മനം തൈവേലിക്കകത്ത് (നാരോത്ത് വീട്) പരേതനായ ടി.എം ജോസഫിന്റേയും സെലിന്‍ ജോസഫിന്റേയും മകനാണ്. ഷിമിത വിനോദാണ് ഭാര്യ. ബി.ടെക് വിദ്യാര്‍ഥിനി സ്‌നേഹ, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വരുണ്‍ എന്നിവര്‍ മക്കളാണ്.
1982-1983 കാലഘട്ടത്തില്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് വിനോദിന്റെ തുടക്കം. 1983-1985 കാലത്ത് കെ.എസ്.യു കൊച്ചിന്‍ സിറ്റി ജനറല്‍ സെക്രട്ടറിയായി. ഇതേ കാലഘട്ടത്തില്‍ കളമശേരി സെന്റ് പോള്‍സ് കോളജ് യൂണിയന്‍ ചെയര്‍മാനായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.
1985 മുതല്‍ 1993 വരെ കെ.എസ്.യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1993 - 2002 കാലത്ത് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2004 മുതല്‍ 2015 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന വിനോദ് 2016 ഡിസംബര്‍ 12 മുതല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരുന്നു.
2015 മുതല്‍ കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായ വിനോദ് നേരത്തെ 2002 നവംബര്‍ 20 മുതല്‍ 2003 ഓഗസ്റ്റ് 22 വരെയും ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 - 15 കാലഘട്ടത്തില്‍ കോര്‍പറേഷന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 1995 മുതല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."