പഠനത്തിനും തൊഴില്‍ പരിശീലനത്തിനും സൗകര്യമൊരുക്കി വിജ്ഞാന്‍വാടി
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ പടലികാട് അംബേദ്കര്‍ കോളനിയില്‍ നിര്‍മിച്ച വിജ്ഞാന്‍വാടിയുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
പടലിക്കാട് ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി.
500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 6.5 ലക്ഷം രൂപ ചിലവഴിച്ചാണ് വിജ്ഞാനവാടി നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠനത്തിനും തൊഴില്‍ പരിശീലനത്തിനും സഹായകമാകുന്ന രീതിയിലാണ് വിജ്ഞാന വാടി പ്രവര്‍ത്തിക്കുക.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, പ്രിന്റര്‍, മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനുള്ള പുസ്തകങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ മത്സരപരീക്ഷകള്‍ക്ക് പരിശീലനകേന്ദ്രമായും വായനശാലയായും വിജ്ഞാനവാടി പ്രയോജനപ്പെടുത്താം.
പട്ടികജാതി വിഭാഗക്കാരായ ഇരുന്നൂറ്റി അന്‍പതോളം വിദ്യാര്‍ഥികളും യുവജനങ്ങളും ഈ പ്രദേശത്തുണ്ട്. എലപ്പുള്ളി, അകത്തേത്തറ പഞ്ചായത്തുകളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പ്രാരംഭ നടപടികളായിട്ടുണ്ട്.
മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ ദേവാനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അശോകന്‍, വൈസ് പ്രസിഡന്റ് കെ.വി മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജന്‍, എസ്.സി പ്രമോട്ടര്‍ എസ്. ലത, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."