മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഓര്‍ത്തഡോക്‌സ് വിഭാഗം: ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിച്ച് യാക്കോബ
കോഴിക്കോട്: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം സെമിത്തേരിയിലേക്കും വ്യാപിച്ചതോടെ പ്രശ്‌നത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി ഒരു വിഭാഗം. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യാക്കോബായക്കാരാണ് രാഷ്ട്രപതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലേക്ക് യാക്കോബായക്കാര്‍ മാറണമെന്ന കര്‍ശന നിബന്ധനയോടെയാണ് സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന വിശ്വാസപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നത് നിഷേധിക്കരുതെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗക്കാരായ സി.ഇ ചാക്കുണ്ണി, എം.സി ജോണ്‍സണ്‍ എന്നിവര്‍ ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. വര്‍ഷങ്ങളായി കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ഇരുവരും പാലക്കാട് ജില്ലയിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവകാംഗങ്ങളാണ്.
സുപ്രിംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായതോടെയാണ് തര്‍ക്കം സെമിത്തേരിയിലേക്കും നീണ്ടത്. യാക്കോബായക്കാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ശുശ്രൂഷ നടത്താനും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അനുവദിക്കില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിലപാട് കാരണം 10 ദിവസത്തോളം മൃതദേഹം സംസ്‌കരിക്കാതെ വയ്‌ക്കേണ്ട അവസ്ഥയുണ്ടായതായി സി.ഇ ചാക്കുണ്ണി പറഞ്ഞു. ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മരിച്ച ചേലക്കര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സഭാംഗമായ കിള്ളിമംഗലം പുത്തന്‍പറമ്പില്‍ ലീലാ കോശിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അനുവദിച്ചില്ലെന്ന് യാക്കോബായ വിഭാഗം ആരോപിക്കുന്നു. ചേലക്കര വില്ലേജ് ഓഫിസര്‍ക്ക് ബന്ധുക്കള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അംഗത്വമുണ്ടെങ്കില്‍ മാത്രമേ സംസ്‌കരിക്കാന്‍ കഴിയുകയുള്ളൂ എന്ന് മറുവിഭാഗം നിര്‍ബന്ധം പിടിച്ചതോടെ ഒന്‍പത് കിലോമീറ്റര്‍ അകലെ പഴയന്നൂര്‍ സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്.
സമീപകാലത്ത് കോഴിക്കോട്ട് മരിച്ച യാക്കോബായ വിശ്വാസിയുടെ മൃതദേഹം ചേലക്കര സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയപ്പോള്‍ സംസ്‌കാര കര്‍മങ്ങള്‍ നടത്താന്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് സെമിത്തേരിയില്‍ നടത്തേണ്ട ചടങ്ങുകള്‍ റോഡില്‍ വച്ചാണ് നടത്തിയത്. ഈ മാസം എട്ടിന് മരിച്ച യാക്കോബായ വിശ്വാസി മേപ്പാടം അരിമ്പൂര്‍ ജോബിന്റെ മൃതദേഹം സെമിത്തേരിയില്‍ അടക്കാന്‍ അനുവദിക്കാത്തതിനാല്‍ രണ്ടുദിവസം കഴിഞ്ഞ് 40 കിലോമീറ്റര്‍ അകലെ കുന്നംകുളം ആര്‍ത്താറ്റ് യാക്കോബായ സിംഹാസന പള്ളിയിലാണ് സംസ്‌കരിച്ചതെന്നും ചാക്കുണ്ണി പറഞ്ഞു.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പാലക്കാട് ജില്ലാ കലക്ടര്‍ക്കും പൊലിസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."