22 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കും
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്ക് 22 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ യു.എസ് അനുമതി. ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച നടക്കുന്നത് ഈമാസം 26 നാണ്.
അതിനു മുന്‍പ് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനാണ് ഡ്രോണ്‍ വില്‍ക്കാനുള്ള അനുമതിയില്‍ തീരുമാനമെടുത്തത്.
എന്നാല്‍ ആയുധമായി ഡ്രോണിനെ പരിഗണിക്കുന്നില്ലെങ്കിലും സൈനിക നീരീക്ഷണ സംവിധാനമായതിനാല്‍ പദ്ധതിക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി വേണം. പ്രതിരോധ കരാറിന്റെ പരിധിയിലാണ് ഡ്രോണും ഉള്‍പ്പെടുക. ഇന്ത്യയ്ക്ക് ഡ്രോണ്‍ വില്‍ക്കാനുള്ള തീരുമാനം അമേരിക്ക ഇന്ത്യയെയും ഡ്രോണ്‍ നിര്‍മാതാക്കളായ ജനറല്‍ അറ്റോമിക്‌സിനെയും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനെയും അറിയിച്ചു. മൂന്നു ബില്യന്‍ ഡോളറിന്റെ ഇടപാടാണിത്. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി കണക്കാക്കുന്നതു പരിഗണിച്ചാണ് ഇത്തരമൊരു നടപടിയെന്ന് അമേരിക്കന്‍ അധികൃതര്‍ സൂചിപ്പിച്ചു.
പ്രധാന പ്രതിരോധ പങ്കാളി എന്ന പദവിയിലേക്ക് ഇന്ത്യയെ ഒബാമ ഭരണകൂടം ഉയര്‍ത്തുകയും കോണ്‍ഗ്രസ് അതിന് പച്ചക്കൊടി നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ നാവിക സേനയാണ് നിരീക്ഷണത്തിനു മറ്റുമായി ഈ ഡ്രോണുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നത്. ഡ്രോണ്‍ വില്‍പനയുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അതിവേഗം തീരുമാനമെടുപ്പിക്കുന്നതില്‍ ജനറല്‍ അറ്റോമിക്‌സിലെ എയ്‌റോസ്‌പേസ് വിദഗ്ധന്‍ ഡോ. വിവേക് ലാലും പങ്കുവഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."