സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണം തടയണമെന്ന്
മാള: ടൗണ്‍ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നടക്കുന്ന അനധികൃത നിര്‍മാണവും കൈയേറ്റവും തടയണമെന്നാവശ്യപ്പെട്ട് മാള പ്രതികരണ വേദി രംഗത്ത്. ഒന്നര വര്‍ഷം മുന്‍പാണ് മാള ടൗണ്‍ വികസനം ആരംഭിച്ചത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത റോഡിനിരുവശവുമുള്ള 57 കെട്ടിടങ്ങളില്‍ 10 എണ്ണം ഇനിയും പൊളിച്ചിട്ടില്ല.
പൊളിച്ച് തുടങ്ങിയ കെട്ടിടങ്ങളില്‍ പലതും പൂര്‍ണമായി പൊളിച്ചിട്ടില്ല. ചില കെട്ടിട ഉടമകള്‍ കെട്ടിടങ്ങള്‍ സ്വയം പൊളിക്കുകയും വിട്ട് കൊടുക്കേണ്ട ഭൂമി കൈയേറിയതായും പരാതിയുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും സ്ഥലമേറ്റെടുക്കുന്നതിനുമായി മൂന്നരക്കോടിയോളം രൂപ വിതരണം ചെയ്തിട്ട് ഒരു വര്‍ഷത്തിലേറെയായി. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ കാലത്താണ് നഷ്ടപരിഹാരം വിതരണം ചെയ്തത് .
നഷ്ടപരിഹാരം കൈപറ്റിയെങ്കിലും സമയബന്ധിതമായി കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ ഉടമകള്‍ തയ്യാറായില്ല. ചിലര്‍ പൊളിച്ച് നീക്കിയപ്പോള്‍ ചിലര്‍ അതിന് തയാറാകുന്നില്ല .ഇതിനിടെ പൊളിച്ചിടത്ത് പുതുതായി പണിത കെട്ടിടങ്ങള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ പണിതത് വിവാദത്തിലായി.
കെട്ടിടങ്ങള്‍ ഭാഗികമായി പൊളിച്ച് നീക്കിയവര്‍ക്ക് അവശേഷിക്കുന്നവ സര്‍ക്കാര്‍ അനുമതിയോടെ സംരക്ഷിക്കാമെന്ന് തീരുമാനമുണ്ടായിരുന്നു.
എന്നാല്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ അനുമതിയില്ലാതെ പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുകയായിരുന്നു.നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ മൗനം പാലിച്ച പഞ്ചായത്ത് അധികൃതര്‍ നിര്‍മാണം പൂര്‍ത്തിയാകാറായപ്പോഴാണ് ഇടപെട്ടത്. ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതില്‍ നടപടികള്‍ അവസാനിച്ചു. പൊതുമരാമത്ത് വകുപ്പ് നിര്‍ദേശങ്ങള്‍ മറികടന്നാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. ഒരേ നിരയില്‍ തന്നെ പല കെട്ടിടങ്ങളും റോഡില്‍ നിന്ന് പല ദൂരപരിധിയിലാണ് നിര്‍മിച്ചിട്ടുള്ളത് . കെട്ടിടങ്ങള്‍ പൊളിച്ച സ്ഥലങ്ങള്‍ കൈയേറുന്നതും അനധികൃത നിര്‍മാണം നടത്തുന്നതും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് . കെ കരുണാകരന്‍ മാള എം.എല്‍.എയും മുഖമന്ത്രിയുമായിരിക്കെ ആരംഭിച്ചതാണ് മാള ടൗണ്‍ വികസനത്തിനായുള്ള ശ്രമങ്ങള്‍. തര്‍ക്കങ്ങള്‍ മുറുകിയതോടെ അധികം മുന്നോട്ട് പോകാനായില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ടൗണ്‍ വികസനത്തിനും റോഡ് വികസനത്തിനുമായി തുക അനുവദിച്ചത് .പിന്നീട് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ശ്രമഫലമായിട്ടാണ് സമവായമുണ്ടാക്കാനും യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് ടൗണ്‍ വികസനത്തിന് മാത്രമായി 3.5 കോടി രൂപ അനുവദിപ്പിക്കാനുമായത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വീണ്ടും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നിട്ടും മാള ടൗണ്‍ വികസന ം കാര്യക്ഷമമായി നടക്കുന്നില്ല. ഇതിനിടയില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ അനധികൃത കൈയേറ്റങ്ങള്‍ തുടരുകയാണ്. അനധികൃത , കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനും മാള ടൗണ്‍ വികസനം യാഥാര്‍ത്ഥ്യക്കുന്നതിനും വേണ്ടി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര തൃശൂര്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."