സാംബയിലലിഞ്ഞ്...
റിയോ ഡി ജനീറോ: പാരമ്പര്യ പ്രൗഢി നിറഞ്ഞു നിന്ന ഉദ്ഘാടന രാവില്‍ റിയോ മിഴി തുറുന്നു. ലോകം ഒളിംപിക്‌സ് പോരാട്ടങ്ങളുടെ ആവേശത്തിലേക്ക് കടന്നു. ഇന്നലെ ഇന്ത്യന്‍ സമയം 4.30നു ചരിത്ര പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഒളിംപിക് ദീപം തെളിഞ്ഞത്. വിവിധ പരിപാടികളുമായി ഉദ്ഘാടന ചടങ്ങ് വര്‍ണപ്രപഞ്ചം തീര്‍ത്തു. ചരിത്രത്തിലെ 31ാമത് ഒളിംപിക്‌സാണിത്. ലാറ്റിനമേരിക്കന്‍ മണ്ണില്‍ വിരുന്നെത്തിയ ആദ്യ ഒളിംപിക്‌സെന്ന ഖ്യാതിയും റിയോക്ക് സ്വന്തം.
ബ്രസീലിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചടങ്ങുകളുടെ ആഢംബരങ്ങള്‍ കുറച്ചെങ്കിലും പ്രൗഢി ഒട്ടും കുറയാതെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലെയ് ദെ ലിമ ഒളിംപിക് ദീപം തെളിയിച്ചു. 2004ലെ ഒളിംപിക് മാരത്തണില്‍ ബ്രസീലിന് വേണ്ടി വെങ്കലം നേടിയ താരമാണ് ലിമ.
ഫുട്‌ബോള്‍ ഇതിഹാസം പെലെ ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ദില്‍മ റൂസഫ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നതിനാല്‍ ഇടക്കാല പ്രധാനമന്ത്രിയായ മിഷേല്‍ ടെമര്‍ ഒളിംപിക്‌സ് ഉദ്ഘാടനം ചെയ്തു.
ബ്രസീലിന്റെ ചരിത്രവും സംസ്‌കാരവും പ്രകൃതി ഭംഗിയും ലോകത്തെ അറിയിക്കുന്ന ചടങ്ങുകളും സാംബ നൃത്തമടക്കമുള്ള കലാപരിപാടികളാണ് അരങ്ങേറിയത്. സുപ്രസിദ്ധ സിനിമാ സംവിധായകനായ ഫെര്‍ണാണ്ടോ മെയ്‌റെലസാണ് നാലു മണിക്കൂര്‍ നീണ്ട ചടങ്ങ് അണിയിച്ചൊരുക്കിയത്. 6000ത്തോളം വളണ്ടിയര്‍മാര്‍ മൂന്നു മാസത്തോളം പരിശീലനം നടത്തിയാണ് ചടങ്ങിനെത്തിയത്. സാങ്കേതികവിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വര്‍ണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യ വിസ്മയമാണ് ബ്രസീല്‍ ഒരുക്കിയത്. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ പൗലീനോ ഡാ വിയോള ബ്രസീല്‍ ദേശീയ ഗാനമാലപിച്ചു. ബ്രസീലിന്റെ ചരിത്രത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചെലുത്തിയ സ്വാധീനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അഭയാര്‍ഥികളായെത്തിയ അത്‌ലറ്റുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കാണികള്‍ എഴുന്നേറ്റ് നിന്ന് ഇവര്‍ക്കായി കൈയടിച്ചു.
95ാമതായാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്പാസ്റ്റിലെത്തിയത്. ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഇന്ത്യന്‍ പതാകയേന്തി. ഹോക്കി, ആര്‍ച്ചറി ടീം ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ആവേശം ഒട്ടും ചോരാതെ ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."