അപകട ഭീഷണിയിലായ മരം മുറിച്ച് മാറ്റാന്‍ നടപടിയായില്ല
മാനന്തവാടി: നിരവധി തവണ അപേക്ഷകള്‍ നല്‍കിയിട്ടും അപകട ഭീഷണിയിലായ മരം മുറിച്ച് മാറ്റാന്‍ അനുമതി ലഭിച്ചില്ല. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുതിയൂര്‍ ബാവലി റോഡരികിലാണ് രണ്ടു വീട്ടിമരങ്ങള്‍ ഏത് നിമിഷവും നിലംപതിക്കാറായി നില്‍ക്കുന്നത്.
മരത്തിന് സമീപത്തായി വീടുകളും രണ്ടു കോളനികളും ക്ഷീരസംഘവും കടകളുമുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കാല്‍നടയായി യാത്ര ചെയ്യുന്നതും വാഹനങ്ങള്‍ കടന്ന് പോകുന്നതുമാണ്. മഴയിലും കാറ്റിലും മരത്തിന്റ ചില്ലകള്‍ വൈദ്യുതി ലൈനിലേക്ക് വീണ് ദിവസങ്ങളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതും പതിവാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റവന്യു വകുപ്പില്‍ നിക്ഷിപ്തമായ മരങ്ങള്‍ മൂന്ന് പതിറ്റാണ്ടിലേറെയായവയാണ്.
അതിനാല്‍ തന്നെ കാല പഴക്കത്താല്‍ ദ്രവിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്.
കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ മുന്‍ കരുതല്‍ എന്ന നിലയില്‍ അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും ഈ കൂറ്റന്‍ വീട്ടിമരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ട് മാസങ്ങളായെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."