ഗുരുപവനപുരിയില്‍ സംഗീതത്തിന്റെ പാലാഴി തീര്‍ത്ത് പഞ്ചരത്‌ന കീര്‍ത്തനാലാപനം
ഗുരുവായൂര്‍: ഗുരുപവനപുരിയില്‍ സംഗീതത്തിന്റെ പാലാഴി തീര്‍ത്ത് പഞ്ചരത്‌ന കീര്‍ത്തനാലാപനം അരങ്ങേറി. ചെമ്പൈ സംഗീതോത്സ വേദിയായ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദശമി ദിനത്തില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ കര്‍ണ്ണാടക സംഗീതജ്ഞര്‍ ഒന്നിച്ചണിനിരന്ന് അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനമാണ് ചെമ്പൈ സംഗീതോത്സവത്തില്‍ അനിര്‍വചനീയ നിമിഷങ്ങള്‍ സമ്മാനിച്ചത്.
പ്രമുഖരായ സംഗീതജ്ഞരുടെ വായ്പ്പാട്ടിന് പക്കമേളമൊരുക്കിയതും പ്രമുഖര്‍ തന്നെ. ത്യാഗരാജ സ്വാമികളുടെ ഇഷ്ടകീര്‍ത്തനങ്ങളിലെ അഞ്ച് രത്‌നങ്ങളായ നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ രാഗങ്ങളിലുള്ള 'ജഗദാന്ദകാരക', 'ദുഡുകുല', 'സാധിഞ്ചനെ', 'കനകാരുചിത', 'എന്തൊരു മഹാനുഭാവലു' എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കായ സംഗീത പ്രേമികള്‍ക്കും ഭക്തര്‍ക്കും വ്യത്യസ്താനുഭവമായി. രാവിലെ ഒമ്പതിനാരംഭിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനം ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യയിലെ സംഗീതോത്സവങ്ങളെല്ലാം തന്നെ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ അവസാനിക്കുമ്പോള്‍ ചെമ്പൈ സംഗീതോത്സവം മാത്രമാണ് അതിനു ശേഷവും തുടരുക. ഏകാദശി ദിവസമായ ഇന്നു രാത്രി ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ 'കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനമടക്കമുള്ള അഞ്ചു കീര്‍ത്തനങ്ങളുടെ സംയുക്താലാപനത്തോടെ സംഗീതോത്സവത്തിന് സമാപനമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."