റമദാനിലെ ആത്മീയതയും അനുകമ്പയും നിലനിര്‍ത്തുക
ഒരു മാസത്തെ വ്രതത്തിന് വിരാമമിട്ട് അല്ലാഹു ഏറെ അനുഗ്രഹിക്കുകയും ആദരിക്കുകയും ചെയ്ത ഈദുല്‍ ഫിത്വര്‍ സമാഗതമായിരിക്കുന്നു. വിശുദ്ധ റമദാനിലെ ആരാധനകള്‍ കൊണ്ടും മറ്റു സല്‍കര്‍മങ്ങള്‍ കൊണ്ടും സ്ഫുടം ചെയ്‌തെടുത്ത മനസും ശരീരവുമായാണ് വിശ്വാസി ലോകം പെരുന്നാളിന് സ്വാഗമോതുന്നത്.
ഇസ്്‌ലാമിക സംസ്‌കാരത്തിലെ ഏറ്റവും മഹത്തരവും ഉത്തമവുമായ ആഘോഷ ദിനങ്ങളാണ് ഈദുല്‍ ഫിത്വറും ഈദുല്‍ അസ്ഹയും. നാഥന്റെ കല്‍പ്പനകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ത്യാഗസന്നദ്ധരാവുകയും ചെയ്ത യഥാര്‍ഥ സത്യവിശ്വാസികള്‍ക്കാണ് പെരുന്നാള്‍ ദിനത്തിന്റെ ആഹ്ലാദവും സന്തോഷവും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവുക.
കുടുംബബന്ധങ്ങള്‍ ചേര്‍ത്തും സ്‌നേഹ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചും നാഥന്റെ വിധിവിലക്കുകളെ ഉള്‍കൊണ്ട് ഈ ദിനത്തെ ധന്യമാക്കുന്നവര്‍ക്ക് അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹങ്ങളെ മഴപോലെ വര്‍ഷിപ്പിച്ച് കൊടുക്കുന്ന പുണ്യ ദിനമാണ് പെരുന്നാള്‍ പകലുകള്‍. ഈ ദിനം എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിക്കണമെന്ന മതത്തിന്റെ താല്‍പര്യത്തിന് പിന്നിലെ ഫിത്വര്‍ സകാത്തും ആരാധനയുടെ പേരിലാണങ്കിലും നോമ്പ് ഈ പകലില്‍ ഹറാമാക്കുകയും ചെയ്തുകൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പ്പനകള്‍ ഈ ദിനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
മുഹമ്മദ് നബി(സ)യുടെ സമുദായം ഞാന്‍ കല്‍പ്പിച്ചത് പ്രകാരം നോമ്പ് നോല്‍ക്കുകയും ആരാധനകള്‍ കൊണ്ട് എന്റെ ഭവനത്തെ മനോഹരമാക്കുകയും എന്റെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും തെറ്റായ കാര്യങ്ങളില്‍ നിന്ന് ശരീരത്തെ തടഞ്ഞ് നിര്‍ത്തുകയും അവരുടെ മേല്‍ നിര്‍ബന്ധമായ സകാത്തുകള്‍ കൊടുത്തു വീട്ടുകയും ചെയ്ത് എന്നെ അനുസരിച്ചിരിക്കുന്നു എന്ന് ലക്ഷക്കണക്കിന് വരുന്ന മലക്കുകള്‍ക്ക് മുന്നില്‍ അല്ലാഹു അഭിമാനം കൊള്ളുന്ന ദിനവുമാണ് പെരുന്നാള്‍ സുദിനം എന്നത് മറ്റേത് ദിനത്തെക്കാളും ഈ സന്തോഷ ദിനത്തെ ഏറെ വ്യത്യസ്തമാക്കുന്നു.
വിശുദ്ധ റമദാനില്‍ നേടിയ ആത്മീയ ഉണര്‍വും ഊര്‍ജവും ജീവിതത്തിലുടനീളം സൂക്ഷിക്കാന്‍ സാധിക്കുമ്പോഴാണ് ഒരു വിശ്വാസി വിജയികളുടെ ഗണത്തില്‍പെടുന്നത്. റമദാന്‍ പകര്‍ന്ന് നല്‍കിയ ആത്മീയചൈതന്യവും സഹജീവികളോടുള്ള അനുകമ്പയും എന്നും നിലനിര്‍ത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ...ആമീന്‍.
(സമസ്ത ജില്ലാ പ്രസിഡന്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."