വാദ്യകലാരംഗത്ത് ഏഴ് പതിറ്റാണ്ട്; കണ്ണത്ത് ഗോപിനായരെ ജന്മനാട് ആദരിക്കുന്നു
പെരിന്തല്‍മണ്ണ: വാദ്യകലാരംഗത്ത് ഏഴ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ആനമങ്ങാട്ടെ കണ്ണത്ത് ഗോപിനായരെ ജന്മനാട് ആദരിക്കുന്നു. വള്ളുവനാട്ടിലെ പ്രസിദ്ധ കലാതറവാടായ ആനമങ്ങാട് കണ്ണത്ത് വീട്ടില്‍ നാരായണി അമ്മയുടെയും ഗണപതി നായരുടെയും മകനായി 1941ല്‍ ആണ് ഇദ്ദേഹത്തിന്റെ ജനനം.
എട്ടാം വയസില്‍ ഗുരുക്കന്മാരായ കണ്ണത്ത് നാരായണന്‍ നായര്‍, കുമാരന്‍ നായര്‍, ചാഴിയാട്ട് രാമന്‍ നായര്‍ എന്നിവരില്‍നിന്ന് താളത്തിലും, തവില്‍വാദനത്തിലും വൈദഗ്ധ്യം നേടി. മധ്യകേരളത്തിലെ പ്രഗത്ഭരായ എല്ലാ വാദ്യ പ്രമാണികള്‍ക്കുമൊപ്പം അനസരണ വാദ്യോപകരണം കൂടിയായ താളം പിടിക്കാന്‍ ഇദ്ദേഹത്തിനായി.
വാദ്യകലാകാരന്‍ എന്നതിലുപരി ക്ഷേത്ര അടിയന്തര, അനുഷ്ഠാന കര്‍മങ്ങളിലെല്ലാം ഏഴു പതിറ്റാണ്ടായി ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ആനമങ്ങാട് കുന്നിന്മേല്‍ ക്ഷേത്രക്കമ്മിറ്റിയുടെ അമരക്കാരനായും മൂന്നു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയാണ് ആദരമൊരുക്കുന്നത്. 19ന് വൈകിട്ട് ഏഴിന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അനുമോദന സംഗമം ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റി ഇ.രാമനച്ഛന്‍ അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിക്കും. അലനല്ലൂര്‍ പള്ളത്ത് വീട്ടില്‍ പാര്‍വതി അമ്മയാണ് ഗോപിനായരുടെ ഭാര്യ. മക്കള്‍ ജയപ്രകാശ് (തിമില), മുരളീധരന്‍ (അര്‍ച്ചന പ്രിന്റേഴ്‌സ് ആനമങ്ങാട്), പ്രദീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."