ഫാസിസത്തിന്റെ കുതന്ത്രങ്ങള്‍ക്കെതിരേ ജാഗ്രതവേണം: ഡോ.ഹാഫിസുദ്ദീന്‍ അഹമദ്
കോഴിക്കോട്: ഫാസിസത്തിന്റെ പ്രത്യാക്രമണങ്ങള്‍ ഒരു സ്ഥലത്തുമാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും കേരള ജനത ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ ഏറെ മുന്നിലാണെന്നും മിയ കവി ഡോ. ഹാഫിസുദ്ദീന്‍ അഹമദ്. അതേസമയം, കേരളത്തിലെ മുസ്‌ലിംകള്‍ കരുതിയിരിക്കണമെന്നും ഇന്ന് അസമിലെ മുസ്‌ലിംകള്‍ക്കെതിരേയാണ് അവര്‍ നീങ്ങുന്നതെങ്കില്‍ നാളെ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന പാഠഭേദം സബാള്‍ട്ടേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്‌നേഹവും സൗഹാര്‍ദവും സാഹിത്യവും ഇഴചേരുന്ന മണ്ണാണ് മലയാളം. അവിടെ ഭിന്നതയുടെ വക്താക്കള്‍ക്ക് വേരുണ്ടാവാതിരിക്കാനുള്ള ജാഗ്രത എപ്പോഴുമുണ്ടാവണമെന്നും ഡോ. ഹാഫിസുദ്ദീന്‍ അഹമദ് കൂട്ടിച്ചേര്‍ത്തു.
അസമില്‍ ബംഗാളി മുസ്‌ലിംകളെന്ന് വിളിച്ച് ന്യൂനപക്ഷ വിഭാഗത്തെ ചാപ്പകുത്തി പുറത്താക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കുന്ന സാഹിത്യകാരനും കവിയുമാണ് ഡോ.ഹാഫിസുദ്ദീന്‍. അസം ജനതക്കിടയില്‍ അസമി ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്ന ചാര്‍ ചപോരി സാഹിത്യപരിഷത്ത് എന്ന സംഘടനയുടെ പ്രസിഡന്റാണ് അദ്ദേഹം.
മിയ കവിതകള്‍ എന്നപേരില്‍ കവിതയെഴുതിയതിന് അദ്ദേഹവും കാസി ഷരോവര്‍ ഹുസൈന്‍, രഹന സുല്‍ത്താന, അഷറഫുല്‍ ഹുസൈന്‍ തുടങ്ങിയവരും ഉള്‍പ്പെടെ പത്ത് കവികള്‍ക്കെതിരേ അസം പൊലിസ് കേസെടുത്തിരുന്നു. കവിത പ്രകോപനപരവും ദേശദ്രോഹപരവുമാണെന്നാണ് പരാതിയില്‍ പറഞ്ഞത്. 2016ലാണ് അയാം മിയ എന്ന പേരില്‍ അദ്ദേഹം കവിതയെഴുതിയത്. ഉര്‍ദുവില്‍നിന്ന് ഉരുത്തിരിഞ്ഞുണ്ടായ മിയ ഭാഷ അസമിലെ ബംഗാളി മുസ്‌ലിംകളുടെ ഭാഷയാണ്. മാന്യന്‍ എന്നര്‍ഥം വരുന്ന ഈ വാക്ക് അസമില്‍ അതിന് നേര്‍വിപരീതം വരുന്ന അര്‍ഥത്തിലാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഒരാളെ ആക്ഷേപിക്കാനും അവഹേളിക്കാനുമുള്ള പദമായി ചിലര്‍ അതിനെ മാറ്റി. ബംഗാളി മുസ്‌ലിം വിഭാഗത്തെ അവഹേളിക്കാനാണ് ഇതുപയോഗിച്ചത്. ഇവരെ പൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കി നാടുകടത്താനുള്ള ഗൂഢനീക്കങ്ങളാണ് ഭരണകൂടം നടത്തിയത്. ഈ വിഭാഗത്തിലെ കവികളും സാഹിത്യകാരന്‍മാരും ഇതിന് അന്ത്യംകുറിക്കാന്‍ ഇറങ്ങുകയായിരുന്നു. രാജ്യത്തെ പൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരേയുള്ള ബംഗാളി മുസ്‌ലിംകളുടെ പ്രതിരോധമാണ് മിയാ കവിതകളിലൂടെ പുറത്തുവരുന്നത്. രണ്ടു കവിതാ സമാഹാരങ്ങള്‍ ഹാഫിസുദ്ദീന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. അയാം എ മിയ എന്ന കവിതാ സമാഹാരം ഡിസംബറില്‍ പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."