ഇസ്ഹാഖിനെ വെട്ടിയത് പള്ളിയിലേക്ക് പോവുന്ന വഴിയില്‍, കൊല്ലുന്ന ദിവസം 'കൗണ്ട് ഡൗണ്‍'സ്റ്റാറ്റസാക്കി, പി. ജയരാജന്‍ അഞ്ചുടിയില്‍ എത്തിയത് ദിവസങ്ങള്‍ക്ക് മുന്നെ
'കൗണ്ട് ഡൗണ്‍' അന്വേഷണ പരിധിയില്‍
തിരൂര്‍: ലീഗ് പ്രവര്‍ത്തകന്‍ താനൂര്‍ അഞ്ചുടി ഇസ്ഹാഖ്(35) കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി വധ ഭീഷണി മുഴക്കിയുള്ള 'കൗണ്ട് ഡൗണ്‍ ' പോസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി അബ്ദുല്‍ കരീം പറഞ്ഞു. പോസ്റ്റ് സംബന്ധിച്ച് ഇസ്ഹാഖിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
സിപിഎം നേതാവ് പി ജയരാജന്‍ ദിവസങ്ങള്‍ക്കു മുമ്പ് അഞ്ചുടിയിലെത്തി പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചതെന്നും ഇസ്ഹാഖിന്റെ കൊലപാതകം ആസൂത്രിതമാണെന്നും ലീഗ് ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ലീഗ് നേതാക്കള്‍ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് സംബന്ധിച്ചും അന്വേഷണം തുടങ്ങിയത്.
പ്രദേശത്തെ സി പി എം നേതാവ് കെ.പി ഷംസുവിന്റെ വിദേശത്തുള്ള സഹോദരനാണ് വാട്‌സ് ആപ്പില്‍ 'കൗണ്ട് ഡൗണ്‍' സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. '9 വെയ്റ്റിങ്' എന്ന് തുടങ്ങി കൗണ്ടിംങ് ഓരോ ദിവസം കഴിയുംതോറും കുറച്ചുകൊണ്ട് സ്റ്റാറ്റസിട്ടു. കൗണ്ടിംങ് അഞ്ചിലെത്തിയപ്പോഴാണ് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. ഷംസുവിന്റെ മൂന്ന് സഹോദരങ്ങള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടതായാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ടു സഹോദരങ്ങളെ ഉള്‍പ്പടെ പൊലീസ് പിടികൂടിയിട്ടുണ്ട്. 'കൗണ്ട് ഡൗണ്‍' പോസ്റ്റിനു പിന്നില്‍ ഷംസുവിന്റെ മറ്റൊരു സഹോദരനാണെന്നതാണ് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി പുറത്തു കൊണ്ടുവരാനുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘം.
സുരക്ഷ ശക്തം
താനൂര്‍ അഞ്ചുടി ഇസ്ഹാഖ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ തീരദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. താനൂര്‍, അഞ്ചുടി, ഉണ്യാല്‍, പറവണ്ണ തുടങ്ങിയ തീര പ്രദേശങ്ങളിലായി 500 അംഗ പൊലീസ് സേനയെ വിന്യസിച്ചതായി തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബു പറഞ്ഞു. ആറ് ഡി.വൈ.എസ്.പിമാരുടെയും 18 സി.ഐമാരുടെയും നേതൃത്വത്തിലാണ് പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുള്ളത്. തീരദേശത്തെ നിലവിലെ ക്രമസമാധാന നില കണക്കിലെടുത്താണ് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുള്ളത്.
അക്രമം സി പി എം നേതാവിന്റെ സഹോദരങ്ങളുടെ നേതൃത്വത്തില്‍
കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖി(35)നെ കൊലപ്പെടുത്തിയത് സി പി എം നേതാവിന്റെ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണത്തില്‍ വ്യക്തമായി. ഡിവൈഎഫ്‌ഐ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ.പി ഷംസുവിന്റെ മൂന്ന് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൃത്യം നടത്തിയ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷംസുവിന്റെ സഹോദരങ്ങളായ കുപ്പന്റെ പുരക്കല്‍ മുഈസ് (25), താഹ മോന്‍ (22), ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ്(24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഷംസുവിന്റെ മറ്റൊരു സഹോദരന്‍ ജുനൈസ് (22), സുഹൃത്തായ ചീമ്പാളിന്റെ പുരക്കല്‍ ഷഹദാദ് (22) എന്നിവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം
രാഷ്ട്രീയ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന് ആയിരങ്ങളുടെ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മുഖമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ നിന്ന് പള്ളിയിലേക്ക് ഇറങ്ങിയ ഇസ്ഹാഖിനെ തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വ്യാഴായ്ച്ച വൈകിട്ട് നാലിന് തെയ്യാലയില്‍ എത്തിച്ച മൃതദേഹം ആയിരങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി അഞ്ചുടിയിലെ വീട്ടിലെത്തിച്ചു.
വിതുമ്പലടക്കാനാകാതെ ഉറ്റവരും കൂടെപ്പിറപ്പുകളും അട്ടഹസിച്ചു കരഞ്ഞത് ആരുടെയും കരളലിയിക്കും. അഞ്ചുടി മദ്രസയിലെ പൊതുദര്‍ശനത്തിനു ശേഷം അഞ്ചര മണിക്ക് മൃതദേഹം ബറടക്കി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സി മമ്മൂട്ടി എംഎല്‍എയും നേതൃത്വം നല്‍കി.
ഇസ്ഹാഖിന് അവസാനമായൊന്നു കാണാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നുമാള്ളവര്‍ ഒഴുകിയെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,എസ്‌കെഎസ് എസ് എഫ് ജില്ലാപ്രസിഡന്റ സയ്യിദ് ഫക്രുദീന്‍ ഹസനി തങ്ങള്‍,കെപിഎ മജീദ്, കെ കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, പികെ ഫിറോസ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, സി മമ്മുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണി കൃഷ്ണന്‍, മുജീബ് കാടേരി, സയ്യിദ് ഫൈസല്‍ ബാഫഖ് തങ്ങള്‍, പിടി അജയമോഹന്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷറഫ്, വിടി സുബൈര്‍ തങ്ങള്‍, ഉമ്മര്‍ ഒട്ടുമ്മല്‍, കെ എന്‍ മുത്തുക്കോയ തങ്ങള്‍, എംപി അഷറഫ് എന്നിവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. സമാധാനപരമായി വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രതടനങ്ങളും റോഡ് ഉപരോധങ്ങളും നടത്തി. തീരദേശ നിയോജക മണ്ഡലങ്ങളായ വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളിലായിരുന്നു ഹര്‍ത്താല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."