ഗള്‍ഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്സവ സീസണില്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
റമദാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടിയായാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. പെരുന്നാളിന് നാട്ടില്‍ വരേണ്ട മലയാളികളായ തൊഴിലാളികളെ നിരക്കുവര്‍ധന ദുരിതത്തിലാക്കി. ഉത്സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്കു മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനക്കൂലി നിജപ്പെടുത്തണം.
ഈ മേഖലയില്‍ കൂടുതല്‍ എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തണം. ഉത്സവ, സ്‌കൂള്‍ അവധി സീസണിലെ തിരക്കു കുറയ്ക്കാന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കണം.
ഗള്‍ഫ് മേഖലയിലെ വിമാന നിരക്ക് വര്‍ധനയുടെ പ്രശ്‌നം ഏപ്രില്‍ മാസത്തില്‍ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തൊഴില്‍ സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രയാസപ്പെടുന്ന മലയാളികള്‍ക്ക് നിരക്കുവര്‍ധന വലിയ തിരിച്ചടിയാണ്.
സിവില്‍ വ്യോമയാന സെക്രട്ടറി പങ്കെടുത്ത എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കുന്നത്. തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി യോഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, നിരക്ക് കുറയ്ക്കുന്നതിനുപകരം യാത്രാനിരക്ക് അഞ്ചും ആറും ഇരട്ടി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."