ബി.ജെ.പിക്ക് വന്‍ തിരിച്ചടി
ശ്രീനഗര്‍: പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മിരില്‍ വ്യാഴാഴ്ച നടന്ന ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കശ്മിര്‍, ജമ്മു, ലഡാക്ക് എന്നീ മൂന്ന് മേഖലകളില്‍ 307 സീറ്റുകളില്‍ 217ഉം സ്വന്തമാക്കിയത് സ്വതന്ത്രരാണ്.
ബി.ജെ.പി ഒഴികെയുള്ള നാഷനല്‍ കോണ്‍ഫറന്‍സ്, പി. ഡി.പി, പീപ്പിള്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് സ്വതന്ത്രരും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന മത്സരം. 98.3 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ബി.ജെ.പിക്ക് ലഭിച്ചത് 81 സീറ്റുകള്‍ മാത്രമാണ്. ഒരു മാസത്തോളം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയിട്ടും ശക്തമായ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്.
ജമ്മുകശ്മിരിലെ 22 ജില്ലകളില്‍ 19ലും സ്വതന്ത്രരാണ് ജയിച്ചത്. രണ്ടിടങ്ങളിലാണ് ബി.ജെ.പിക്ക് മേല്‍ക്കൈ നേടാനായത്. 136 പഞ്ചായത്ത് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന താഴ്‌വരയില്‍ 128 സീറ്റുകളില്‍ 109 സ്വതന്ത്രര്‍ ജയിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു.
കുപ്‌വാര, ബന്ദിപോര, ഗന്ധര്‍ബാല്‍, ശ്രീനഗര്‍, കുല്‍ഗാം എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഈ ജില്ലകളിലെ 50 സീറ്റുകളിലും സ്വതന്ത്രര്‍ വിജയിച്ചു. ബാരാമുല്ല ജില്ലയില്‍ ബി.ജെ.പി ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ ബാക്കിയുള്ള 24 സീറ്റിലും സ്വതന്ത്രര്‍ വിജയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ 16 സീറ്റുകളില്‍ 13 സീറ്റിലും സ്വതന്ത്രര്‍ വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബി.ജെ.പി നേടി.
പുല്‍വാമ ജില്ലയില്‍ ബി.ജെ.പിയും സ്വതന്ത്രരും നാല് സീറ്റുകള്‍ വീതം നേടി. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി ഇവിടെ ഒരു സീറ്റ് നേടിയിട്ടുണ്ട്.
കശ്മിരിലെ ബി.ജെ.പിയുടെ ഏക ജയം ഷോപിയാനിയില്‍ ആയിരുന്നു, അവിടെ എട്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇതില്‍ ആറ് സീറ്റിലും എതിരാളികള്‍ ഇല്ലായിരുന്നു.
ശക്തി കേന്ദ്രമായ ജമ്മുകശ്മിരിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടായി. മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ്കരുതിയ ഇവിടെ 148 സീറ്റുകളില്‍ 52 എണ്ണമാണ് ബി.ജെ.പിക്ക് നേടാനായത്. 88 സീറ്റുകളും സ്വതന്ത്രര്‍ നേടി. എട്ട് സീറ്റുകളില്‍ പാന്തേഴ്‌സ് പാര്‍ട്ടി നേടി. 2014 മുതല്‍ ജമ്മുവില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ നേട്ടം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പി കരുതിയത് ലഡാക്കിലായിരുന്നു. എന്നാല്‍ ഇവിടെയുള്ള 31 സീറ്റുകളില്‍ 20 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ജയിച്ചത്. 11 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."