തോളോടു തോള്‍ ചേര്‍ന്നുനിന്ന പോരാളി
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)#
എം. ഐ ഷാനവാസ് എനിക്ക് സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. എന്നെ ഉപദേശിക്കുകയും സ്‌നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്‍. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം ഞാന്‍ കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോള്‍ തുടങ്ങിയ ആ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷം വരെയും തുടര്‍ന്നു. ഞാന്‍ ഷാജി എന്നാണ് വിളിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ ഡോ. റെയ്‌ലാ ആശുപത്രിയില്‍ കാണാനെത്തുമ്പോള്‍ മയക്കത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും എന്റെ ശബ്ദം കേട്ടപ്പോള്‍ കണ്ണുതുറന്നു. കൈകള്‍ എനിക്കു നേരെ നീട്ടി. ഞാന്‍ തിരിച്ചുവരും എന്ന സന്ദേശത്തോടെ എന്റെ കൈകളില്‍ മുറകെ പിടിച്ചു. അതായിരുന്നു എന്നും ഷാനവാസ്. അടിമുടി പോരാളിയായിരുന്നു എന്നും അദ്ദേഹം.
1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ ഞാനും ഷാനവാസും ജി കാര്‍ത്തികേയനും ലീഡര്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഇന്ദിരാജിക്കു പിന്നില്‍ അടിയുറച്ചുനിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങള്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയും മാറ്റി.
ശക്തമായ ദേശീയ ബോധമുള്ള, കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോധ്യമുള്ള ഒരു നേതാവായിരുന്നു എം.ഐ ഷാനവാസ്. മതന്യൂനപക്ഷങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ് ഉറച്ചു വിശ്വസിച്ചിരുന്നു.
തന്റെ അഭിപ്രായങ്ങളെ ആരുടെ മുമ്പിലും തുറന്നു പറയാന്‍ ഷാനവാസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അതുല്യമായിരുന്നു.
മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമായിരുന്നു. എതിരാളികള്‍ ആ വാക്ശരങ്ങളേറ്റ് പുളയുമായിരുന്നു. ഞാന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അദ്ദേഹം എന്നോടൊപ്പം ഒമ്പതു വര്‍ഷം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ മുന്നോട്ടു നയിക്കുന്നതില്‍ അതുല്യമായ നേതൃശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം നല്‍കിയ ശക്തമായ പിന്തുണ ഇന്നും എന്റെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളില്‍ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഷാനവാസിന്റെ ഉപദേശങ്ങള്‍ എന്നെ ചെറുതായിട്ടല്ല സഹായിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക രമ്യമായ പരിഹാരം കണ്ടെത്തുന്നതില്‍ അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്.
മികച്ച പാര്‍ലമന്റേറിയനായിരുന്നു ഷാനവാസ്. കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വയനാട്ടിലെ രാത്രികാല യാത്ര നിരോധനം നീക്കുന്ന വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ എന്നെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയത്. വയനാട്ടില്‍ എയിംസിന്റെ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡല്‍ഹിയിലും പലതല തവണ ഞങ്ങള്‍ ഒരുമിച്ചു പോയി. തന്റെ നിയോജക മണ്ഡലത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിരുന്ന ഡല്‍ഹി യാത്രകളിലും ഞാന്‍ കൂടെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പുരോഗതിയും വളര്‍ച്ചയും എന്നും അദ്ദേഹത്തിന്റെ മുന്‍ഗണനകളായിരുന്നു.
പരാജയങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങള്‍ക്കു വേണ്ടിയും എം.ഐ ഷാനവാസ് എന്ന കോണ്‍ഗ്രസുകാരന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി.
പ്രിയപ്പെട്ട ഷാനവാസിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."