'അച്ഛന്‍ മരിച്ചതല്ല, ഞാന്‍ കൊന്നതാണ് '
വായിച്ച നിമിഷം മുതല്‍ മനസ്സില്‍ വല്ലാത്ത നീറ്റലായി നില്‍ക്കുകയാണ് ആ വാക്കുകള്‍.
അതൊരു കുറ്റസമ്മതമാണ്, 23 വയസ്സുമാത്രം പ്രായമുള്ള പ്രതിയുടെ കുറ്റസമ്മതം.
അവന്‍ പറഞ്ഞതിങ്ങനെയാണ്, ''എന്റെ അച്ഛന്‍ അപകടത്തില്‍ പരുക്കേറ്റു മരിച്ചതല്ല, അച്ഛനെ ഞാന്‍ കൊന്നതാണ്.''
തെറ്റു ചെയ്യുന്നവരെല്ലാം അതു ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. പലപ്പോഴും അറിയാതെ, പെട്ടെന്നുണ്ടാകുന്ന വികാരവിക്ഷോഭത്താല്‍ ചെയ്തുപോകുന്നതായിരിക്കാം. അല്ലെങ്കില്‍, അക്രമാസക്തമായ മാനസികരോഗം മൂലം ചെയ്തുപോകുന്നതായിരിക്കാം.
ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണനോട് അര്‍ജ്ജുനന്‍ അത്തരത്തിലൊരു ചോദ്യം ചോദിക്കുന്നുണ്ട്, 'അല്ലയോ കൃഷ്ണ.., എന്തുകൊണ്ടാണ്, ആളുകള്‍ ആഗ്രഹമോ തീരുമാനമോ ഇല്ലാതിരുന്നിട്ടും തെറ്റുചെയ്യുന്നത്.'
അതൊരു യാഥാര്‍ത്ഥ്യമാണ്. എല്ലാ തെറ്റും ബോധപൂര്‍വം ചെയ്യുന്നതല്ല, അജ്ഞാതമായ കാരണങ്ങളുടെ പൊടുന്നനെയുള്ള പ്രേരണയുണ്ടാകാം. പക്ഷേ, അങ്ങനെ കൈത്തെറ്റു ചെയ്തുപോകുന്നവര്‍ക്കു വീണ്ടുവിചാരമുണ്ടാകുന്ന നിമിഷത്തില്‍ കടുത്ത കുറ്റബോധമുണ്ടാകും. അവര്‍ തെറ്റു തുറന്നുപറയും, ശിക്ഷയേല്‍ക്കാന്‍ തയ്യാറാകും. ചിലപ്പോള്‍, അത്തരം വ്യക്തികള്‍ പശ്ചാത്താപം സഹിക്കാതെ ആത്മഹത്യയിലൂടെ സ്വയം ശിക്ഷിക്കും.
എന്നാല്‍, ചാലക്കുടിയില്‍ കൊല്ലപ്പെട്ട കൊന്നക്കുഴി ബാബുവിന്റെ മകന്‍ ബാലു, 'അച്ഛന്‍ മരിച്ചതല്ല, ഞാന്‍ കൊന്നതാണെ'ന്നു കുറ്റബോധത്തോടെ ഏറ്റുപറഞ്ഞതല്ല. പിതൃഹത്യ നടത്തിയിട്ടും കുറ്റബോധമില്ലാതെ അവന്‍ പലപല കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു കഴിയുകയായിരുന്നു. ബൈക്ക് മോഷണക്കേസില്‍ പിടിയിലായി ചോദ്യം ചെയ്യലിനു വിധേയനാക്കപ്പെട്ടപ്പോള്‍ മാത്രമാണ് ആ കുറ്റസമ്മതം പുറത്തുവന്നത്. അപ്പോഴേയ്ക്കും വര്‍ഷമൊന്നു കഴിഞ്ഞു.
ഇവിടെ.., മനസ്സിനെ മുറിവേല്‍പ്പിക്കുന്ന കാര്യം അതുതന്നെയാണ്. അര്‍ജ്ജുനന്‍ അത്ഭുതത്തോടെ ചോദിച്ചപോലെ, തന്റെ ഉളിയേറ്റു മകന്‍ മരിച്ച ദുഃഖം സഹിക്കാതെ പെരുന്തച്ഛന്‍ പില്‍ക്കാലത്തു വിലപിച്ചപോലെ 'അറിയാതെ'യല്ല ഈ കുറ്റകൃത്യങ്ങള്‍, ബോധപൂര്‍വം തന്നെയാണ്. ഉറ്റവരെ കൊന്നാലും ഒരു തരത്തിലുള്ള മാനസികപിരിമുറുക്കവും അനുഭവപ്പെടാതെ ജീവിക്കാന്‍ കുറ്റവാളികള്‍ക്കു കഴിയുന്നു. പലപ്പോഴും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആദ്യത്തെ തെറ്റു പ്രേരണയുമാകുന്നു.
കൂടത്തായിയിലെ ജോളി നടത്തിയ നരഹത്യകള്‍ അതാണല്ലോ തെളിയിക്കുന്നത്. പരസഹായമില്ലാതെ, അതിസമര്‍ത്ഥമായി സ്വന്തം ഭര്‍ത്താവുള്‍പ്പെടെ ഉറ്റവരായ ആറു പേരെ കൊല്ലാനും തെളിവുകള്‍ നശിപ്പിക്കാനും കഴിഞ്ഞ മറ്റൊരു കുറ്റവാളി ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല.
പതിനാലു വര്‍ഷത്തിനിടയില്‍ ആറുകൊലപാതകങ്ങള്‍, എല്ലാം ഒരേ രീതിയില്‍. എന്നിട്ടും, ഒട്ടുമിക്കവര്‍ക്കും സംശയം തോന്നിയില്ല, തുടക്കത്തില്‍ സംശയം പ്രകടിപ്പിച്ചയാളെപ്പോലും കൊന്നു. ചാലക്കുടിയിലെ ബാലു പിതൃഹത്യ സമ്മതിച്ചതു ഒരു വര്‍ഷം കഴിഞ്ഞ് ഒരു വാഹനമോഷണക്കേസില്‍ പിടിയിലായപ്പോഴാണെന്നതുപോലെ, സ്വത്തു തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നില്ലെങ്കില്‍ ജോളി ഇന്നും സമൂഹത്തില്‍ മാന്യയായി വിലസുമായിരുന്നു, ഒരു കുറ്റബോധവുമില്ലാതെ.
ബാലു നടത്തിയ പിതൃഹത്യയും ജോളി നടത്തിയ ഭര്‍തൃഹത്യയുമുള്‍പ്പെടെയുള്ള മിക്ക ബന്ധുക്കൊലകളും വെളിപ്പെടുത്തുന്ന മറ്റൊരു നടുക്കുന്ന സത്യമുണ്ട്. ഇത്തരം ക്രൂരതകള്‍ അറിഞ്ഞിട്ടും പുറംലോകത്തെ അറിയിക്കാതെ മൂടിവയ്ക്കാന്‍ പിന്തുണ നല്‍കുന്ന ഉറ്റവരുടെ സഹായം.
ചാലക്കുടിയിലെ ബാബുവിനെ മകന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചപ്പോള്‍ മരത്തില്‍ നിന്നു വീണതാണെന്നാണു പുറത്തുപറഞ്ഞത്. സ്വന്തം അമ്മയാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നാണു ബാലു പൊലിസിനെ അറിയിച്ചത്.
കൂടത്തായിയിലെ ജോളിയുടെ മൊഴികളിലെ ശരി തെറ്റുകള്‍ പൊലിസ് കണ്ടെത്തേണ്ടതാണെങ്കിലും അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ വിശകലനവിധേയമാക്കേണ്ടതുണ്ട്. ഭര്‍തൃമാതാവായ അന്നമ്മയുടെ കൊലയും വ്യാജസ്വത്തുണ്ടാക്കിയതും അന്നമ്മയുടെ മകനും തന്റെ ആദ്യഭര്‍ത്താവുമായ റോയിയുടെ അറിവോടെയായിരുന്നെന്നാണു ജോളി പൊലിസില്‍ പറഞ്ഞത്.
ജോളിയുടെ രണ്ടാമത്തെ ആരോപണം ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെതിരേയാണ്. ഷാജുവിന്റെ അറിവോടെയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ സിലിയെ കൊന്നതെന്നാണ് ജോളി പറയുന്നത്. ഷാജു ഇതു നിഷേധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംശയകരമായ ചോദ്യങ്ങളുയര്‍ത്തി മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു ദൃശ്യമുണ്ട്. മരിച്ച സിലിയുടെ മുഖത്ത്, അടക്കം ചെയ്യുന്നതിനു തൊട്ടുമുമ്പ് ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്ന ചിത്രമാണത്.
മരിച്ച വ്യക്തികള്‍ക്കു ക്രിസ്ത്യന്‍ ആചാരമനുസരിച്ച് ഉറ്റബന്ധുക്കള്‍ അന്ത്യചുംബനം നല്‍കാറുണ്ട്. ഉറ്റബന്ധുവല്ലെങ്കിലും ഉറ്റമിത്രമെന്ന നിലയില്‍ ജോളിയും അന്ത്യചുംബനം നല്‍കിയതില്‍ അസ്വാഭാവികതയില്ല. എന്നാല്‍, ഷാജുവും ജോളിയും ഒരുമിച്ചു മുത്തം നല്‍കിയതിന്റെ സാംഗത്യം സംശയകരമല്ലേ. അതേ ജോളിയെത്തന്നെ ഏറെക്കാലം കഴിയുംമുമ്പ് ഷാജു ഭാര്യയാക്കിയതും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമാണോ.
ഒരു കൈയറപ്പുമില്ലാതെ ഉറ്റബന്ധുക്കളെ കൊല്ലുന്ന നടപടികള്‍ നമ്മുടെ നാട്ടില്‍ ഭീകരമാം വിധം വര്‍ധിക്കുകയാണ്. ഈയടുത്ത കാലത്തു തന്നെ എത്രയെത്ര സംഭവങ്ങള്‍. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടി കൊല്ലത്ത് ഒരു മകന്‍ സ്വന്തം മാതാവിനെ കൊന്നു സുഹൃത്തിന്റെ സഹായത്തോടെ കുഴിച്ചുമൂടി. ഒരു മാസം കഴിഞ്ഞാണ് അതു പുറംലോകമറിഞ്ഞത്. അതും മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയില്‍.
കോടീശ്വരനായ തൊടുപുഴ സ്വദേശി ജോണ്‍വിത്സന്‍ എന്ന വ്യവസായിയുടെ സ്വത്തുതട്ടാന്‍ രണ്ടാംഭാര്യയും അവരുടെ ആദ്യവിവാഹത്തിലെ മകനും കൊലപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആരോപണവിധേയരായ മാതാവിന്റെയും മകന്റെയും ദുരൂഹമരണം. മാതാവിനെ ഡല്‍ഹിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലും മകനെ തീവണ്ടി തട്ടി മരിച്ചനിലയിലുമാണു കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊന്നതിലുള്ള മനോവിഷമം മൂലം ഭാര്യയും അവരുടെ മകനും ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍, അമ്മയെ കൊന്നു മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
പാവണ്ടൂര്‍ പറയരു കുന്നത്ത് ദേവകിയെന്ന വയോധികയെ മകന്‍ ചുമരില്‍ തലയിടിച്ചു കൊന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ വച്ചായിരുന്നു. വീട്ടില്‍ വച്ച് നിരന്തരമായി ആ മകനില്‍ നിന്നു ക്രൂരമായ മര്‍ദനം സഹിക്കേണ്ടി വന്നിരുന്നത്രേ ആ വൃദ്ധമാതാവിന്. കുറച്ചുനാള്‍ മുമ്പു തിരുവനന്തപുരം നഗരത്തില്‍ ഒരു സമ്പന്നകുടുംബത്തിലെ അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ ഡോക്ടറായ മാതാവിനെയും കോളജ് അധ്യാപകനായ പിതാവിനെയും സഹോദരിയെയും ഉറ്റബന്ധുവിനെയും കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയായിരുന്നു.
പക്ഷേ, ഒരു ഞെട്ടലും തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉറ്റവരെക്കൊല്ലലിനു തടയിടുന്നില്ല. ജീവന്‍ നല്‍കിയ മാതാപിതാക്കളെയും മറ്റും പണത്തിനുവേണ്ടിയും സ്വത്തിനുവേണ്ടിയും കൊല്ലാനും ആ കുറ്റകൃത്യം സമര്‍ത്ഥമായി മറച്ചുവയ്ക്കാനും കേരളീയരില്‍ മിക്കവരും പഠിച്ചുകഴിഞ്ഞിരിക്കുന്നു.
ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോഴിതാ ടെലിവിഷന്‍ ചാനലില്‍ ഒരു ബ്രെയ്ക്കിങ് ന്യൂസ് വരുന്നു, തിരുവനന്തപുരത്തെ കാലടിയില്‍ കൂടത്തായി മോഡലില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പല നാളുകള്‍ക്കിടയിലായി കൊല്ലപ്പെട്ടുവെന്നതാണു വാര്‍ത്ത..!
ദൈവമേ..., ഇനിയുമെന്തെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."