കടലില്‍ ഇടയ്ക്കിടെയുള്ള ചുഴലിക്കാറ്റുകള്‍, കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കടലില്‍ ഇടയ്ക്കിടെയുള്ള ചുഴലിക്കാറ്റിന് കാരണം ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് പഠന റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് (ഐ.പി.സി.സി) ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കടലില്‍ ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിക്കുന്നത് സംബന്ധിച്ച വിശദീകരണമുള്ളത്.
വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ പുറന്തള്ളലിനോടുള്ള പ്രതികരണമായാണ് സമുദ്രത്തില്‍ അപകടകരമായ വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ഐ.പി.സി.സിയുടെ റിപ്പോര്‍ട്ട് പറയുന്നത്. സാഹചര്യം ഇതേനിലയില്‍ തുടര്‍ന്നാല്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സമുദ്രങ്ങള്‍ അസാധാരണമായി ചൂടാകുന്നതുമൂലം അറബിക്കടലില്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സമുദ്രത്തിലെ താപതരംഗങ്ങള്‍, അതിതീവ്രമായ എല്‍നിനോ പ്രതിഭാസങ്ങള്‍ , ചുഴലിക്കാറ്റുകള്‍ എന്നിവ ആശങ്ക സൃഷ്ടിക്കുംവിധം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."