നബി ചരിതങ്ങള്‍ക്ക് തിലകക്കുറിയായി 'സീറത്തുന്നബി'
സിദ്ദീഖ് നദ്‌വി ചേരൂര്‍#
ഒരു പണ്ഡിതന്‍ ഒരു കൃതി എഴുതിത്തുടങ്ങുക, തന്റെ ശിഷ്യന്‍ ഗുരു വെട്ടിത്തെളിയിച്ച പാതയിലൂടെ പ്രസ്തുത കൃതിയെ ഏതാണ്ട് ലക്ഷ്യത്തോടടുപ്പിക്കുക, തുടര്‍ന്നു അദ്ദേഹത്തിന്റെ ശിഷ്യരിലൊരാള്‍ അതിനെ സംപൂര്‍ത്തീകരിക്കുക. ഇത്തരമൊരപൂര്‍വത കൂടി അവകാശപ്പെടാനുണ്ട് മുസ്‌ലിം ലോകത്ത് വിഖ്യാതമായ 'സീറത്തു നബി' എന്ന ഉര്‍ദു കൃതിക്ക്. എട്ട് വാള്യങ്ങളുള്ള ഈ ബൃഹദ് കൃതി മുസ്‌ലിം ലോകത്തെ പ്രശസ്തരായ മൂന്ന് പണ്ഡിത പ്രമുഖരുടെ കൈകളിലൂടെയാണ് പൂര്‍ണ രൂപം പ്രാപിക്കുന്നത്.
അവിഭക്ത ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത പ്രശസ്ത പണ്ഡിതനും ചരിത്രകാരനും കവിയും ചിന്തകനുമായിരുന്ന അല്ലാമാ ശിബ്‌ലി നുഅമാനിയാണ് (1857-1914) ഇതിനു തുടക്കം കുറിച്ചതും ആദ്യത്തെ രണ്ട് വാള്യങ്ങള്‍ തയ്യാറാക്കി, തുടര്‍ന്നുള്ള വാള്യങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതും. എന്നാല്‍ അവ പരിശോധിച്ചു കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കാന്‍ യോഗമുണ്ടായത് തന്റെ വിശ്വസ്ത ശിഷ്യനും ഇന്ത്യ കണ്ട മറ്റൊരു പണ്ഡിത പ്രതിഭയുമായിരുന്ന സയ്യിദ് സുലൈമാന്‍ നദ്‌വി ( 1884-1953) ക്കായിരുന്നു.
അദ്ദേഹം ശിബ്‌ലിയുടെ കൈകളാല്‍ വിരചിതമായ രണ്ടാം വാള്യം വേണ്ട കുറിപ്പുകളും അനുബന്ധങ്ങളും നല്‍കി വിപുലീകരിക്കുകയും ഏഴ് വാള്യങ്ങളിലായി ഈ കൃതി പുറത്തിറക്കുകയും ചെയ്തു. തന്റെ ശിഷ്യനും മറ്റൊരു വിശ്വപണ്ഡിതനുമായിരുന്ന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി (1913-1999) വേണ്ട പരിഷ്‌കരണങ്ങളും വിപുലീകരണങ്ങളുമായി എട്ടാം വാള്യവും ഇറക്കി.
ഈ മൂന്ന് ഗുരു ശിഷ്യരെ ഏകോപിപ്പിക്കുന്ന ഒന്നു പ്രധാന ഘടകം, ഇവര്‍ പ്രവാചകരോടും സീറയോടും മനസില്‍ സൂക്ഷിച്ചിരുന്ന അദമ്യമായ ആവേശവും ആഭിമുഖ്യവുമായിരുന്നു. ശിബ്‌ലി, തത്വജ്ഞാനങ്ങളുടേയും വചന ശാസ്ത്രത്തിന്റേയും അപാരതകള്‍ മുങ്ങിത്തപ്പിയ പണ്ഡിതനായിരുന്നെങ്കിലും പ്രവാചക സ്‌നേഹത്തിനോ നബി ചരിതത്തോടുള്ള മതിപ്പിനോ ഒരു പോറല്‍ പോലും ഏറ്റില്ല. മരണാസന്ന സമയത്ത്, തന്നെ ഏറെ അലട്ടിയ പ്രശ്‌നം താന്‍ ജീവിതകാലത്ത് രചനാ ദൗത്യമായി ഏറ്റെടുത്ത സീറത്തുന്നബി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന ദു ഃഖമായിരുന്നു.
കണ്ണടയ്ക്കുന്നതിന് തൊട്ടുമുന്‍പ് വരെ സീറത്തു നബിയായിരുന്നു മനസ് നിറയേ. അത് പോലെ സുലൈമാന്‍ നദ്‌വിയും ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നെങ്കിലും സീറത്തുന്നബിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക താല്‍പ്പര്യവും പ്രതിബദ്ധതയും. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മദിരാശി പ്രഭാഷണങ്ങളുടെ സമാഹാരമായ 'റഹ്മതെ ആലം' സീറാ ഗ്രന്ഥങ്ങളുടെ സത്തയായി രൂപപ്പെട്ടു.
അബുല്‍ ഹസന്‍ അലി നദ്‌വിയും പ്രവാചക ചരിത്രത്തെ ഏറെ ഭക്ത്യാദരവോടെയാണ് സമീപിച്ചത്. തന്റെ മിക്ക കൃതികളിലും അതിന്റെ ഓളങ്ങള്‍ കാണാം. സീറയില്‍ തന്നെ അദ്ദേഹം ഗ്രന്ഥം രചിച്ചിട്ടുണ്ട്.
1819 നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിനേയും മുസ്‌ലിം ചരിത്രപുരുഷന്‍മാരേയും സംബന്ധിച്ച ധാരാളം കൃതികള്‍ ഓറിയന്റലിസ്റ്റുകളുടേതായി ഇംഗ്ലീഷിലും മറ്റു യൂറോപ്യന്‍ ഭാഷകളിലും വെളിച്ചം കണ്ടു തുടങ്ങിയിരുന്നു. ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും സ്വന്തം മതത്തെയും പ്രവാചകനെയും മനസിലാക്കാന്‍ യൂറോപ്യന്‍ എഴുത്തുകാരുടെ കൃതികള്‍ അവലംബിക്കേണ്ട അവസ്ഥയായിരുന്നു. അവയില്‍ പലതും അറിഞ്ഞോ അറിയാതെയോ അസത്യങ്ങളും അര്‍ധസത്യങ്ങളും എഴുതിപ്പിടിപ്പിച്ചവയും.
മനഃപൂര്‍വം ഇസ്‌ലാമിനേയും അതിന്റെ പ്രവാചകനേയും വികലമാക്കി ചിത്രീകരിക്കുന്ന ഓറിയന്റലിസ്റ്റു കൃതികളും വ്യാപകമായി പ്രചരിച്ചു. ഇവയിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുകയും സത്യാവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുകയെന്ന മുസ്‌ലിം പണ്ഡിതരുടെ ബാധ്യത കനപ്പെട്ടു വരികയായിരുന്നു.
1905 ല്‍ 'മാര്‍ ഗോളിയത് ' 'ദി ലൈഫ് ഓഫ് മുഹമ്മദ്' എന്ന കൃതി രചിച്ചു. ഇത് വായിച്ച മുസ്‌ലിം അഭ്യസ്ത വിദ്യര്‍, ഇത്തരമൊരു നിശിത പഠനം മുസ്‌ലിം പക്ഷത്തുനിന്നുണ്ടാകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു.
മൗലാനാ മുഹമ്മദലിയെ പോലുള്ള യൂറോപ്യന്‍ വിദ്യാഭ്യാസം നേടുകയും ഒപ്പം മുസ്‌ലിം വികാരം ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്ന നേതാക്കള്‍ ശിബ്‌ലിയുടെ മുന്നില്‍ ഈ ആവശ്യം സമര്‍പ്പിച്ചു. ഇതിനു മുന്‍പ് തന്നെ വ്യത്യസ്തമായ രീതിയില്‍ സീറത്തുന്നബി രചിക്കണമെന്ന ചിന്ത അദ്ദേഹത്തില്‍ കുടികൊണ്ടിരുന്നു.
പ്രവാചക ജീവിതവും സന്ദേശവും സംഭാവനകളും അധ്യാപനങ്ങളും പുതിയ ലോകത്ത് അറബിക് സ്രോതസുകളുടേയും പുതിയ യൂറോപ്യന്‍ ചിന്തകളുടേയും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടേയും വെളിച്ചത്തില്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു കൊണ്ട്, പുതിയ കാലത്തിന് കൂടി സ്വീകാര്യമായ വിധത്തില്‍ അവതരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുണ്ടായിരുന്നത്. അതിന് പ്രവാചക ജീവിതം മുന്‍നിര്‍ത്തി ഇസ്‌ലാമിക കര്‍മങ്ങളും ധര്‍മങ്ങളും വിശ്വാസങ്ങളും സംസ്‌കാരവും പഠനവിധേയമാക്കി സീറത്തുന്നബി രചിക്കണമെന്ന് ശിബ്‌ലി കണക്ക് കൂട്ടി.
1912 ലാണ് ശിബ്‌ലി തന്റെ പദ്ധതി പരസ്യപ്പെടുത്തുന്നതും സമൂഹത്തിന്റെ പിന്തുണയും സഹായവും അതിനായി അഭ്യര്‍ഥിക്കുന്നതും. 1914 ല്‍ ശിബ്‌ലി ഇഹലോകവാസം വെടിയുമ്പോള്‍, ഇതിന്റെ ഒന്നാം ഭാഗം പൂര്‍ണമായി തയ്യാറാവുകയും രണ്ടാം ഭാഗം ഏറെക്കുറേ രൂപപ്പെടുകയും ചെയ്തിരുന്നു.
മറ്റു ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ക്രമീകരിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ആവശ്യമായ റഫറന്‍സുകള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ശിബ്‌ലിയുടെ കാലശേഷം അവ പൂര്‍ത്തിയാക്കി ജനങ്ങളുടെ കൈകളിലെത്തിക്കേണ്ട ചുമതല തന്റെ വിശ്വസ്ത ശിഷ്യന്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ചുമലിലാണര്‍പ്പിതമായത്. സീറയുടെ രചനാ പദ്ധതി രൂപപ്പെട്ടപ്പോള്‍ തന്നെ ശിബ്‌ലിക്ക് തുണയും സഹായിയുമായി നദ്‌വി കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ തന്റെ അന്ത്യാഭിലാഷം പോലെ സുലൈമാന്‍ നദ്‌വി ആ ദൗത്യം പൂര്‍ത്തിയാക്കി.
ശിബ്‌ലിയുടെ ജീവിതകാലത്ത് തന്നെ ഇത് പ്രസിദ്ധീകരിക്കാന്‍ വേണ്ട സാമ്പത്തിക സഹായം അന്നത്തെ ഭോപ്പാല്‍ രാജ്ഞി സുല്‍ത്താന ജഹാന്‍ ബീഗം വാഗ്ദാനം ചെയ്തിരുന്നു. 1918ല്‍ സീറയുടെ ഒന്നാം വാള്യം പുറത്തിറക്കിയപ്പോള്‍ നദ്‌വി ആദ്യം ചെയ്തത് അതിന്റെ ഒരു കോപ്പി ഭോപ്പാലില്‍ ചെന്നു രാജ്ഞിക്ക് സമര്‍പ്പിക്കുകയായിരുന്നു. സീറയില്‍ ഇത്തരമൊരു കൃതി വെളിച്ചം കണ്ടതില്‍ അവര്‍ ഏറെ സന്തുഷ്ടി രേഖപ്പെടുത്തി.
തുടര്‍ന്നു 1920ല്‍ രണ്ടാം വാള്യവും 1924ല്‍ മൂന്നാം വാള്യവും 1932ല്‍ നാലാം വാള്യവും 1935ല്‍ അഞ്ചാം വാള്യവും പുറത്തിറങ്ങി. 1938ലാണ് ആറാം വാള്യം വെളിച്ചം കണ്ടത്. മൊത്തം ഏഴ് വാള്യങ്ങളാണ് ഇരുവരും കൂടി തയ്യാറാക്കിയത്. പിന്നീട് തന്റെ ശിഷ്യനും പ്രശസ്ത ഗ്രന്ഥകാരനുമായിരുന്ന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി അനുബന്ധ വിഷയങ്ങളും വിപുലീകരണവുമായി എട്ടാംവാള്യം കൂടി പ്രസിദ്ധീകരിച്ചു.എന്റെ മുന്നിലുള്ള സീറത്തുന്നബി 1986ല്‍ ദാറുല്‍ മുസന്നിഫീന്‍ ശിബ്‌ലി അക്കാദമി (ആസം ഗഡ് യു.പി) പുറത്തിറക്കിയ നാലാം പതിപ്പാണ്. അതില്‍ ഒന്നാം വാള്യം 622 പേജുണ്ട്. നൂറിലധികം പേജുകളില്‍ സീറയുടെ സ്രോതസുകള്‍ സംബന്ധിച്ച മുഖവുരയാണ്.
ഹദീസ്, സീറ, ചരിത്ര കൃതികളുടെ കാല നിര്‍ണയവും മൂല്യനിര്‍ണയവും വിശ്വാസ്യതയുടെ പരിശോധനയും നടത്തുക വഴി ഇസ്‌ലാമിക വിജ്ഞാന സമ്പത്ത് തലമുറകളിലൂടെ കൈമാറി വന്നതിന്റെ ശാസ്ത്രീയവും ബുദ്ധിപരവുമായ അപഗ്രഥനം നടത്തുന്നു. ശേഷം സീറയിലും അനുബന്ധ വിഷയങ്ങളിലും യൂറോപ്യന്‍ എഴുത്തുകാര്‍ രചിച്ച കൃതികളെ നിശിതമായി വിശകലനം ചെയ്യുന്നു. തുടര്‍ന്നു അറേബ്യയുടെ ഇസ്‌ലാമിന് മുന്‍പുള്ള സ്ഥിതിഗതികള്‍ വിവരിച്ചു വംശപരമ്പര, ജനം, പ്രവാചകത്വം, ഹിജ്‌റ, ഖിബ്‌ല മാറ്റം, തുടങ്ങി ഹിജ്‌റ ഒന്‍പത് വരെയുള്ള സംഭവ വികാസങ്ങള്‍ പഠനവിധേയമാക്കുന്നു.
440 പേജുകളിലായി രണ്ടാം വാള്യത്തില്‍ ഇസ ലാമിലെ സമാധാന ജീവിതം, വഫാത് വരെയുള്ള തിരുനബിയുടെ ജീവിതം, പ്രവാചകന്റെ വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശിബ്‌ലി രചിച്ചു സുലൈമാന്‍ നദ്‌വി വിപുലീകരിച്ച ഭാഗമാണിത്. 868 പേജില്‍ വ്യാപിച്ചു കിടക്കുന്ന മൂന്നാം വാള്യം മുഅജിസത് (അമാനുഷിക സംഭവങ്ങള്‍) സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ്.
മുഅജിസതുകളെ ബുദ്ധിപരമായും ദാര്‍ശനികമായും സ്ഥിരീകരിക്കുകയും പ്രവാചക ജീവിതത്തില്‍ നടന്ന അമാനുഷിക സംഭവങ്ങളുടെ സാധ്യതകളും സാധുതകളും വസ്തുതാപരമായി വിശകലനം നടത്തുകയും ചെയ്യുന്നു.
നാലാം വാള്യം 888 പേജുകളുണ്ട്. പ്രവാചകത്വത്തിന്റെ സ്ഥാനവും പ്രസക്തിയുമാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. ആഗമന കാലത്തെ അറേബ്യയുടെയും ലോകത്തിന്റെയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇസ്‌ലാമിന്റെ വിശ്വാസപരമായ കാര്യങ്ങളെ വിശദമായി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ 376 പേജുള്ള അഞ്ചാം വാള്യം ഇസ് ലാമിലെ കര്‍മപരമായ വിഷയങ്ങളെയാണ് പ്രവാചക ജീവിതത്തിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നത്. സദാചാരപരമായ ഇസ്‌ലാമികാധ്യാപനങ്ങള്‍ വിശകലനം ചെയ്യുന്ന ആറാം വാള്യം 872 പേജുണ്ട്. അതേ സമയം 214 പേജുകളുള്ള ഏഴാം ഭാഗം ഇടപാടുകള്‍, നിയമ നിര്‍മാണം, ഇസ്‌ലാമും ജനാധിപത്യവും തമ്മില്‍ താരതമ്യം, ഭരണവ്യവസ്ഥ, ഭരണകൂടവും മതവും തുടങ്ങിയ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നു.
ഈ ബൃഹദ് ഗ്രന്ഥത്തിന്റെ മൊത്തം സവിശേഷതയായി എടുത്തു പറയാവുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് വിഷയത്തിന്റെ സമഗ്രതയാണ്. പ്രവാചക ജീവിതവും അധ്യാപനങ്ങളും മുന്നില്‍ വച്ചു ഇസ്‌ലാമിനെ സമഗ്രമായി വിലയിരുത്തുകയാണിതില്‍.
രണ്ട്: സമീപനത്തിലെ വ്യതിരിക്തതയാണ്. ഒരു വശത്ത് അറബി റഫറന്‍സുകള്‍ മാത്രം അവലംബിച്ചു മുസ്‌ലിം പണ്ഡിതര്‍ രചിച്ച കൃതികള്‍ ധാരാളമായി നമുക്കുണ്ടെങ്കിലും ഒപ്പം അന്യ ഭാഷകളിലും അമുസ്‌ലിം പ്രമുഖരുടെ കൈകളാലും വിരചിതമായ കൃതികളും വിമര്‍ശന പരമായ വിലയിരുത്തലുകളും ആരോപണങ്ങളും പരിശോധിച്ചു, മുസ്‌ലിം പക്ഷത്തുനിന്നു വസ്തുതാപരമായി വിഷയം ചര്‍ച്ച ചെയ്യുന്ന രീതി അന്നു പരിചിതമായിരുന്നില്ല. ഈ രംഗത്ത് ചുരുങ്ങിയത് ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയവും നിസ്തുലവു മായ സേവനങ്ങള്‍ കാഴ്ചവച്ചത് അല്ലാമാ ശിബ്‌ലിയും ശിഷ്യന്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുമാണെന്ന് നിസ്സംശയം പറയാം. ഇവരാണ് സന്തുലിതവും സമന്വിതവുമായ പഠന രീതി ചരിത്രത്തില്‍ വെട്ടിത്തെളിയിച്ചത്.
നിരവധി ഗ്രന്ഥങ്ങള്‍ ഇവര്‍ ഇവ്വിഷയകമായി രചിച്ചിട്ടുണ്ടെങ്കിലും സീറത്തുന്നബി അവയുടെയെല്ലാം നിദര്‍ശനമായി നിലകൊള്ളുന്നു. ഇത് വരെ വിരചിതമായ നബി ചരിതങ്ങള്‍ക്കെല്ലാം തിലകക്കുറിയാണീ ഗ്രന്ഥമെന്ന് വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി കാണില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."