വെറുതെ ആ പിശാചിനെ പഴിക്കണോ..?
കള്ളപ്പിശാചിന്റെ സത്യപ്രഭാഷണം കേട്ടിട്ടുണ്ടോ നിങ്ങള്‍..? ഇല്ലെങ്കിലിതാ കേട്ടോളൂ:
''അല്ലാഹു നിങ്ങളോട് സത്യസന്ധമായ വാഗ്ദാനമാണ് ചെയ്തിരുന്നത്. ഞാനും നിങ്ങള്‍ക്കു ചില വാക്കു തന്നു. എന്നാല്‍ ഞാനതു ലംഘിച്ചു. നിങ്ങളിലെനിക്ക് അധീശാധിപത്യമുണ്ടായിരുന്നില്ല. ഞാന്‍ വിളിച്ചു; അപ്പോള്‍ നിങ്ങളതിന് ഉത്തരം ചെയ്തുവെന്ന് മാത്രം. അതുകൊണ്ട് എന്നെയധിക്ഷേപിക്കേണ്ട. സ്വന്തത്തെ തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. നിങ്ങളെ സഹായിക്കുവാന്‍ എനിക്കു സാധിക്കുകയില്ല. എന്നെ രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്കുമാവില്ല. മുന്‍പ്(ഭൗതികലോകത്തുവച്ച്) നിങ്ങളെന്നെ അല്ലാഹുവിന്റെ പങ്കുകാരനാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു. അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്, തീര്‍ച്ച.(14: 22)
മരണാനന്തരം സത്യനിഷേധികള്‍ നരകത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവരോടായി അവന്‍ നടത്താന്‍ പോകുന്ന പ്രഭാഷണമാണിത്. ചുരുങ്ങിയ വാക്കുകളിലാണെങ്കിലും അര്‍ത്ഥ ഗംഭീരമാണീ പ്രഭാഷണം. പഠിക്കേണ്ടവര്‍ക്ക് പഠിക്കാന്‍ മാത്രം പാഠങ്ങളുണ്ടിതില്‍. ഉള്‍കൊള്ളുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ പരാജയമടയും.
അവന്‍ പറഞ്ഞതു കേട്ടല്ലോ: 'ഞാന്‍ വിളിച്ചു; നിങ്ങളതിന് ഉത്തരം ചെയ്തു. അതുകൊണ്ട് എന്നെയധിക്ഷേപിക്കേണ്ട. സ്വന്തത്തെ തന്നെ കുറ്റപ്പെടുത്തിയാല്‍ മതി.' തന്റെ പരാജയത്തിന് പിശാചല്ല, താന്‍ തന്നെയാണ് ഉത്തരവാദി എന്നര്‍ത്ഥം.
പിശാച് ഒരിക്കലും നമ്മെ നിര്‍ബന്ധിച്ച് തിന്മയിലാക്കുന്നില്ലെന്നു നാം മനസിലാക്കണം. തിന്മയിലേക്കു വഴിനയിക്കുകയും അതിനുള്ള പ്രചോദനങ്ങള്‍ നല്‍കുകയും മാത്രമേ അവന്‍ ചെയ്യുന്നുള്ളൂ. ആ പ്രചോദനങ്ങളെ തിരസ്‌കരിക്കാമായിരുന്നിട്ടും അതു ചെയ്യാതെ അവന്‍ കാണിച്ചു തന്ന തിന്മ തെരഞ്ഞെടുക്കുകയും അതിന്റെ വഴിയെ സഞ്ചരിക്കുകയും ചെയ്തതു നമ്മളാണ്. അപ്പോള്‍ നമ്മുടെ പരാജയത്തിന്റെ കാരണക്കാര്‍ നാം തന്നെ.
പിശാചിനൊരിക്കലും മറ്റൊരാളെ പരാജയപ്പെടുത്താന്‍ കഴിയില്ല. പരാജയത്തിലേക്കു നയിക്കാനേ കഴിയൂ. പരാജയത്തിലേക്കു നയിക്കുമ്പോള്‍ അതിനു പിന്നാലെ പോകുന്ന നമ്മളാണ് നമ്മെ പരാജയപ്പെടുത്തുന്നത്. വേണമെങ്കില്‍ അവന്റെ നായകത്വത്തെ വിസമ്മതിക്കാമായിരുന്നല്ലോ. അതിനുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ളവരാണു നാം. എന്തുകൊണ്ട് അതെടുത്തുപയോഗിച്ചില്ല...?
തന്റെ ജീവിതപരാജയത്തിന് ഫറോവയല്ല, പിശാചാണ് ഉത്തരവാദിയെങ്കില്‍ ഫറോവയ്ക്ക് സ്വര്‍ഗസ്ഥനാവാമായിരുന്നു. കാരണം, തന്റെതല്ലാത്ത കാരണത്താല്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നത് നീതിയല്ലല്ലോ. പക്ഷേ, ഫറോവയ്ക്ക് സ്വര്‍ഗം നിഷേധിക്കപ്പെട്ടു. കാരണം, മൂസാ പ്രവാചകന്‍ കാണിച്ച വഴിയും പിശാച് കാണിച്ച വഴിയും തുല്യമായി തന്റെ മുന്നിലുണ്ടായപ്പോള്‍ പിശാച് കാണിച്ച വഴി സ്വേഷ്ടപ്രകാരം അവന്‍ തെരഞ്ഞെടുത്തു. ഇതേ തെരഞ്ഞെടുപ്പാണ് നമ്മുടെയും ജയപരാജയത്തെ നിര്‍ണയിക്കുന്നത്. നമുക്കു മുന്നിലുള്ളത് പ്രവാചകപാതയും പൈശാചികപാതയുമാണ്. ഏതും തെരഞ്ഞെടുക്കാനുള്ള തുല്യസ്വാതന്ത്ര്യം നമുക്കുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ച് നാം തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്തത് നമുക്കു ലഭിക്കുന്നു. നമുക്കു ലഭിച്ചതോര്‍ത്ത് പിന്നെ ഖേദിച്ചിട്ടു കാര്യമുണ്ടാകില്ല.
നമുക്കു വേണ്ടി പിശാച് തെരഞ്ഞെടുപ്പു നടത്തിയിട്ടില്ല. നമ്മുടെ തെരഞ്ഞെടുപ്പിനെ അട്ടമറിക്കാന്‍ മാത്രമുള്ള കഴിവും കരുത്തും അവനില്ല. നിങ്ങളിലെനിക്ക് അധീശാധിപത്യമുണ്ടായിരുന്നില്ലെന്ന് അവന്‍ പറയുന്നതതുകൊണ്ടാണ്. തെരഞ്ഞെടുപ്പു നടത്തിയതു മുഴുവന്‍ നമ്മളാണ്. തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവന്‍ എനിക്കുവേണ്ടി വോട്ടു ചെയ്യൂ എന്നു പറഞ്ഞിട്ടേയുള്ളൂ. അവന്റെ വാക്കനുസരിക്കേണ്ട നിര്‍ബന്ധ ബാധ്യതയൊന്നും നമുക്കുണ്ടായിരുന്നില്ല.
ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ സടകുടഞ്ഞെഴുന്നേറ്റുവരാറുണ്ട്. തങ്ങള്‍ നിശ്ചയിച്ച പ്രതിനിധിക്കുവേണ്ടി വോട്ടു ചെയ്യാന്‍ കണ്ണില്‍ കാണുന്നവര്‍ക്കെല്ലാം ആവേശവും പ്രചോദനവും നല്‍കും. വേട്ടു ചെയ്യാന്‍ വേണ്ടിയുള്ള സമ്മാനങ്ങള്‍ക്കും വോട്ടു ചെയ്താല്‍ നല്‍കാമെന്നു പറയുന്ന സമ്മാനവാഗ്ദാനങ്ങള്‍ക്കും കണക്കുണ്ടാവില്ല. എന്നാല്‍ അവരുടെ സ്വാധീനം പോളിംഗ് ബൂത്ത് വരെയുണ്ടാകുള്ളൂ.
അവിടെ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കുവോട്ടു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സര്‍വ അധികാരവും വോട്ടര്‍ക്കാണ്. എന്നതുപോലെ കര്‍മം ചെയ്യുന്നതുവരെയുള്ളൂ പിശാചിന്റെ സ്വാധീനം. ആരുടെ ഭാഗത്താണു നില്‍ക്കേണ്ടതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ അവനു അധികാരമില്ല. താന്‍ വോട്ടു ചെയ്തു ജയിപ്പിച്ച സ്ഥാനാര്‍ത്ഥി പിന്നീട് തനിക്കെതിരെ നീങ്ങുമ്പോള്‍ അവിടെ മറ്റാരെയും കുറ്റം പറയരുത്.
തെരഞ്ഞെടുത്തു വിജയിപ്പിച്ച തന്നെത്തന്നെയാണു പഴിക്കേണ്ടത്. എന്നെ വിജയിപ്പിക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ, വിജയിപ്പിക്കല്‍ നിന്റെ ഇഷ്ടമായിരുന്നുവെന്ന് അവന്‍ നമ്മോട് ചോദിച്ചാല്‍ എന്തു മറുപടി പറയും..? ഇതേ ചോദ്യമാണ് നാളെ പിശാച് അവന്റെ അനുയായികളോട് ചോദിക്കുക. ഞാന്‍ പറഞ്ഞു. നിങ്ങള്‍ അനുസരിച്ചു. അനുസരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ടായിട്ട് എന്തുകൊണ്ട് അതുപയോഗിച്ചില്ല..? ഈ ചോദ്യത്തിന് പിശാചല്ല, നമ്മള്‍ തന്നെയാണു മറുപടി പറയേണ്ടി വരിക. അതിനാല്‍ പരാജയകാരണം പിശാചിന്റെ തലയില്‍കെട്ടിവച്ച് കൈയ്യൊഴിയുന്ന ഏര്‍പ്പാട് നിര്‍ത്തി പശ്ചാത്തപിച്ചു മടങ്ങുക. വിജയം സുനിശ്ചിതമാണ്, തീര്‍ച്ച.
ഒന്നുകൂടെ പറയട്ടെ, നമുക്കു പരാജയം സമ്മാനിക്കുന്നവരെ നാം വിജയിപ്പിക്കാതിരിക്കുക. വിജയം സമ്മാനിക്കുന്നവരെ പരാജയപ്പെടുത്താതിരിക്കുകയും ചെയ്യുക. വിവേകശാലികള്‍ തെരഞ്ഞെടുപ്പു സമയത്ത് അതാണു ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."