ഇറാന്‍ സ്വദേശി ഗൊലാം റെസക്ക് പെരുത്തിഷ്ടമായത് കേരളത്തെ
ജാഫര്‍ കല്ലട#
നിലമ്പൂര്‍: സൈക്കിളില്‍ ഇന്ത്യ ചുറ്റാനിറങ്ങിയ ഇറാന്‍ സ്വദേശി ഗൊലാം റെസക്ക് ഏറ്റവും ഇഷ്ടമായത് കുന്നും പുഴകളും നിറഞ്ഞ കേരളം. ഇറാനിലെ തെഹ്‌റാന്‍ സ്വദേശിയായ ഗൊലാം റെസ സ്വന്തം സൈക്കിളുമായി ഒക്ടോബര്‍ 23നാണ് ഇന്ത്യയിലെത്തിയത്.
തന്റെ കുട്ടികളുടെ കൈയിലുണ്ടായിരുന്ന വീഡിയോയിലെ അമിതാഭ് ബച്ചനെ കണ്ടാണ് ഇന്ത്യയില്‍ യാത്ര ചെയ്യണമെന്ന മോഹമുണ്ടായതെന്ന് റെസ പറയുന്നു. അതിനായി ഇറാനില്‍ നിന്നു സൈക്കിളുമായി ഫ്‌ളൈറ്റില്‍ മുംബൈയിലെത്തുകയായിരുന്നു. പിന്നീട് മുംബൈ, പൂനെ, ഗോവ, ബംഗളൂരു, മൈസൂരു വഴിയാണ് കേരളത്തിലെത്തിയത്.
കേരളം ക്ലീന്‍ സിറ്റിയാണെന്നും ഇവിടത്തെ നദികള്‍ മനോഹരമാണെന്നുമാണ് റെസയുടെ അഭിപ്രായം. നാടുകാണി ചുരം കടന്ന് കേരളത്തിലേക്ക് വരുന്നതിനിടെ എറണാകുളത്ത് താമസിക്കുന്ന നിലമ്പൂര്‍ സ്വദേശിയും സൈക്കിള്‍ യാത്രാ പ്രേമിയുമായ ഹസനെ പരിചയപ്പെട്ടു. അങ്ങനെയാണ് നിലമ്പൂരിലെത്തിയത്. മഹാത്മാ ഗാന്ധി ഇറാന്‍കാര്‍ക്ക് സുപരിചിതനാണെന്നും അവിടെ ഒരു തെരുവിന് ഗാന്ധിജിയുടെ പേരുണ്ടെന്നും റെസ പറഞ്ഞു. ഇറാനില്‍ സര്‍ക്കാര്‍ ജീവനക്കാരനാണ് റെസ. ഭാര്യയും രണ്ട് മക്കളുണ്ട്.
വലിയ വൈജാത്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും കേരളം അതിമനോഹരമാണെന്നും റെസ പറയുന്നു. നിലമ്പൂരിലെ തേക്ക് മ്യൂസിയവും കനോലി പാര്‍ക്കും കണ്ടതിന്റെ ഓര്‍മകളുമായാണ് നാട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഭക്ഷണത്തിലെ എരിവ് റെസക്ക് സഹിക്കാനാവുന്നില്ല. ഇറാനില്‍ അരിയും ഇറച്ചിയുമാണ് പ്രധാന ഭക്ഷണമെങ്കിലും അവര്‍ എരിവ് ഉപയോഗിക്കുന്നത് കുറവാണ്.
നിലമ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം റെസ ഇന്നലെ രാവിലെ കൊച്ചിയിലേക്ക് സൈക്കിളില്‍ പുറപ്പെട്ടു. തന്റെ സൈക്കിളുമായി നെടുമ്പാശ്ശേരിയില്‍ നിന്നു വ്യാഴാഴ്ച ഷാര്‍ജ വഴി ഇറാനിലേക്കു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."