റെയില്‍വേ സ്റ്റേഷനിലെ കൊല: പ്രതിക്ക് ജീവപര്യന്തം
സ്വന്തം ലേഖകന്‍
തലശേരി: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന റസ്റ്റോറന്റ് ജീവനക്കാരനെ ഇരുമ്പു വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. രാമന്തളിയിലെ നടവളപ്പില്‍ ചന്ദ്രന്‍ എന്ന വിനോദ് ചന്ദ്രനെ (39) ആണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം.
വെള്ളോറ കൊഴുമ്മലിലെ ചട്ടടി വീട്ടില്‍ കെ.സി ശ്രീധരന്‍ നമ്പ്യാരെ (53) ആണ് കൊലപ്പെടുത്തിയത്. 2017 ഓഗസ്റ്റ് 26നായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീധരന്‍ നമ്പ്യാരുടെ ബാഗും പണവും ഇയാള്‍ കവര്‍ന്നിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു തെളിഞ്ഞെങ്കിലും തുടക്കത്തില്‍ വിനോദ് ചന്ദ്രനെ പൊലിസിനു പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
2017 സെപ്റ്റംബര്‍ 11നു കഞ്ചാവ് കേസില്‍ മുണ്ടക്കയം പൊലിസ് വിനോദ് ചന്ദ്രനെ അറസ്റ്റു ചെയ്ത് നടത്തിയ ചോദ്യംചെയ്യലിനിടെയാണ് കൊലപാതകവും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസും ചുരുളഴിഞ്ഞത്. അന്നത്തെ പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി ആസാദിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷിച്ചിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ രാജേഷ് കുമാറിന്റെ പരാതിയിലാണു പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."