വെറുപ്പിന്റെ പ്രചാരകരെ വെറുക്കണം
രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്തുന്നതിനായി സംഘ്പരിവാര്‍ തല്ലിക്കൊന്ന പെഹ്്‌ലുഖാനെതിരേയുള്ള പശുമോഷ്ടാവ് എന്ന ആരോപണവും കേസും രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. നുണപ്രചാരണം നടത്തി ആളുകളെ തല്ലിക്കൊന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്നും ഒരു പോറലുപോലുമേല്‍ക്കാതെ കഴിയുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍ പെഹ്്‌ലുഖാന് നീതി ലഭിച്ചോയെന്ന ചോദ്യം വീണ്ടും അവശേഷിക്കുകയാണ്.
ജനക്കൂട്ടത്തെ ഇളക്കിവിട്ട് കലാപത്തിന് പ്രേരിപ്പിക്കുക എന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും ഇത്തരം സംഭവങ്ങളില്‍ അത്തരം അന്വേഷണമോ കേസോ ഒന്നും ഉണ്ടാകാറില്ല. സംഘ്പരിവാറിന്റെ നെറികെട്ട രാഷ്ട്രീയത്തിന് ഇരയാകുന്നത് പലപ്പോഴും ഉത്തരേന്ത്യയിലെ പാവങ്ങളാണ്. വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ പ്രയോഗവല്‍ക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന തന്ത്രം പയറ്റിത്തെളിഞ്ഞവരാണ് സംഘ്പരിവാര്‍.
മരണാനന്തരം അദ്ദേഹത്തിനെതിരേ കേസെടുത്ത സര്‍ക്കാരിനും തിരിച്ചടിയാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. പെഹ്‌ലുഖാന്‍ പശുമോഷ്ടാവല്ലെന്നും അദ്ദേഹം ക്ഷീരകര്‍ഷകനായിരുന്നുവെന്നുമാണ് കോടതി കണ്ടെത്തിയത്. ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയുടെ സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തു. പെഹ്‌ലുഖാനെ പശുമോഷ്ടാവായി ചിത്രീകരിച്ച് ഈ വര്‍ഷം മെയിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. മക്കളായ ഇര്‍ഷാദ് ഖാനെയും ആരിഫ് ഖാനെയും ഡ്രൈവര്‍ മുഹമ്മദ് ഖാനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. രാജസ്ഥാന്‍ ഗോഹത്യ തടയല്‍ നിയമത്തിന് കീഴിലെ 5, 8, 9 വകുപ്പുകളാണ് ഖാനെതിരെയും മക്കള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഈ കേസാണ് കോടതി റദ്ദാക്കിയത്.
നിയമപ്രകാരം ജോലി ചെയ്ത് ഉപജീവനം നടത്തിയ ഒരു മനുഷ്യനെയാണ് പശുഭീകരത തലയ്ക്കു പിടിച്ച ഒരുകൂട്ടമാളുകള്‍ തല്ലിക്കൊന്നത്. പശുക്കച്ചവടത്തിനുള്ള എല്ലാ രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. പശുവിന്റെ പേരില്‍ ആക്രമണം നടത്താന്‍ ഇവര്‍ക്ക് പ്രേരണ നല്‍കിയ യഥാര്‍ഥ കുറ്റവാളികള്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിലെ ഉന്നതരാണ്. പച്ചയായ വര്‍ഗീയത മുഖമുദ്രയാക്കിയ ഇവര്‍ ഭരണത്തിന്റെയും അധികാരത്തിന്റെയും സുഖസൗകര്യങ്ങള്‍ നികുതിദായകരുടെ പണം കൊണ്ട് അനുഭവിക്കുന്നുവെന്നത് പൗരന്മാരുടെ മറ്റൊരു ദൈന്യത. രാജസ്ഥാനില്‍ പിന്നീട് അധികാരത്തില്‍ വന്ന അശോക് ഗെലോട്ട് സര്‍ക്കാരും പെഹ്‌ലുഖാന് വേണ്ടി കോടതിയില്‍ അനുകൂല നിലപാടെടുത്തു എന്നത് ആശാവഹമാണ്.
2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന പെഹ്‌ലുഖാനെയും സംഘത്തെയും അല്‍വാറില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ ഹരിയാനയിലെ മെവാത് സ്വദേശിയായ പെഹ്‌ലുഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസം ആശുപത്രിയില്‍ മരിച്ചു. മരിച്ചിട്ടും കള്ളനെന്ന പേര് കൂടി ആ പാവത്തിന് ചാര്‍ത്തിക്കൊടുത്തു. ഈ കളങ്കമാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഒടുവില്‍ നീക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ കൂടിവരികയാണ്. ഹേറ്റ് ക്രൈം വാച്ച് എന്ന സംഘടനയുടെ കണക്കനുസരിച്ച് 2014 വരെ മതപരമായ സ്വത്വത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. 2013 ല്‍ ഇത്തരം ഒന്‍പതു സംഭവങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018 ആയപ്പോള്‍ അത് 92 ആയി വര്‍ധിച്ചു. 291 സംഭവങ്ങളില്‍ 152 എണ്ണവും ഉണ്ടായത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നത് ഭരണകൂട പങ്കിനെ സംശയിക്കാന്‍ ഇടയാക്കുന്നു. 40 ആക്രമണങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബാക്കിയുള്ളവ പ്രാദേശിക കക്ഷികള്‍ ഭരിക്കുന്നിടത്തുമാണ്. ആക്രമണം കണ്ടുനില്‍ക്കുന്നവര്‍ ഇടപെട്ട് തടയുന്നതോ പൊലിസെത്തി അക്രമികളെ പിടികൂടുന്നതോ അപൂര്‍വമായ സംഭവമായി മാറുകയായിരുന്നു. ഹേറ്റ് ക്രൈം വാച്ചിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വിദ്വേഷ ആക്രമണങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലായി വരുന്നത്. ഏതൊരു സര്‍ക്കാരിനെയും ജാഗ്രതയിലാക്കേണ്ട ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
മനുഷ്യനെ തല്ലിക്കൊല്ലുന്ന നാടെന്ന ഖ്യാതി ലഭിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലേകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഈ അപമാനം നല്‍കിയതും സംഘ്പരിവാറാണ്. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ ദേശീയതയില്‍ ഉറച്ച് ജീവിക്കുന്ന മഹത്തായ രാജ്യമെന്ന നമ്മുടെ അഭിമാനമാണ് ഈ തല്ലിക്കൊലകള്‍ തല്ലിക്കെടുത്തിയത്.
പശുവിന്റെ പേരിലുള്ള പേക്കൂത്തുകള്‍ മടുത്തപ്പോഴാണ് ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള പ്രകോപനം തുടങ്ങിയത്. ഇങ്ങു കേരളത്തില്‍ വരെയും അതുപയോഗിച്ച് നേട്ടംകൊയ്യാന്‍ സംഘ്പരിവാര്‍ ശ്രമം നടത്തി. സാംസ്‌കാരിക നായകന്‍മാര്‍ക്കെതിരേ പ്രസ്താവന നടത്തി ഇവര്‍ സ്വയം പരിഹാസ്യരായതായിരുന്നു കേരളീയ പാഠം. ഇവിടെ മലയാളിയുടെ പ്രബുദ്ധതയാണ് ഉണര്‍ന്നത്.
മുഹമ്മദ് അഖ്‌ലാഖ് മുതല്‍ പെഹ്‌ലുഖാന്‍ വരെയുള്ള നിരപരാധികളുടെ ചോരകൊണ്ടാണ് സംഘ്പരിവാര്‍ രാഷ്ട്രീയനേട്ടം കൊയ്തത്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലം മുതല്‍ ഇത്തരം ആക്രമണങ്ങള്‍ സജീവമായിരുന്നു. ഒടുവില്‍ കോടതികളില്‍ നിന്നു മാത്രമാണ് ഇരകളായവര്‍ക്ക് നീതി ലഭിച്ചത്. അതും മരണ ശേഷം. പ്രത്യേക ജനവിഭാഗങ്ങളോടുള്ള വെറുപ്പിന്റെ ആക്രമണങ്ങളുടെ പേരില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്നത് ഗാന്ധിയുടെ അഹിംസയുടെ നാടായ ഇന്ത്യയെ പലപ്പോഴായി നാണംകെടുത്തിയതാണ്. ഇത്തരം ആക്രമണങ്ങളില്‍ ഏറെയും ഇരകളായവര്‍ മുസ്‌ലിംകളാണ്. ദലിതുകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ എന്നിവരെയും സംഘ്പരിവാര്‍ വെറുതെവിട്ടില്ല.
ദുരഭിമാനക്കൊലകളും സവര്‍ണ മേധാവിത്വ ആക്രമണങ്ങളുമെല്ലാം രാജ്യത്ത് വര്‍ധിച്ചു. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഉത്തരേന്ത്യന്‍ ഫ്യൂഡല്‍ ഗ്രാമങ്ങളില്‍ നിന്ന് ഇത്തരം ആക്രമണങ്ങള്‍ കേരളത്തിലേക്ക് വരാന്‍ ശ്രമിച്ചുവെന്നതും വെറുപ്പിന്റെ രാഷ്ട്രീയം നമുക്ക് സമീപമെത്തിയെന്നതിന്റെ ഉദാഹരണമായി കണക്കാക്കാം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പടിക്കു പുറത്താക്കിയ കേരള മോഡല്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാകണം. വെറുപ്പ് പ്രചരിപ്പിക്കുന്നവരെ വെറുക്കാനാണ് നാം പഠിക്കേണ്ടത്. ഇല്ലെങ്കില്‍ നാം പരസ്പരം ഇരകളാക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."