'ഞങ്ങള്‍ ഒരുങ്ങി; ഇവിടുത്തെ പെരുന്നാള്‍ അടിപൊളിയാണ് '
കോഴിക്കോട്: 'നാട്ടില്‍ റോഡരികിലെ ചെറിയ വീട്ടിലായിരുന്നു എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ പെരുന്നാള്‍. പക്ഷെ ഇന്നിവിടെ പെരുന്നാള്‍ കോടിയും ബിരിയാണിയും വൈകിട്ടത്തെ വിനോദ യാത്രയുമെല്ലാമായതോടെ പെരുന്നാള്‍ അടിപൊളിയാണ്. ഇത്തവണയും പുത്തനുടുപ്പണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് ഞങ്ങളെല്ലാം'.
കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം ഓര്‍ഫനേജില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശി മുഈനുദ്ദീന്റെ പാതി മലയാളത്തിലെ വാക്കുകളില്‍ സന്തോഷം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കപ്പുറം 2006-ലെ ഗുജറാത്ത് കലാപത്തിന്റെ മുറിവുണങ്ങും മുന്‍പേ കോഴിക്കോട്ടെത്തിയതാണ് മുഈനുദ്ദീന്‍. കലാപകാലത്ത് ഓട്ടോറിക്ഷയോടിച്ച് വീട്ടിലെ പട്ടിണി മാറ്റാന്‍ പിതാവിന് കഴിയാതെ വന്നപ്പോഴാണ് ഇങ്ങോട്ടേക്കെത്തിയത്. മുഈനുദ്ദീന്‍ പറഞ്ഞു തീര്‍ത്തു. ജെ.ഡി.ടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഈന്‍.
അവനോടൊപ്പം കലാപകാലത്തെ ചോരയുടെയും പട്ടിണിയുടെയും നിറങ്ങള്‍ മാത്രം കണ്ടു പരിചയിച്ച ഗുജറാത്തില്‍ നിന്നുള്ള സെയ്ദ്, ആലം, ഷാഹിദ് ഖാന്‍, മുഹമ്മദ് സാഹില്‍, റഫീഖ് എന്നിവര്‍ക്കും പെരുന്നാള്‍ വസ്ത്രത്തിന്റെ പുത്തന്‍ മണം നല്‍കുന്ന സുരക്ഷിതത്വം ഏറെയാണ്. ഇവരെപ്പോലെ മുംബൈ, മണിപ്പൂര്‍, കോയമ്പത്തൂര്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടിണി ഗ്രാമങ്ങളില്‍നിന്ന് പ്രത്യാശയുടെ തീരം തേടിയെത്തിയ 22 പേരാണ് ജെ.ഡി.ടിയില്‍ ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഓര്‍ഫനേജിലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ കുട്ടികള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് മടങ്ങിയപ്പോഴും ഇവര്‍ ഇവിടെ ആഘോഷം കെങ്കേമമാക്കുയാണ്. സി.ബി.എസ്.ഇ സിലബസില്‍ പഠനം തുടരുന്ന ഇവര്‍ അവധിക്കാലത്താണ് നാട്ടിലേക്ക് മടങ്ങുക. നാട്ടിലേക്ക് പോകാതെ ഇവിടെ നിന്ന് തങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഓരോരുത്തരുടെയും തീരുമാനം. കാരണം നാട്ടിലെ സാഹചര്യങ്ങളില്‍ അത് യാഥാര്‍ഥ്യമാകില്ലെന്ന് ഇവര്‍ പറയുന്നു.
കോയമ്പത്തൂരില്‍നിന്നുള്ള യൂനുസിന് ലോകമറിയുന്ന ടേബിള്‍ ടെന്നീസ് താരമാകാനാണ് ആഗ്രഹം. ബോംബെയില്‍ നിന്നെത്തിയ റംസാനും മെഹബൂബിനും സാബിറിനും ബിഹാറില്‍ നിന്നെത്തിയ അഫ്‌റൂസിനും സര്‍ഫ്രാസിനും മണിപ്പൂരില്‍ നിന്നുള്ള സക്കീര്‍ അഹമ്മദിനും അബ്ബാസിനും സല്‍മാനും ഡോക്ടറും എന്‍ജിനീയറും അധ്യാപകനുമൊക്കെയാവാനാണ് ആഗ്രഹം. ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം പങ്കുവച്ച് സ്‌നേഹം പകരുന്ന ഇവരോടൊപ്പം കെയര്‍ ടേക്കര്‍ ഉള്ള്യേരി സ്വദേശിയായ മമ്മുക്കുട്ടിയും പെരുന്നാള്‍ കോടിയണിയും.
ഇന്നു ഞാന്‍ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കും. നാളെ ഇവര്‍ക്കൊപ്പവും. കുഞ്ഞു മനസിനേറ്റ ഓരോ മുറിവുകളെയും ഉണക്കി പ്രതീക്ഷയുടെ ഒരു പെരുന്നാള്‍ ദിനം സമ്മാനിക്കാനൊരുങ്ങിയിരിക്കുകയാണ് മമ്മുക്കുട്ടിക്കയും ജെ.ഡി.ടിയിലെ സഹപ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."