മന്ത്രിയും തന്ത്രിയുമല്ല; സുപ്രിംകോടതിയാണ് അന്തിമവിധി പറയേണ്ടത്: കെമാല്‍പാഷ
കൊല്ലം: സുപ്രിംകോടതി തന്നെയാണ് രാജ്യത്തെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിലും അന്തിമവിധി പറയേണ്ടത് അല്ലാതെ മന്ത്രിയും തന്ത്രിയുമല്ലെന്ന് റിട്ട.ജസ്റ്റിസ് ബി. കെമാല്‍പാഷ.
വിശ്വാസവും അതിന്റെ പ്രചാരണവും ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശമാണെങ്കില്‍ അതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഇടപെടാനും കോടതിക്ക് അധികാരമുണ്ട്. നിയമത്തിന്റെ പ്രഖ്യാപനത്തിനു സുപ്രിംകോടതിക്കും നിയമനിര്‍മാണത്തിനു പാര്‍ലമെന്റിനുമാണ് അധികാരം. കോടതിയുടെ വിധി നടപ്പാക്കാന്‍ ഭരണഘടന സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം.
മതപ്രചാരണത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം എല്ലാവര്‍ക്കും തുല്യമാണെന്ന കാര്യം തന്നെയാണു ശബരിമലവിധിയുടെ സാരം. അവിടേക്ക് ആരെയും നിര്‍ബന്ധിച്ചു കൊണ്ടു പോകാനോ അവിടെ വരുന്ന വിശ്വാസികളെ തടയാനോ സുപ്രിംകോടതി ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നും കെമാല്‍പാഷ പറഞ്ഞു.
ശബരിമല വിഷയം ഉപയോഗിച്ചു രാഷ്ട്രീയമായി വളരാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അതിന് അല്‍പായുസാണ്. ഹര്‍ത്താലും വഴിതടയലും ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. പ്രളയത്തില്‍ തകര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്ന ഓരോ ഹര്‍ത്താലുകളും സമരങ്ങളും നമ്മളെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയജലത്തിനൊപ്പം നമ്മുടെ മനസിലുണ്ടായിരുന്ന നന്മകളും ഒലിച്ചുപോയെന്നു വേണം കരുതാന്‍.
ശ്രീനാരായണ ഗുരുവിനെ പോലൊരു നേതാവോ കുമാരനാശാനെ പോലൊരു സാഹിത്യ നായകനോ ഇന്ന് ഇല്ലാത്തതാണു നമ്മള്‍ നേരിടുന്ന പ്രതിസന്ധിയെന്നും കെമാല്‍പാഷ അഭിപ്രായപ്പെട്ടു. കൊല്ലത്ത് പുനലൂര്‍ ബാലന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പുനലൂര്‍ ബാലന്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."