ആശ്രിത ലെവിയില്‍ മാറ്റമില്ലെന്ന് സഊദി ധനമന്ത്രി; അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരും
റിയാദ്: രാജ്യത്ത് കുടുംബ സമേതം താമസിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി നേരത്തെ പ്രഖ്യാപിച്ച ആശ്രിത ലെവിയില്‍ യാതൊരു മാറ്റവുമില്ലെന്നും പ്രഖ്യാപിച്ചത് പോലെ അടുത്ത മാസം മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്നും ധനമന്ത്രി ഡോ. മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, തീരുമാനത്തില്‍ നിന്നും മന്ത്രാലയം പിന്നോട്ട് പോകുമെന്ന പ്രവാസി കുടുംബങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി.
സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറക്കുകയും റദ്ദാക്കുകയും ചെയ്ത മുഴുവന്‍ അലവന്‍സുകളും മുന്‍കാല പ്രാബല്യത്തോടെ പുനഃസ്ഥാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ആശ്രിത ലെവിയും വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഉയര്‍ത്തുന്നതും ഗവണ്‍മെന്റ് ഉപേക്ഷിക്കുന്നതിന് സാധ്യതയുണ്ടെന്ന പ്രതീക്ഷ ചിലര്‍ വച്ചുപുലര്‍ത്തിയിരുന്നു. ധനമന്ത്രിയുടെ പുതിയ പ്രസ്താവന ഈ പ്രതീക്ഷ അസ്ഥാനത്താക്കി.
കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടുന്ന ദിശയിലുള്ള പ്രധാന ചുവടുവെപ്പാണ് വിദേശികള്‍ക്കുള്ള ലെവി. 2020 ഓടെ വരവും ചെലവും സന്തുലിതമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത മാസാദ്യം മുതല്‍ ആശ്രിത വിസയിലുള്ളവര്‍ക്ക് 100 റിയാല്‍ വീതമാണ് പ്രതിമാസം ലെവിയായി അടയ്‌ക്കേണ്ടത്. 2018 ജൂലൈ മുതല്‍ ഇത് 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കും. ഇതോടെ, രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍ ലെവിയാകും. വര്‍ഷത്തില്‍ ഇത് 3600 റിയാലാണ്. ഓരോ വര്‍ഷവും 100 റിയാല്‍ വീതം വര്‍ധിച്ച് 2020 ആകുമ്പോള്‍ പ്രതിവര്‍ഷം 14,400 റിയാലാകും.
ആശ്രിത ലെവി നടപ്പാകുന്നത് കുടുംബ സമേതം സഊദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെറിയ വരുമാനമുള്ള കുടുംബത്തിന് ഇത് താങ്ങാനാകില്ല.
മാത്രമല്ല, ഇതോടൊപ്പം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് കമ്പനികള്‍ നല്‍കേണ്ട ലെവിയും മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. 2018 ജനുവരി ഒന്നു മുതല്‍ സഊദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 400 റിയാലും 2019 ജനുവരി ഒന്നു മുതല്‍ 600 റിയാലും 2020 ജനുവരി ഒന്നു മുതല്‍ 800 റിയാലും ലെവി അടയ്‌ക്കേണ്ടിവരും. സഊദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് ഇതില്‍ നിന്നും നൂറു റിയാല്‍ വീതം ഇളവുകള്‍ ഉണ്ടാകും.
വിദേശ തൊഴിലാളികളെ കുറക്കാന്‍ ഇത് കമ്പനികള്‍ക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടാക്കുകയും ഇതുമൂലം വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സ്വദേശി വത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുമാണ് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും ഉയര്‍ത്തുന്നുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."