പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകോര്‍ത്ത് ജില്ല
തൃശൂര്‍: പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ത്ത് ജില്ല. പകര്‍ച്ചപനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് മന്ത്രി എ. സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയക്കാരുടെയും യോഗം ചേര്‍ന്ന് തീരുമാനിച്ചു. ഒരു പരിധിവരെ പനിപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്താന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും കൂടുതല്‍ സമയം സേവനം ചെയ്യാന്‍ സന്നദ്ധരാകണം. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചയ്ക്ക് രണ്ടുവരെ ഒപി.സമയമെന്ന നിലപാട് ഡോക്ടര്‍മാരും ജീവനക്കാരും സ്വീകരിക്കരുത്. വൈകീട്ട് അഞ്ചു വരെയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ പനി വാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ബന്ധപ്പെട്ടവരും സന്നദ്ധരാകണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ലാബോറട്ടറി സൗകര്യം, പനിവാര്‍ഡ്, ഡോക്റ്റര്‍മാരുടെ സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ സംവിധാനത്തോടെ ബഹുജന പങ്കാളിത്തവും ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം. പനി വ്യാപകമായുള്ള സ്ഥലങ്ങളിലെ ഡോക്റ്റര്‍മാര്‍ ചികിത്സക്കെത്തിയ രോഗികള്‍ തീരുന്നതുവരെയുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണം. സ്ഥാപനങ്ങള്‍ക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ ജനങ്ങളറിയുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 27 മുതല്‍ 29വരെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നേരിട്ട് ശുചീകരണ പ്രവര്‍ത്തനം നടക്കും. മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് മെംബര്‍മാര്‍ അതത് വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കണം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ മോണിറ്റിറിങ് നടത്തി ജില്ലാതലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇന്നു ചേരുന്ന തദ്ദേശസ്ഥാപനങ്ങളിലെ യോഗത്തില്‍ കൃത്യമായ തീരുമാനമെടുക്കണം. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ജനകീയ ജാഗ്രതാ സമിതികള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വിദ്യാര്‍ഥികളേയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിലും പങ്കാളികളാക്കണം. കൂടാതെ കുടുംബശ്രി, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സംഘടനകളും ശുചീകരണത്തിന് കൈകോര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."