ജില്ലയ്ക്ക് ലഭിക്കുന്ന ജലത്തിന്റെ അളവില്‍ വ്യക്തത വേണമെന്ന്
പാലക്കാട് : അന്തര്‍ സംസ്ഥാന നദീജല കരാര്‍പ്രകാരം ജില്ലയ്ക്ക് ലഭിക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. അതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തണമെന്ന കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗാധ്യക്ഷ ഉറപ്പ് നല്‍കിയത്.
പറമ്പിക്കുളം -ആളിയാര്‍ നദീജലകരാര്‍ പ്രകാരം ജില്ലയ്ക്ക് ലഭ്യമാകേണ്ടത് 7.25 ടി.എം.സി ജലമാണ്. 4.33 ടി.എം.സി മാത്രമാണ് ലഭ്യമായതെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊതുമരാമത്ത് റോഡ്, കെട്ടിടം, പാലം വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി മണ്ഡലം തിരിച്ച് എം.എല്‍.എമാരെ അറിയിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കാനുളള പ്രപ്പോസലുകള്‍ സമയബന്ധിതമായി തയ്യാറാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പകര്‍ച്ചപനി പ്രതിരോധത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം സജ്ജമാക്കണമെന്ന് യോഗം ഡി.എം.ഒയ്ക്ക് നിര്‍ദ്ദേശം നല്കി.
ജില്ലയിലെ നെല്ല്-പച്ചക്കറി കൃഷിക്ക് യോഗ്യമായ പ്രദേശങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത കെ.വി വിജയദാസ് എം.എല്‍.എ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോങ്ങാട് ഭാഗത്ത് കാട്ടാന, പുലി ആക്രമണത്തിനെതിരെയുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ടെണ്ടര്‍ നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെ.വി വിജയദാസ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കി. വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് വ്യക്തതയില്ലാതെ എം.എല്‍.എ ഫണ്ട് വിനിയോഗം നടക്കുന്നില്ലായെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത് വേദനാജനകമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. ഓരോ വകുപ്പിന്റേയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതിയ്ക്ക് മുന്‍പ് എം.എല്‍.എമാരെ പ്രവര്‍ത്തന പുരോഗതി അറിയിക്കണമെന്നും താമസം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.ഉണ്ണി എം.എല്‍.എ, സബ്കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ. ഡി.എം എസ്.വിജയന്‍ , ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."