കത്തെഴുതി കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; മാതാപിതാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
കോഴിക്കോട്: പന്നിയങ്കര പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
തിങ്കളാഴ്ച രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് പന്നിയങ്കരയ്ക്കടുത്ത മാനാരി തിരുവച്ചിറയ്ക്ക് സമീപത്തെ ഇസ്‌ലാഹിയ പള്ളിക്കു മുന്നില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ സമയങ്ങളില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും പൊലിസ് അന്വേഷിച്ചുവരികയാണ്. കടകളിലും വീടിന്റെ ഗേറ്റുകളിലും മറ്റും സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വഴിയാണ് പൊലിസ് അന്വേഷണം നടത്തുന്നത്. കൂടാതെ നഗരത്തിലെയും മറ്റും ആശുപത്രികളില്‍ പ്രസവിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് ഓരോരുത്തരുമായി ബന്ധപ്പെട്ട് വരികയാണെന്നും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ ഇ. രമേഷ് പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ചവര്‍ ആരാണെന്ന് കണ്ടെത്തിയ ശേഷം അവരുടെ ഡി.എന്‍.എ പരിശോധന നടത്തും. തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനാകുമെന്നാണ് പൊലിസ് പറയുന്നത്. അതേസമയം മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോട്ടപ്പറമ്പ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യവതിയാണെന്നും കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
2.7 ഗ്രാം തൂക്കുമാണ് കുഞ്ഞിനുള്ളത്. ഇപ്പോള്‍ ആശുപത്രിയിലെ നഴ്‌സുമാരും മറ്റും പരിചരിച്ചുവരികയാണ്. നിയമവശം പരിശോധിച്ച ശേഷം കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."