എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നാവശ്യം
ഒറ്റപ്പാലം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇരട്ടിയിലധികം വിദ്യാര്‍ഥികള്‍ സ്വകാര്യമേഖലയിലെ സ്‌കൂളുകളിലായാണ് പഠിക്കുന്നത്.
ഈ വിദ്യാര്‍ഥികളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍കൂടി പരിഹാരമുണ്ടാക്കി വിദ്യാഭ്യാസ മേഖലയിലെ വികസനം പരിപൂര്‍ണമാവുന്നതിന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നിയമനം നടത്തിയ കൗണ്‍സിലര്‍മാരെ പോലെ എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കുവേണ്ടി മുഴുവന്‍സമയ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്മാതമായിട്ടുള്ളത്.
ഈ വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ ടി.പി പ്രദീപ് കുമാര്‍ കത്തുനല്‍കി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നിലവില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സര്‍ക്കാര്‍ ശമ്പളം നല്‍കി നിയമിച്ചിട്ടുണ്ട്. യു.പിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നുത്. പോക്‌സോ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന കേരളത്തില്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യം, പുകയില, കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രണയ നൈരാശ്യങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവരുന്നു. സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വലിയതോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. വിദ്യാര്‍ഥികള്‍ പൊതുസമൂഹത്തിലും നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. നിരവധി ഇന്റര്‍നെറ്റ് ഗൈമുകളില്‍ ഉള്‍പ്പെട്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനും, വഴികാട്ടിയാവാനും സര്‍ക്കാര്‍ സ്‌കൂളുകളിലെ പോലെ കൗണ്‍സിലര്‍മാരുടെ സേവനം മറ്റു മേഖലകളിലും അനിവാര്യമാണ്.
വിദ്യാര്‍ഥികളെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു നയം സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു നയം എന്ന സമീപനം എടുക്കാന്‍ പാടില്ലെന്നും കാണിച്ചാണ് ടി.പി പ്രദീപ്കുമാര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."