വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനെ പൊലിസുകാരന് കുത്തിക്കൊന്നു
ബോവിക്കാനം(കാസര്‍കോട്): വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനെ പൊലിസുകാരന് കുത്തിക്കൊന്നു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ മുളിയാര്‍ ശാന്തിനഗറിലെ ഇടയില്ലം മാധവന് നായരാണ് (68) കുത്തേറ്റ് മരിച്ചത്. മാധവന് നായരുടെ ഭാര്യാ സഹോദരിയുടെ മകനും കാസര്‍കോട് എ.ആര് ക്യാംപിലെ പൊലിസുകാരനുമായ ശ്യാം(36) ആണ് മാധവന് നായരെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ ആദൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് മാധവന്റെ മുളിയാര്‍ പന്ത്രണ്ടാം മൈല്‍ പ്രദേശത്തെ വീട്ടില്‍ വച്ചാണ് സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി യാതൊരു പ്രകോപനവുമില്ലാതെ കത്തിയെടുത്ത് മാധവന് നായരെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ മാധവന് നായരെ ഉടന്‍ തന്നെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. 10 വര്‍ഷം മുമ്പാണ് മാധവന് ജില്ലാ ബാങ്കില്‍ നിന്നു വിരമിച്ചത്. ഇതിനുശേഷം ജില്ലാ ബാങ്ക് ഡയരക്ടറായും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഭാര്യ: ഇ. രുദ്രകുമാരി(കെ.സി.ഇ.എഫ്.വനിതാ ഫോറം ചെയര്‍പേഴ്സണ്‍). മകന്: അര്ജുനന്(ഡിഗ്രി വിദ്യാര്‍ഥി കോട്ടയം). സഹോദരങ്ങള്‍: ശശിധരന്, അശോകന്, ചന്ദ്രിക, സുശീല, നാരായണന്, പരേതരായ ഭാസ്കരന്,ലോഹിതാക്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."