ആത്മമിത്രങ്ങളുടെ വിയോഗം: ഞെട്ടല്‍ മാറാതെ നാട്
കൊണ്ടോട്ടി: കോളജില്‍ നിന്ന് പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പെട്ട വിദ്യാര്‍ഥികളുടെ മയ്യിത്തുകള്‍ കബറടക്കി. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് കലവൂര്‍ ബ്ലോക്ക് ജങ്ഷനില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ കൊണ്ടോട്ടി, കൊളത്തൂര്‍ ആനങ്ങാടി എരഞ്ഞോളില്‍ വീട്ടില്‍ ഇ.എം മുഹമ്മദ് കുട്ടിയുടെ മകന്‍ ഫവാസ് മുഹമ്മദ്(22), ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി കരുവാട്ട് ഉബൈദിന്റെ മകന്‍ മുഹമ്മദ് ആഫിഖ് (22)എന്നിവര്‍ മരിച്ചത്.
തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളായ ഇരുവരും നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മയ്യിത്തുകള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാട്ടിലെത്തിച്ച് ഖബറടക്കി. ഫവാസ് മുഹമ്മദിന്റെ മയ്യിത്ത് കൊണ്ടോട്ടി തുറക്കല്‍ ജുമാമസ്ജിദിലും മുഹമ്മദ് ആഫിഖിന്റെ മയ്യിത്ത് ഊര്‍ങ്ങാട്ടിരി ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്. അപകടവാര്‍ത്ത അറിഞ്ഞ് ഫവാസിന്റെ പിതാവ് മുഹമ്മദ് കുട്ടി ഗള്‍ഫില്‍ നിന്നെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."