ബൈക്ക് യാത്രികരായ കുടുംബത്തെ അക്രമിച്ച കേസ്; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം
കരുനാഗപ്പള്ളി: ബൈക്ക് യാത്രക്കാരായ ദമ്പതികളുള്പ്പെട്ട കുടുംബത്തെ മദ്യപാന സംഘം അക്രമിച്ച കേസില്‍ ഇനിയും പിടികൂടാനുള്ള രണ്ടു പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കായംകുളം സ്വദേശിയും സൈനികനുമായ മഹേഷ് നായര്‍, കല്ലേലിഭാഗം സ്വദേശി വിഷ്ണു എന്നിവര്‍ക്കു വേണ്ടി വ്യാപകമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിനു സമീപം കുടുംബം അക്രമിക്കപ്പെട്ടത്. ദമ്പതികള്‍ കല്ലേലിഭാഗത്തുള്ള ബന്ധുവീട്ടില്‍ പോയി തിരികെ വന്ന് ട്യൂഷന് പോയിരുന്ന പത്താം ക്ലാസുകാരിയായ മകളെയും കൂട്ടി വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം.
കാറിലെത്തിയ നാലംഗ യുവതിയെയും പെണ്‍കുട്ടിയെയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. യുവതിയെയും പെണ്‍കുട്ടിയെയും കാറില്‍ കയറ്റാന്‍ ആവശ്യപ്പെട്ടതായും കുടുംബം നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മദ്യ കുപ്പി ഉപയോഗിച്ച് യുവതിയെ അടിക്കുകയും ചെയ്തു. തോളില്‍ അടിയേറ്റ യുവതിയും ബൈക്കും മറിഞ്ഞു വീണതോടെ ആക്രമിസംഘം ബിയര്‍ കുപ്പി പൊട്ടിച്ച് ഇവരുടെ ശരീരത്തൊഴിച്ചു. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടികൂടിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി എസ്.ഐ വി ശിവകുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം രണ്ടുപേരെ പിടികൂടുകയായിരുന്നു. പിടിയിലായ കല്ലേലിഭാഗം സ്വദേശികളായ ജയകുമാര്‍, ഷാജഹാന് എന്നിവരെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."