ഹാസ്യം വെടിഞ്ഞ് പൊട്ടിത്തെറിച്ച സഞ്ജയന്‍
സഞ്ജയന്‍ എന്നറിയപ്പെടുന്ന തലശ്ശേരിക്കാരന്‍ എം.ആര്‍ നായര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളം കണ്ട ഏറ്റവും വലിയ ഒന്നോ രണ്ടോ ഹാസ്യസാഹിത്യകാരന്മാരിലൊരാളാണ്. ഹാസ്യത്തെക്കുറിച്ച് സഞ്ജയന് ഒരു തത്ത്വമുണ്ട്. പലവട്ടം ആവര്‍ത്തിക്കപ്പെട്ട തത്ത്വം പദ്യത്തിലാണെങ്കിലും ഇവിടെ അര്‍ഥം മാത്രം പറയാം-ചിരി പുഷ്പമാണ്, ശകാരം മുള്ളാണ്. ഇതുള്‍ക്കൊള്ളുന്ന കവിതാഭാഗം സഞ്ജയന്റെ 'സഞ്ജയന്‍ മാസിക'യുടെ എല്ലാ ലക്കത്തിലും കവര്‍ പേജില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഇത് തത്ത്വം. പക്ഷേ, മനുഷ്യനു ചിലപ്പോഴെങ്കിലും തത്ത്വം വലിച്ചെറിയേണ്ടി വന്നേക്കാം. ഒരു അനീതി കണ്ട് ഉള്ളെരിയുന്ന മനുഷ്യന്‍ ചിലപ്പോള്‍ ബോംബുപോലെ പൊട്ടിത്തെറിച്ചേക്കാം. സഞ്ജയനും പൊട്ടിത്തെറിച്ചു. അഹിംസയെന്ന ഗാന്ധിയന്‍ തത്ത്വം മുറുകെപ്പിടിക്കുന്ന 'മാതൃഭൂമി'യില്‍ തന്നെയായി സഞ്ജയന്റെ പൊട്ടിത്തെറി. ഫലമോ? ബ്രിട്ടീഷ് സര്‍ക്കാര്‍ 'മാതൃഭൂമി' നിരോധിച്ചു. ഒരാഴ്ചയേ നിരോധനം നിലനിന്നുള്ളൂവെങ്കിലും അതു ജനങ്ങളെ ഒന്നടങ്കം രോഷം കൊള്ളിച്ചു.
ഓര്‍ക്കാപ്പുറത്താണ് അതു സംഭവിച്ചത്. 1942 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെള്ളപ്പട്ടാളത്തിന്റെ ഒരു ക്യാംപ് തുടങ്ങുന്നു. രണ്ടാംലോകയുദ്ധം അവസാനിച്ചിരുന്നില്ലല്ലോ. ആസ്‌ത്രേലിയന്‍ പട്ടാളക്കാരാണ് വന്നത്. വന്നതുമുതല്‍ അവര്‍ ജനങ്ങള്‍ക്കുമേല്‍ കുതിരകയറാന്‍ തുടങ്ങിയിരുന്നു. പട്ടാളം വരുന്നതിനു മുന്‍പുതന്നെ പൗരപ്രമുഖര്‍ കൊച്ചി ദിവാനെക്കണ്ടു തങ്ങളുടെ ആശങ്കകള്‍ അറിയിച്ചിരുന്നു. ദിവാനും വെള്ളക്കാരനായിരുന്നുവല്ലോ. 'വെള്ളക്കാര്‍ മര്യാദകേടു കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റാണ് 'എന്ന ഉപദേശത്തോടെ അദ്ദേഹം പൗരമുഖ്യരെ തിരിച്ചയയ്ക്കുകയാണു ചെയ്തത്.
അധികം വൈകിയില്ല. കുടിച്ചുലക്കുകെട്ട പട്ടാളക്കാരുടെ പരാക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. പല അതിക്രമങ്ങളില്‍ ഏറ്റവും രോഷമുണര്‍ത്തിയത് സ്‌കൂളില്‍പോകുന്ന പെണ്‍കുട്ടികളെ ദ്രോഹിച്ചതായിരുന്നു. പെട്ടെന്നുതന്നെ സംഗതി വലിയ വാര്‍ത്തയായി, ചര്‍ച്ചാവിഷയമായി, പ്രതിഷേധമായി, പ്രക്ഷോഭമായി. സര്‍ക്കാര്‍ കുറേയെല്ലാം ന്യായംപറഞ്ഞു പിടിച്ചുനിന്നു. പട്ടാളക്കാരല്ലേ, യുദ്ധഭൂമിയില്‍ നിന്നു വന്നവരല്ലേ, പെണ്‍കൂട്ട് നിഷേധിക്കപ്പെട്ടവരല്ലേ, നാട്ടാചാരമറിയാത്തവരല്ലേ തുടങ്ങിയ ഒഴികഴിവുകളാണ് അവരില്‍നിന്നുണ്ടായത്.
സഞ്ജയന്‍ അക്കാലത്ത് 'മാതൃഭൂമി'യില്‍ 'വാരാന്തചിന്തകള്‍' എന്ന പംക്തിയെഴുതിപ്പോന്നിരുന്നു. തലശ്ശേരിയില്‍നിന്നു രണ്ടോ മൂന്നോ ദിവസം വന്ന് ന്യൂസ്‌ഡെസ്്കിനെ സഹായിക്കുകയും ചെയ്തിരുന്നു. സ്വന്തം പ്രസിദ്ധീകരണങ്ങള്‍-'സഞ്ജയന്‍', 'വിശ്വരൂപം'-ഇതിനിടയില്‍ നടത്തുന്നുമുണ്ട്. കൊച്ചിയിലെ സംഭവങ്ങളറിഞ്ഞപ്പോള്‍ സഞ്ജയന്റെ ചോര തിളച്ചു. ഈ സൂക്കേടിന് ഉപദേശമൊന്നും പോര, നല്ല അടിതന്നെ വേണം എന്നു സഞ്ജയനു തോന്നി. അദ്ദേഹം ഹാസ്യത്തിന്റെ പനിനീര്‍പൂ വലിച്ചെറിഞ്ഞു. ശകാരത്തിന്റെ മുള്ളു മാത്രമല്ല, വാളുതന്നെയെടുത്ത് ആഞ്ഞുവീശി.
'അവര്‍ രക്തത്തിലുള്ളതു പുറത്തേക്കു കാട്ടി; പഠിച്ചതു പാടി; പരിചയിച്ചതു ചെയ്തു; മര്യാദകെട്ട മനുഷ്യരെപ്പോലെയല്ല, മൃഗങ്ങളെപ്പോലെയുമല്ല, അതിലുമിത്തിരി മോശമായിട്ടു പ്രവര്‍ത്തിച്ചു' എന്നിങ്ങനെ പോയി സഞ്ജയന്റെ വിമര്‍ശനം. ഇവിടെയും ഹാസ്യം അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല. ഒപ്പം ബ്രാക്കറ്റില്‍ ഇങ്ങനെയും എഴുതി (ഏത് മൃഗമാണ് കൈമളേ, സ്്കൂളില്‍നിന്നു മടങ്ങുന്ന വിദ്യാര്‍ഥിനികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കാറുള്ളത്? ഏത് മൃഗമാണ് കണ്‍മുന്നിലുള്ള ഷാപ്പില്‍ക്കയറി ഷാപ്പുകാരനെ ദേഹോപദ്രവം ചെയ്കയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുള്ളത്? അതുകൊണ്ട് മേപ്പടി ഓസ്‌ത്രേല്യക്കാരുടെ ചാപല്യത്തെ മൃഗീയമെന്ന് വിളിച്ചതിന് എല്ലാ മൃഗങ്ങളോടും മാപ്പ് ചോദിച്ചുകൊള്ളട്ടെ!)
മോശമായ പെരുമാറ്റം പലവട്ടം ആവര്‍ത്തിച്ചപ്പോഴാണ് ഈ രോഷപ്രകടനം പത്രത്തിലുണ്ടായത്. കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനുമപ്പുറം ഒന്നുകൂടി എഴുത്തില്‍ എഴുന്നുനിന്നു-അക്രമത്തിനുള്ള ആഹ്വാനം എന്നു വ്യാഖ്യാനിക്കാവുന്ന ഒന്ന്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അത്. മരണമോ പരുക്കോ-സ്ത്രീയെ സംബന്ധിച്ചിടത്തോളം ബലാത്സംഗമോ-ഉണ്ടാവുന്നതില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നു വന്നാല്‍ അക്രമിയെ കൊല്ലാന്‍ കൂടി പൗരനെ നിയമം അനുവദിക്കുന്നുണ്ട് എന്നായിരുന്നു, തല്‍ക്കാലം ഇത്ര മാത്രം എന്ന് അവസാനിപ്പിച്ച കുറിപ്പില്‍ എടുത്തു പറഞ്ഞിരുന്നത്.
തുടര്‍ന്നായിരുന്നു 'മാതൃഭൂമി'ക്കു മേലുള്ള നിരോധനം. അതും വലിയ രോഷപ്രകടനത്തിനു കാരണമായി. കോഴിക്കോട് കൂടി ഉള്‍പ്പെടുന്ന മദിരാശി സര്‍ക്കാറാണു നിരോധനം ഏര്‍പ്പെടുത്തിയത്. 1942 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ മൂന്നുവരെയേ നിരോധനം നീണ്ടുനിന്നുള്ളൂ. സംസ്ഥാനത്തുടനീളം 'മാതൃഭൂമി ദിനം' ആചരിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഊക്കുകൊണ്ടല്ല, രാജ്യരക്ഷാനിയമം അനുസരിച്ചു ജാമ്യം-1,000 രൂപ-ഈടാക്കിക്കൊണ്ടാണു നിരോധനം അവസാനിപ്പിച്ചത്. തെറ്റ് ആവര്‍ത്തിച്ചാല്‍ പണം കണ്ടുകെട്ടും. 'രാജ്യരക്ഷാ നിയമത്തിന്റെ ഇരുമ്പുചട്ടക്കൂടിനകത്തു നിന്നുകൊണ്ടു സ്വതന്ത്രമായ പത്രപ്രവര്‍ത്തനം കേവലം അസാധ്യമാണെന്ന് ' 'മാതൃഭൂമി' തുറന്നുപറഞ്ഞു. പ്രതിഷേധ സൂചകമായി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ മുഖപ്രസംഗത്തിനു മുകളില്‍ കുറച്ചു സ്ഥലം ഒഴിച്ചിട്ടും മുഖപ്രസംഗങ്ങള്‍ എഴുതാതെയുമാണ് ഒരു വര്‍ഷക്കാലം പത്രം പ്രസിദ്ധപ്പെടുത്തിയത്.
കൊച്ചി സംഭവത്തിന്റെയും അതിനെതിരായ പ്രതിഷേധത്തിന്റെയും നിരോധനത്തിന്റെയും വിശദവിവരങ്ങള്‍ 'മാതൃഭൂമി' ചരിത്രത്തിന്റെ മൂന്നാം വാല്യത്തില്‍ വിസ്തരിച്ചിട്ടുണ്ട്.
വിവാദത്തെയും നിരോധനത്തെയും 'മാതൃഭൂമി' അതിജീവിച്ചെങ്കിലും സഞ്ജയന് അതിനു കഴിഞ്ഞില്ല. അന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായിരുന്നു അദ്ദേഹം. രാജ്യദ്രോഹപരമായ ലേഖനം എഴുതുന്ന ആളെന്നു മുദ്രകുത്തപ്പെട്ട അദ്ദേഹത്തെ കോളജ്് മാനേജ്‌മെന്റ് പിരിച്ചുവിട്ടു. മാപ്പെഴുതിക്കൊടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയുമില്ല. തുടര്‍ന്നു നാട്ടിലേക്കു തിരിച്ചുപോയി. പിന്നെ അധികകാലം ജീവിച്ചില്ല. ക്ഷയരോഗം പിടിപെട്ട് 1943 സെപ്റ്റംബറില്‍ അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."