സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലെ മാലിന്യം ഉടന്‍ നീക്കണം
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ കെട്ടിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പ് സ്ഥാപന മേധാവികള്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. കൊതുകുജന്യ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വേണ്ടത്ര കാര്യക്ഷമമായി നടക്കുന്നില്ലെന്ന് വിഷയം ഉന്നയിച്ച് പി.കെ ശ്രീമതി എം.പി പറഞ്ഞു. ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം.
ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ഏകോപനം അനിവാര്യമാണെന്നും എം.പി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഓഫിസുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യം കുന്നുകൂടിക്കിടക്കുന്നതും ഒഴിവാക്കാന്‍ വകുപ്പ് മേധാവികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. പലതവണ വൃത്തിയാക്കിയിട്ടും സിവില്‍ സ്റ്റേഷന്‍ അനക്‌സ് പരിസരത്ത് മാലിന്യം കുന്നുകൂടുന്നതെങ്ങനെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
പയ്യാമ്പലം പാര്‍ക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് കോര്‍പറേഷനും ഡി.ടി.പി.സിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച് പാര്‍ക്ക് സംരക്ഷിക്കണമെന്നും എം.പി പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നേരത്തേ സമര്‍പ്പിച്ച ഷെഡ്യൂള്‍ പ്രകാരം ഒക്ടോബര്‍ 31നകം തന്നെ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയ പിഴവുകള്‍ തിരുത്തിക്കിട്ടുന്നതിന് താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."