സ്‌നേഹപ്രപഞ്ചത്തിന്റെ സുല്‍ത്താന്‍
ഹിജ്‌റ എട്ടില്‍ മക്കയിലെ ഖുറൈശികള്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് നബി(സ്വ)തിരുമേനിയുമായി ഏര്‍പ്പെട്ട കരാര്‍ അവരുടെ സഹകക്ഷികളായ ബനൂബക്കര്‍ കുടുംബക്കാര്‍ ലംഘിച്ചു. നേരിട്ടോ സഹകക്ഷികള്‍ മുഖേനയോ അടുത്ത പത്തുവര്‍ഷം യുദ്ധങ്ങള്‍ നടത്തരുത് എന്നതായിരുന്നു ഹുദൈബിയ്യയില്‍വച്ച് ഏറെ ചര്‍ച്ചകള്‍ക്കു ശേഷം ഒപ്പുവച്ച കരാറിലെ വ്യവസ്ഥ. നിരന്തരമായ യുദ്ധങ്ങള്‍ രണ്ടുപക്ഷത്തെയും അത്രക്കും വശംകെടുത്തിയിരുന്നു. പൊതുജീവിതം നിശ്ചലമാക്കിയതും ജീവിതസന്ധാരണ മാര്‍ഗങ്ങളെ പോലും പ്രതികൂലമായി ബാധിച്ചതും ഈ നിരന്തര യുദ്ധങ്ങളായിരുന്നു. ആയതിനാള്‍ രണ്ടു പക്ഷത്തിന്റെയും താല്‍പര്യമായിരുന്നു യുദ്ധം നിര്‍ത്തല്‍.
നബി(സ്വ)യുടെ പക്ഷക്കാരായിരുന്ന ബനൂ ഖുസാഅയെ യാതൊരു ന്യായവുമില്ലാതെ രാത്രി ബനൂബക്കര്‍ കടന്നാക്രമിച്ചു. നേരം പുലര്‍ന്നതോടെ വിവരം മക്കയില്‍ പരന്നു. അതോടെ വെപ്രാളത്തിലായ മക്കയുടെ നേതാക്കന്‍മാര്‍ തലപുകയുന്ന കൂടിയാലോചനകള്‍ തുടങ്ങി. മുസ്‌ലിംകളുടെ പ്രതികാരത്തില്‍നിന്ന് രക്ഷപ്പെടാന്‍ അന്നത്തെ നേതാവായിരുന്ന അബൂ സുഫ്‌യാന്‍ ബിന്‍ ഹര്‍ബ് ഒരു നിര്‍ദേശംവച്ചു. ഉണ്ടായതൊന്നും അറിയാത്ത മട്ടില്‍ മദീനയില്‍ പോയി മുഹമ്മദിനെ കണ്ട് കരാര്‍ പുതുക്കുക. അതിനുവേണ്ടി മദീനയിലേക്ക് ചര്‍ച്ചകള്‍ക്കായി അബൂ സുഫ്‌യാന്‍ തന്നെ പുറപ്പെട്ടു. മദീനയില്‍ പലതരം നയതന്ത്ര ശ്രമങ്ങളും നടത്തിയെങ്കിലും അബൂ സുഫ്‌യാന്റെ ദൗത്യം വിജയിച്ചില്ല. നിരാശനായ അബൂ സുഫ്‌യാന്‍ മക്കയില്‍ തിരിച്ചെത്തി. മദീനാ ദൗത്യത്തെ കുറിച്ച് അബൂ സുഫ്‌യാന്‍ സഹനേതാക്കള്‍ക്കു വിവരിച്ചുകൊടുത്തു.
അവരുടെ ഇടയിലെ ഏറ്റവും സമര്‍ഥനായ കാര്യക്കാരനായിരുന്നു അബൂ സുഫ്‌യാന്‍. ചിന്ത, ബുദ്ധി, തന്ത്രം, യുക്തി, അനുനയനീക്കങ്ങള്‍ തുടങ്ങി ഓരോന്നിലും മികച്ചുനിന്ന സംഘാടകന്‍. ഹിജ്‌റ രണ്ടില്‍ ബദര്‍യുദ്ധം ഉണ്ടായത് സൂക്ഷ്മമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കച്ചവട സംഘത്തെ ചൊല്ലിയായിരുന്നു. പിന്നീടുണ്ടായ യുദ്ധങ്ങളെല്ലാം അബൂ സുഫ്‌യാന്റെ ബുദ്ധിയായിരുന്നു. ദാറുന്നദ്‌വ എന്ന മക്കയുടെ പ്രാദേശിക പാര്‍ലമെന്റില്‍ അദ്ദേഹം അന്ന് വിവരങ്ങള്‍ വിശദീകരിച്ചതിനുശേഷം ഒന്നു നിര്‍ത്തി, നിശ്വസിച്ച് അബൂ സുഫ്‌യാന്‍ പറയുകയുണ്ടായി: 'മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നതുപോലെ ഒരാളും ഒരാളെയും സ്‌നേഹിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല'. (ഇബ്‌നു ഹിശാം) പുറത്തുനിന്നുള്ള ഒരാള്‍ നബി(സ്വ)യുടെയും അവരുടെ മുമ്പില്‍ വളര്‍ച്ചയുടെ ഇതളുകള്‍ വിടര്‍ത്തുകയായിരുന്ന ഇസ്‌ലാമിക സമൂഹത്തിന്റെയും മനസ് വായിച്ചതിന്റെ ആദ്യ നേര്‍സാക്ഷ്യമാണ് ഇത്.
ഒരാളെ മറ്റൊരാളിലേക്കു വിളക്കിച്ചേര്‍ക്കുക വഴിയാണ് സമൂഹ നിര്‍മിതി ആരംഭിക്കുന്നത്. പിന്നെ വീണ്ടും ഓരോരുത്തരെയായി അതിലേക്കു ചേര്‍ത്തുവയ്ക്കുന്നു. ഓരോ കല്ലുകള്‍ ചേര്‍ത്തുവച്ച് ഒരു കെട്ടിടം നിര്‍മിക്കുന്നതുപോലെ. പക്ഷെ ഓരോ കല്ലുകള്‍ കെട്ടിടമായിത്തീരണമെങ്കില്‍ കല്ലുകളെ പരസ്പരം ബന്ധിപ്പിക്കുവാനുള്ള സിമന്റ് പോലുള്ള ഒരു ഘടകം വേണം. സമൂഹനിര്‍മിതിയില്‍ ആ സ്ഥാനത്ത് തീര്‍ത്തും വിജയം പ്രതീക്ഷിക്കാവുന്ന ഒന്നാണ് സ്‌നേഹം. പണം, സ്തുതി, ഭീഷണി, സ്ഥാനം, കുടുംബം തുടങ്ങിയവയൊക്കെ ഇതിന്നായി ഉപയോഗിക്കാമെങ്കിലും സ്‌നേഹം എന്ന കൂട്ട് കലര്‍ത്തിയാലേ ഇതു സമ്പൂര്‍ണമായ ഫലം കാണിക്കൂ എന്നതുകൊണ്ടാണ് തീര്‍ത്തും വിജയം പ്രതീക്ഷിക്കാവുന്ന എന്നു വേറിട്ടു പറയുന്നത്.
പണം കൊണ്ട് മറ്റൊരാളെ ഒപ്പം നിര്‍ത്താമെങ്കിലും അത് പണം എന്ന പ്രതീക്ഷ നല്‍കാത്ത സാഹചര്യങ്ങളില്‍ വേഗം തകര്‍ന്നേക്കും. മറ്റുള്ളവയും അപ്രകാരം തന്നെയാണ്. സ്‌നേഹത്തിന് ഇത്തരമൊരു ശക്തിയുണ്ടാകുന്നത് അത് ഒരു ഹൃദയത്തെ മറ്റൊരു ഹൃദയവുമായിട്ടാണ് ബന്ധിപ്പിക്കുന്നത് എന്നതുകൊണ്ടാണ്. അപ്പോള്‍ ലയനവും സംയോജനവും സമ്പൂര്‍ണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്ഥാപനമായ കുടുംബം സ്ഥാപിക്കപ്പെടുവാന്‍ മവദ്ദത്ത് എന്ന അനുരാഗവും റഹ്മത്ത് എന്ന കാരുണ്യവും ദമ്പതികളെ കൂട്ടിച്ചേര്‍ക്കുന്ന ഘടകമായിരിക്കണം എന്നു ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്.
സ്‌നേഹം എന്ന വിശാല ആശയത്തിന്റെ രണ്ടു ഘടകങ്ങളാണ് മേല്‍പറഞ്ഞ അനുരാഗവും അനുതാപവും. ഇവയില്ലാത്തതുകൊണ്ടാണ് ബന്ധങ്ങള്‍ ഉലയുകയോ തകരുകയോ ചെയ്യുന്നത് എന്ന് സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാക്കാം. നബി(സ്വ) വളരെ ഹ്രസ്വമായ ഒരു സമയത്തിനുള്ളില്‍ തന്റെ ദൗത്യം വിജയിപ്പിച്ചെടുത്തതും ലോകാവസാനം വരേക്കും സ്വന്തം ബുദ്ധി ചിന്തിക്കുവാനും വിലയിരുത്തുവാനും ഉപയോഗപ്പെടുത്തുന്നവരാല്‍ അംഗീകരിക്കപ്പെട്ടതും ഈ സ്‌നേഹം വഴിയായിരുന്നു. സ്‌നേഹത്തിന് ഏതൊരാളെയും കീഴ്‌പ്പെടുത്തുവാന്‍ കഴിയും. നിര്‍ബന്ധം ചെലുത്തി കീഴടക്കുകയല്ല, സന്‍മനസോടെ തന്നെ. നേരന്നെ പറഞ്ഞ അബൂ സുഫ്‌യാന്റെ അനുഭവം അതിനു തെളിവാണല്ലോ, അദ്ദേഹം ആ സംഭവത്തിനെ തുടര്‍ന്നുണ്ടായ മക്കാവിജയനാളില്‍ ഇസ്‌ലാമിലും നബിയുടെ സ്‌നേഹമനസിലും എത്തി. സ്‌നേഹത്തിനു ഇത്ര കരുത്തുണ്ടാവുന്നത് അത് മറ്റെല്ലാ മാനുഷിക ഗുണങ്ങളുടെയും അടിസ്ഥാനമാകുന്നതുകൊണ്ടാണ്.
ദയ, കാരുണ്യം, വിട്ടുവീഴ്ച, വിനയം, സഹകരണം തുടങ്ങി എല്ലാ ഗുണങ്ങളും ഉത്ഭവിക്കുന്നത് സ്‌നേഹത്തില്‍ നിന്നാണ്. ഒരാളോട് മറ്റൊരാളെ ദയകാണിക്കുവാന്‍ പ്രേരിപ്പിക്കുന്നത് അയാളോടുള്ള സ്‌നേഹമാണല്ലോ. ഈ കരുത്തുകൊണ്ടുതന്നെ സ്‌നേഹം മറ്റൊരാളെ വീഴ്ത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. സ്‌നേഹം ഒരാളെ മറ്റൊരാള്‍ക്കുവേണ്ടി എന്തു സഹിക്കുവാനും എന്തു വഹിക്കുവാനും സന്നദ്ധനാക്കുന്നു. സ്‌നേഹത്തിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന വേദന അനുഭവിക്കുകയല്ല, ആസ്വദിക്കുകയാണ് ചെയ്യുക. ഇവ്വിധം എല്ലാ വിധേനയും സ്‌നേഹത്താല്‍ നിറക്കപ്പെട്ടതായിരുന്നു നബി(സ്വ)ടെ ലോകം.
ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടിവന്നതും ജീവിതം ദൗത്യത്തിനുവേണ്ടി നീക്കിവയ്ക്കുവാന്‍ തയ്യാറായതുമെല്ലാം സൂക്ഷ്മാര്‍ഥത്തില്‍ മനുഷ്യനോടുള്ള സ്‌നേഹം കൊണ്ടായിരുന്നുവല്ലോ. അവനെ ഇഹലോകത്തിന്റെ വേദനകളില്‍നിന്ന് രക്ഷിക്കുവാനും പരലോകത്തെ വിജയം വാങ്ങിക്കൊടുക്കുവാനും വേണ്ടി അവനോടുള്ള സ്‌നേഹം. അതുകൊണ്ടാണ് ഹിജ്‌റ മൂന്നില്‍ നടന്ന ഉഹ്ദ് യുദ്ധത്തില്‍ നേരിടേണ്ടിവന്ന ഭീതിതമായ സാഹചര്യങ്ങളുടെ സാഹചര്യത്തില്‍ പ്രിയതമ, ഇതല്ലേ അങ്ങയുടെ ജീവിതം കണ്ട ഏറ്റവും കറുത്ത ദിനം എന്നു ചോദിക്കുമ്പോള്‍ നബി(സ്വ) തിരുമേനി അല്ല എന്നു പറയുന്നത്. ശാരീരികമായ വേദനകള്‍ ഏറ്റവും അധികം നേരിട്ടത് ഉഹ്ദിലായിരുന്നുവെങ്കിലും മാനസികമായ വേദന അധികം നേരിട്ടത് ത്വാഇഫുകാരുടെ ചീത്ത പ്രതികരണം ഉണ്ടായപ്പോഴായിരുന്നു. മനുഷ്യരെ സന്‍മാര്‍ഗത്തിലെത്തിക്കുവാനുള്ള ആഗ്രഹത്തില്‍ നിഴല്‍വീഴ്ത്തിയ ആ സംഭവത്തെയായിരുന്നു നബി(സ്വ) തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായി കണ്ടത്.
സ്‌നേഹം പക്ഷെ ഉറപ്പുള്ളതായി മാറുന്നത് അത് പരസ്പരം ഒട്ടിച്ചേരുമ്പോഴാണ്. അഥവാ ഒരേ സമയം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോള്‍. ഈ ഭാഗ്യം നബി(സ്വ)ക്കുണ്ടായി. അവര്‍ എല്ലാവരേയും ഗാഢമായി സ്‌നേഹിച്ചു. അനാഥയുടെ മുമ്പില്‍വച്ച് സനാഥനെ ചുംബിക്കരുത് എന്നു പറയുമ്പോള്‍ അവശക്കുട്ടികളോടുള്ള സ്‌നേഹമാണ് പൊട്ടിയൊഴുകുന്നത്. തീപാറുന്ന കണ്ണുകളുയര്‍ത്തി ഭാര്യമാരെ ഭര്‍ത്സിക്കുന്നവര്‍ മാന്യന്‍മാരല്ല എന്നു പറയുമ്പോള്‍ ആ സ്‌നേഹം സ്ത്രീകളിലേക്ക് ഒഴുകുന്നു.
വിശ്വാസത്തിനു വേണ്ടി കൈനീട്ടുവാന്‍ അബൂബക്കര്‍(റ)വിന്റെ പിതാവ് തന്റെ മുമ്പിലേക്കുവരുമ്പോള്‍ 'ഇദ്ദേഹത്തിന്റെ അടുത്തേക്ക് നമുക്കങ്ങോട്ടു ചെല്ലാമായിരുന്നുവല്ലോ' എന്നു പറയുമ്പോള്‍ ആ സ്‌നേഹം വൃദ്ധജനങ്ങളുടെ ചുക്കിച്ചുളിഞ്ഞ മേനികളിലേക്ക് തുളച്ചുകയറുന്നു. തലേന്നു മരിച്ചു മണ്ണിനകത്തെത്തിയ തൂപ്പുകാരിയുടെ നനഞ്ഞ ഖബറിന്നടുത്തു നിന്ന് നിസ്‌കാരത്തിനു കൈകെട്ടുമ്പോള്‍ ആ സ്‌നേഹം വൈജാത്യങ്ങളെ കവച്ചുവയ്ക്കുന്നു. ജൂതനായ വേലക്കാരന്റെ കുട്ടിയെ കാണുവാന്‍ പോകുമ്പോള്‍ അത് മതങ്ങളുടെ വേലിക്കെട്ടുകളെ പോലും ചാടിക്കടക്കുന്നു.
എല്ലാം കഴിഞ്ഞ് മക്കാവിജയനാളില്‍ തനിക്കു മുമ്പില്‍ കാല്‍മുട്ടുകള്‍ വിറച്ചുനില്‍ക്കുന്ന കൊടിയ ശത്രുക്കളുടെ മുമ്പില്‍ കൈകള്‍ രണ്ടും വാതിലിന്റെ കട്ടിലകളില്‍വച്ച് കഅ്ബാലയത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയും പിന്നെ നിറഞ്ഞു പുഞ്ചിരിക്കുകയും 'പോവുക, നിങ്ങളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു' എന്നു പറയുമ്പോള്‍ ആ സ്‌നേഹം ലോകത്തെ തന്നെ എന്നേക്കുമായി അമ്പരപ്പിക്കുന്നു. അങ്ങിങ്ങായി ചിതറിക്കിടക്കുന്നവ പൊറുക്കിയെടുത്ത് സ്വരുക്കൂട്ടിയതല്ല ഈ രംഗങ്ങള്‍. വില്യം മൂര്‍ പറയുന്നതുപോലെ തല അല്‍പം താഴ്ത്തിപ്പിടിച്ച് ഗൗരവം ചോരാതെ സ്വല്‍പം ധൃതിയില്‍ നടന്നുപോകുന്ന ആ പ്രവാചകന്റെ ജീവിതത്തിന്റെ എല്ലാ ചുവടുകളിലും ഈ സ്‌നേഹസ്പര്‍ശമുണ്ട്. ലോകം അതുകണ്ട് അമ്പരന്നിട്ടുണ്ട്.
സ്‌നേഹിച്ചതിലധികം രംഗങ്ങളുണ്ട് സ്‌നേഹിക്കപ്പെട്ടതിന്. അബൂസുഫ്‌യാന്‍ പറഞ്ഞത് ഒരു ഉദാഹരണമാണ്. എന്തിനധികം ഉദാഹരണങ്ങള്‍ നിരത്തണം; വെറും യുദ്ധക്കളങ്ങള്‍ മതിയല്ലോ ആ കഥ പറയുവാന്‍. മതിയായ ആയുധമില്ലാതെ, മതിയായ പ്രതീക്ഷയില്ലാതെ സായുധരും ശക്തരുമായ എതിര്‍സൈന്യത്തിലേക്ക് ഇരച്ചുകയറുവാന്‍ അവരെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ഉള്ളിലെ ആ സ്‌നേഹമല്ലാതെ മറ്റെന്താണ്. 'എന്റെ നബിക്ക് ഒന്നും പറ്റിയിട്ടില്ലെങ്കില്‍ മക്കള്‍ മരിച്ചുവീണതില്‍ ഞാന്‍ കണ്ണുനനക്കുന്നില്ല' എന്നു പറയുന്ന ഉമ്മയുടെയും 'എന്റെ നബിയുടെ കാലില്‍ ഒരു മുള്ളുകൊള്ളുന്നത് എനിക്കു സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയില്ല' എന്നു കഴുമരത്തില്‍ കിടന്നു വിലപിക്കുന്ന സ്വഹാബിയുടെയും വാക്കുകളില്‍ വിഴിഞ്ഞൊഴുകുന്നത് മറ്റെന്താണ്. ഈ സ്‌നേഹപ്രകടനങ്ങളെല്ലാം നിഷ്‌കളങ്കമായിരുന്നു. അതുകൊണ്ട് ഈ നിലപാടുകളെ പക്ഷെ ദുരുപയോഗം ചെയ്തില്ല. അത് അവരെ ഒട്ടും അഹങ്കാരിയാക്കിയില്ല. നബി(സ്വ) പറഞ്ഞു: 'എന്നെ സ്‌നേഹിച്ചവര്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും' (തിര്‍മുദി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."