എ.എന്‍ രാധാകൃഷ്ണന്‍ ഒപ്പുവച്ച സര്‍ക്കുലറിനെതിരേ ഹൈക്കോടതി
കൊച്ചി: ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഒപ്പുവച്ച സര്‍ക്കുലറിനെതിരേ ഹൈക്കോടതി വിമര്‍ശനം. ട്രെയിനിങിനും ആക്രമണത്തിനും ആവശ്യമായ സാധനങ്ങള്‍ കരുതണമെന്ന സര്‍ക്കുലറിലെ ഭാഗമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഏതു തരത്തിലുള്ള സാധനങ്ങളാണ് സര്‍ക്കുലറില്‍ ഉദ്ദേശിച്ചതെന്നു ഹരജിക്കാരുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ശബരിമലയില്‍ എത്തേണ്ടവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുമെന്നു സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളതെന്താണെന്നു ഹരജിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തെക്കുറിച്ചു പോലിസ് അന്വേഷണം ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. മുംബൈയില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ മടങ്ങിപ്പോയ സാഹചര്യം അനുവദിക്കാവുന്നതല്ല. 33 കന്നി അയ്യപ്പന്‍മാര്‍ ഇരുമുടിക്കെട്ടുമായി വന്നു മടങ്ങേണ്ടിവന്ന ഉത്തരവാദിത്തത്തില്‍നിന്നു സര്‍ക്കാരിനും ഹരജിക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ പോകാമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതി വിമര്‍ശനമുന്നയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഐ.ജിക്കും എസ്.പിക്കുമെതിരേ ക്രിമിനല്‍ കേസ് നിലവിലുള്ളതല്ലേയെന്നും ഇവരെ എന്തിനു നിയമിച്ചുവെന്നും വ്യക്തമാക്കണമെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. നിരോധനാജ്ഞ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രശ്‌നങ്ങള്‍ക്കു ശ്രമിക്കുന്നവര്‍ക്കെതിരേ പൊലിസിനു നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."