'മഹാ' ഭീതിയില്‍ തീരദേശം; പൊന്നാനിയില്‍ കടലാക്രമണം ശക്തം, നൂറിലധികം വീടുകള്‍ വെള്ളത്തില്‍
പൊന്നാനി: 'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഭീതിയില്‍ തീരം. തീരത്ത് ശക്തമായ കടലാക്രമണം. നൂറിലധികം വീടുകളും റോഡുകളും വെള്ളത്തില്‍. ദുരിതബാധിതരെ നഗരസഭ ഒഴിപ്പിച്ച് എം.ഐ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്.പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.
അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം നൂറോളം വീടുകളിലേക്ക് കയറി.മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. വേലിയേറ്റ സമയമായ ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.
രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് നഗരസഭയുടെ തീരദേശത്തെ ആളുകളെ ഒഴിപ്പിച്ച്, അവര്‍ക്ക് താമസിക്കുവാനായി എം.ഐ ബോയ്‌സ് ഹൈസ്‌കൂളിലാണ് നഗരസഭയും റവന്യു വകുപ്പും ചേര്‍ന്ന് ക്യാംപ് ആരംഭിച്ചത്. പെട്ടെന്ന് ആരംഭിച്ച ക്യാംപ് ആയതിനാല്‍ പൊതു ജനങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നുതായി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കടലാക്രമണം രൂക്ഷമായത്. 'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുന്‍പ് ശക്തിപ്രാപിച്ചതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവുകയും ചെയ്തു. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണമായും നിരോധിച്ചിരുന്നു.കേരളതീരം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലന്നും കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണന്നും ജില്ലാഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."