യുവമോര്‍ച്ചാ നേതാവിന്റെ നോട്ടടി: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇരങ്ങിലാക്കുട ഡി.സി.പിയുടെ ചുമതലയുള്ള ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി അമ്മിണി കുട്ടന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. കള്ളനോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ സഹായം ലഭിച്ചിരുന്നുവെന്ന് വ്യക്തമായി.
പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് കണ്ടെടുത്തതെങ്കിലും കൂടുതല്‍ തുക പ്രതികള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നാണു പൊലിസിന്റെ നിഗമനം. പല ബി.ജെ.പി പ്രവര്‍ത്തകരുടെ കൈയിലും കള്ളനോട്ട് എത്തിയതും ഇതിന് ആക്കം കൂട്ടുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ബി.ജെ.പി മണ്ഡലം ഭാരവാഹി 2000 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
ആള്‍ക്കാര്‍ കൂടിയതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. ടൗണിലെ പെട്രോള്‍ പമ്പിലും സമാനസംഭവം അരങ്ങേറി. മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു ഈ സംഭവത്തിലെ കഥാപാത്രം.
രാഗേഷും സഹോദരനും ബി.ജെ.പി നേതാക്കളുടെ സാമ്പത്തിക സ്രോതസാണെന്നാണു പുറത്തുവരുന്ന വിവരം. ബി.ജെ.പി നേതാവിന്റെ തെരഞ്ഞെടുപ്പ് കേസ് നടത്താന്‍ രാഗേഷ് സഹായിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികള്‍ നോട്ടുനിരോധന സമയത്ത് അഞ്ചുകോടിയോളം രൂപ വിവിധ ബാങ്കുകള്‍ വഴി മാറ്റിയെടുത്തെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാന ബി.ജെ.പിയിലെ ഉന്നത നേതാവിന്റെ പിന്തുണയോടെ സ്വകാര്യബാങ്കിന്റെ ആറു ശാഖകളിലൂടെയാണു പണം മാറ്റിയത്. സംസ്ഥാനത്ത് കള്ളനോട്ട് എത്തിക്കുന്നതിന്റെ പ്രധാന ഇടനിലക്കാരനും രാഗേഷും സഹോദരനുമായിരുന്നുവെന്നും പൊലിസ് പറയുന്നു.
അതേസമയം, രാഗേഷിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാജീവിനു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. രാ
ഗേഷിനെ ഇന്നലെ രാത്രി ഏഴരക്ക് കൊടുങ്ങല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രിന്റര്‍ വാങ്ങിയ തെക്കെ നടയിലെ എസ്‌കോര്‍ട്ട് എന്ന സ്ഥാപനത്തിലെത്തിച്ചും പേപ്പര്‍ വാങ്ങിയ നഗരസഭ ബസ് സ്റ്റാന്‍ഡിലെ അമല പേപ്പര്‍മാര്‍ട്ട് എന്ന സ്ഥാപനത്തിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."