പെരുന്നാള്‍ വിപണി ഉണര്‍ന്നു: നഗരം ഗതാഗതക്കുരുക്കില്‍
ഒലവക്കോട് : റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിച്ചതോടെ നാടും നഗരവും തിരക്കിലമര്‍ന്നു തുടങ്ങി. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുള്ള റോഡുകളായ കോര്‍ട്ട് റോഡ്, ജിബി റോഡ്, ടിബി റോഡ്, സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിലും മൊത്ത വ്യാപാര സ്ഥാപനങ്ങളുള്ള ബി ഒസി റോഡിലും, മാര്‍ക്കറ്റ് റോഡിലും രാത്രി വൈകിയും വാഹനങ്ങളുടെയും പര്‍ച്ചെയ്‌സ് ചെയ്യാന്‍ എത്തുന്നവരുടെയും തിരക്കു വര്‍ദ്ധിച്ചിരിക്കുകയാണ്. പൊതുവെ ഗതാഗതക്കുരുക്ക് തീരാശാപമായ നഗരത്തില്‍ സീസണുകളില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിയമപാലകര്‍ ഏറെ പാടുപെടേണ്ടിവരും. തകര്‍ന്നടിഞ്ഞ നടപ്പാതകളും മഴപെയ്താല്‍ വെള്ളക്കെട്ടു നിറയുന്ന റോഡുകളും നോക്കുകുത്തികളായ സിഗ്നലുകളും കാലങ്ങളായി നഗരത്തിലെത്തുന്നവര്‍ക്ക് ദുരിതം വിതയ്ക്കുകയാണ്.
വന്‍കിട സ്ഥാപനങ്ങളില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങളുള്ള ജിബി റോഡ്, കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ അനധികൃത പാര്‍ക്കിംഗും വാഹനയാത്രകളെ ദുഷ്‌കരമാക്കുന്നു. റമദാനുമുമ്പേ തന്നെ ചില വന്‍കിട സ്ഥാപനങ്ങളില്‍ ഓഫറുകള്‍ നല്‍കി ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നു.
വസ്ത്രവ്യാപാരങ്ങള്‍ക്കു പുറമെ ഫാന്‍സി ഷോപ്പുകളില്‍ തിരക്കു വര്‍ദ്ദിച്ചു വരുകയാണ്. റമദാന്‍ ഓഫറുകള്‍ നല്‍കി മറ്റു സ്ഥാപനങ്ങളും നാളുകളായി രംഗത്തുണ്ട്. ഇടപാടുകാരുടെ പര്‍ച്ചെയ്‌സിനനുസരിച്ച് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമായി വ്യാപാരസ്ഥാപനങ്ങള്‍ മത്സരരംഗത്തുണ്ട്. സീസണില്‍ പതിവിലും കൂടുതലായി ആളുകള്‍ എത്തുമെന്നിരിക്കെ മിക്ക സ്ഥാപനങ്ങളിലും കൂടുതല്‍ തൊഴിലാളികളുമായി വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ സജ്ജമായിരുന്നു.
നഗരത്തില്‍ നിന്നുള്ളവര്‍ക്കു പുറമെ പരിസര പ്രദേശങ്ങളായ ചിറ്റൂര്‍, കൊല്ലങ്കോട്, മണ്ണാര്‍ക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്നും നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലേക്ക് പര്‍ച്ചെയ്‌സിനെത്തുന്നവര്‍ ധാരാളമാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ ഇപ്പോഴും മഴ പെയ്താല്‍ വെള്ളക്കെട്ടിലാണ്.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഇല്ലാത്തതാണ് പ്രധാനമായും നഗരത്തില്‍ ഗതാഗതക്കുരുക്ക് തീര്‍ക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി പേ-പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് വാഹനങ്ങളുമായെത്തുന്നവര്‍ക്ക് ആശ്രയമായിട്ടുള്ളത്.
ഇതിനുപുറമെ നഗരത്തിലെ ചില മാളുകളിലെത്തുന്നവര്‍ക്കും വാഹനത്തിന് പാര്‍ക്കിംഗ് ഫീ ഈടാക്കുന്നതായി ആക്ഷേപങ്ങളുയരുന്നുണ്ട്. നഗരത്തില്‍ അടുത്തിടെയായി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിക്ക സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാലും തിരക്കിനിടയില്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ വരുന്നവര്‍ ജാഗരൂകരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.
പെരുന്നാളിന് ഇനി നാളുകള്‍ മാത്രം ബാക്കിയിരിക്കെ വ്യാപാരസ്ഥാപനങ്ങളില്‍ തിരക്കു വര്‍ദ്ധിച്ചതോടെ രാത്രി വൈകിയാണ് മിക്ക സ്ഥാപനങ്ങളും അടക്കുന്നത്. കൂടുതല്‍ ഡിസൈനുകളും മോഡലുകളുമായി വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ നാടും നഗരവും ഇപ്പോള്‍ തന്നെ പെരുന്നാളിന്റെ ഉത്സവ ലഹരിയിലാണ്.
പുത്തനുടുപ്പും, ചെരിപ്പും ആഭരണങ്ങളുമൊക്കെ വാങ്ങി ഒരിക്കല്‍ കൂടി പെരുന്നാളിനെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."