നിലമ്പൂരില്‍ കനത്ത മഴ; വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു
നിലമ്പൂര്‍: കാത്തിരിപ്പിനൊടുവില്‍ നിലമ്പൂരിലും പരിസരങ്ങളിലും കനത്തമഴ. ഇന്നലെ രണ്ടരയോടെയാണ് മഴ കനത്തത്. രണ്ടര മണിക്കൂറോളം തോരാതെ ശക്തിയോടെ പെയ്തിറങ്ങിയ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. നിലമ്പൂര്‍ ടൗണിലെ പഴയ ബസ് സ്റ്റാന്റിനു സമീപം പൂട്ടിയിട്ട പെട്രോള്‍ പമ്പിന് മുകളിലുള്ള അഡ്വ.ബാലചന്ദ്രന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്.
ഭിത്തിയോട് ചേര്‍ന്ന് വീടിന്റെ മുറ്റമടക്കം താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അടിയില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു ബൈക്കുകളുടെ മുകളിലേക്കാണ് മണ്ണടിഞ്ഞത്. മോട്ടോര്‍ ബൈക്കുകള്‍ക്ക് കേടുപാടുകള്‍ പറ്റി. നിലമ്പൂരിലെ അഗ്നിരക്ഷാസേനയെത്തിയാണ് ബൈക്കുകള്‍ പുറത്തെടുത്തത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.
മിനര്‍വപടി, വെളിയംതോട് എന്നിവിടങ്ങളില്‍ റോഡ് വെള്ളത്തിലായി. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റിടങ്ങളില്‍ മഴ ലഭിച്ചിരുന്നുവെങ്കിലും മലയോരത്ത് വേനല്‍കാലത്തിന്റെ പ്രതീതിയായിരുന്നു. ഇന്നലെയാണ് മലയോര വാസികള്‍ക്ക് ആശ്വാസകരമായി കനത്തമഴ ലഭിച്ചത്. വറ്റിയിരുന്ന കിണറുകളില്‍ നേരിയ തോതില്‍ ജലവിതാനം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."