സ്‌നേഹവീട്ടിലെ ആ പെരുന്നാള്‍
ഞങ്ങളുടെ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം കുടുംബമേ എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. അതും വീട്ടില്‍ നിന്ന് കുറേ മാറിയായിരുന്നു. രണ്ടു സ്ത്രീകളായിരുന്നു ആ വീട്ടില്‍. വെളുത്തുമ്മ(മൂത്ത സഹോദരി)യും കറുത്തുമ്മ(ഇളയവള്‍)യും. അവില്‍ ഇടിച്ച് വിറ്റ് ജീവിതം കഴിച്ചിരുന്ന അവര്‍ക്ക് പെരുന്നാള്‍ ആഘോഷമാക്കാവുന്ന അവസ്ഥയായിരുന്നില്ല. ആ വീട്ടില്‍ എന്ത് വിശേഷമുണ്ടായാലും ആ ഉമ്മമാര്‍ ഞങ്ങള്‍ കുട്ടികള്‍ക്കായി പലഹാരങ്ങള്‍ കൊണ്ടുവന്നു തരുമായിരുന്നു. ഓണത്തിന് ഞങ്ങളുടെ വീട്ടിലുണ്ടാക്കുന്ന അപ്പത്തിന് അവരും അവകാശികളായിരുന്നു.
കറുത്തുമ്മയ്ക്ക് എന്റെ അമ്മമ്മയുടെ പ്രായമായിരുന്നു. രണ്ടു പേരും ദീര്‍ഘമായി സംസാരിച്ചിരിക്കുന്ന രംഗം ഇന്നും എന്നിലുണ്ട്. സവര്‍ണരായ നായന്മാരും തറവാടികളായ ഈഴവരുമായിരുന്നു ഗ്രാമത്തിലെ മഹാഭൂരിപക്ഷവും. ജോലികിട്ടി ഗ്രാമത്തിന് പുറത്തേക്ക് എത്തിയതോടെയാണ് കൃസ്ത്യന്‍-മുസ്‌ലിം സാമൂഹിക ജീവിതം അടുത്തറിയുന്നത്. കുടിയേറ്റ മേഖലയായ കമ്പല്ലൂരിലായിരുന്നു എന്റെ അധ്യാപക ജീവിതം. പയ്യന്നൂര്‍ പട്ടണത്തിന് കിഴക്കായി ചെറുപുഴയ്ക്ക് സമീപമായിരുന്നു ആ പ്രദേശം. പത്തുനാല്‍പത്തിയഞ്ചു വര്‍ഷം മുന്‍പത്തെ കഥയാണ്.
മമ്മുക്കയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ ആറ് അധ്യാപകര്‍ താമസിച്ചിരുന്നത്. നാലു മുറിയുള്ള ആ വീട്ടിലെ മൂന്നു മുറികളിലായിരുന്നു ഞങ്ങളുടെ ജീവിതം. കമ്പല്ലൂര്‍ യു.പി സ്‌കൂള്‍ ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്. ആ നടും ആകെ മാറിയിട്ടുണ്ട്.
അന്നതൊരു കുഗ്രാമമായിരുന്നു. മമ്മുക്കയും മക്കളുമായിരുന്നു വീടിന്റെ ഉടമസ്ഥര്‍. മമ്മുക്കയും ഭാര്യയും ആറേഴ് മക്കളും ആ വീടിന്റെ ഒരു കോണില്‍ ഒതുങ്ങിക്കഴിയുന്നു. വീടിന്റെ നാലു വാതിലുകളില്‍ മൂന്നും ഞങ്ങളുടെ കസ്റ്റഡിയില്‍ ആയിരുന്നു. നാലാമത്തെ വാതിലിനും അടുക്കളവാതിലിനും അപ്പുറമുള്ള ലോകം അജ്ഞാതമായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു അവരുടെ സംസാരം. ഇടക്ക് കുപ്പിവളകളുടെ നേരിയ കിലുക്കം ഞങ്ങളിലേക്കെത്തും. എട്ടുപത്തുപേര്‍ കഴിഞ്ഞിട്ടും എങ്ങനെ ആ നിശബ്ദത നിലനിന്നുവെന്നത് അല്‍ഭുതപ്പെടുത്തുന്നു.
കവലയിലെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ ചെസ് കളിക്കാന്‍ ഇരുന്നാല്‍ മമ്മുക്കയുടെ മകള്‍ കപ്പയും മീന്‍കറിയുമായി വരും. ആ കറിയുടെ രുചിയായിരുന്നു രുചി. ഇന്ന് ആലോചിക്കുമ്പോള്‍ അസ്വാഭാവികമായി തോന്നുന്നു ആ ജീവിതം. ആറു ബാച്ചിലേഴ്‌സ് പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികള്‍ ഉള്ള ഒരു കൂരയ്ക്കു കീഴില്‍ താമസിക്കുക. ഞങ്ങളെല്ലാം അന്യമതക്കാരുമാവുക...
അദ്ദേഹത്തിന്റെ വീടര്‍ക്കും പെണ്‍കുട്ടികള്‍ക്കുമെല്ലാം അധ്യാപകരായ ഞങ്ങളോട് നിറഞ്ഞ സ്‌നേഹവും ബഹുമാനവുമായിരുന്നു. ആ കുട്ടികളോട് ഞങ്ങള്‍ക്ക് നിറഞ്ഞ വാത്സല്യമായിരുന്നു. പ്രത്യേകിച്ചും ഇളയ മകള്‍ ലൈലയോട്. കാച്ചിയും കുപ്പായവുമിട്ടാണ് എട്ടുപത്ത് വയസുള്ള അവള്‍ ഭക്ഷണവുമായി ഞങ്ങള്‍ക്കരുകിലേക്ക് വരിക. മനോഹരമായി ചിരിക്കാന്‍ കഴിയുന്ന ആ ഗ്രാമീണപെണ്‍കൊടിയുടെ മുഖത്തിന് ഇന്നും ഹൃദയത്തില്‍ റംസാന്‍ ചന്ദ്രികയുടെ ഒളിയാണ്. ഇടക്ക് അവളുടെ മൂത്ത സഹോദരി മറിയുമ്മുവും വരും. ഒരു കുടുംബംപോലെയായിരുന്നു ആ ജീവിതം. മമ്മദ്ക്കക്ക് അല്‍പം കൃഷിയേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളില്‍നിന്ന് കിട്ടുന്ന വാടകയായിരുന്നു ആ കുടുംബത്തിന്റെ നട്ടെല്ല്.
കുടിയേറ്റക്കാര്‍ വന്നു. ധാരാളം ഭൂമി സ്വന്തമാക്കി. സമ്പന്നരായി. പക്ഷേ മമ്മുക്ക എല്ലാറ്റിനും നിര്‍മമതയോടെ വിതയ്ക്കാതെ കൊയ്യാതെ സാക്ഷിയായി.
മനസ് നിറയെ സ്‌നേഹമുള്ള മനുഷ്യനായിരുന്നു മമ്മുക്ക. ലോക വിവരവും ധാരാളം. സ്‌കൂള്‍ വിട്ടുവന്നാല്‍ ഞങ്ങള്‍ അധ്യാപകര്‍ മമ്മുക്കക്കൊപ്പം ചെസ് കളിക്കും. ഞാനായിരുന്നു അദ്ദേഹത്തിന്റെ പാട്ട്ണര്‍. ആ നാടിനെക്കുറിച്ചും അവിടേക്ക് എത്തിയ കുടിയേറ്റക്കാരെക്കുറിച്ചുമെല്ലാം ആധികാരികമായി പറയാന്‍ കഴിവുള്ള ആളായിരുന്നു അദ്ദേഹം. മമ്മുക്കയുടെ അവസാനിക്കാത്ത കഥനങ്ങളില്‍നിന്നായിരുന്നു ഞാന്‍ ആദ്യ നോവലായ തടവറകളില്‍ കലാപം പൂര്‍ത്തീകരിച്ചത്. പല കഥാപാത്രങ്ങളും വാര്‍ന്നുവീണത് മമ്മുക്കയുടെ വിവരണത്തില്‍നിന്നായിരുന്നു.
മുറിക്കയ്യന്‍ ഷര്‍ട്ടിട്ട് കഥകളുടെ ഭാണ്ഡങ്ങള്‍ വിശാലമായി തുറന്നുവച്ചിരിക്കുന്ന ആ മുഖം ഇന്നും ഞാന്‍ ഇടക്കെല്ലാം ഓര്‍ക്കാറുണ്ട്. അത്തരം സ്‌നേഹംനിറഞ്ഞ പച്ചയായ മനുഷ്യര്‍ ആ കാലഘട്ടത്തിന്റെ പുണ്യമായിരുന്നു. ചെസ് കളിക്കിടെ കരുക്കള്‍ നീക്കാന്‍ ആലോചിക്കവേയാവും പാട്ടുമൂളുക. കാറ്റേ നീ വീശരുതിപ്പോള്‍... തുടങ്ങിയ പാട്ടുകള്‍ സ്വന്തമായി സൃഷ്ടിച്ച ഈണത്തില്‍ ആ അവസരത്തില്‍ പുറത്തേക്കൊഴുകും.
ആ താമസക്കാലത്താണ് നോമ്പും പെരുന്നാളുമെല്ലാം അടുത്തറിയുന്നത്. ഇസ്‌ലാമിക ജീവിതരീതി അനുഭവിച്ചറിയുന്നതും ആ കാലഘട്ടത്തില്‍ തന്നെ. അന്ന് ആ ഭാഗത്തൊന്നും പള്ളിയോ, സ്രാമ്പ്യയോ ഉണ്ടായിരുന്നില്ല.
''ഇന്ന് ഹോട്ടിലില്‍ പോകണ്ട, നമ്മക്ക് ഒന്നിച്ചാക്കാം ചോറ്...'' ചെറിയപെരുന്നാള്‍ ദിനത്തില്‍ മമ്മുക്ക വന്നു പറഞ്ഞ ആ വാക്കുകള്‍ ഞാന്‍ ഇപ്പോഴെന്നപോലെ കേള്‍ക്കുന്നു. ബ്രോയിലര്‍ കോഴിയെന്ന ഉല്‍പന്നം എത്താത്ത ആ കാലത്തെ നാടന്‍കോഴിക്കറിയുടെ രുചി...
കുടുംബത്തിന്റെ പവിത്രത...
സ്‌നേഹത്തിന്റെ ഊഷ്മളത...
അതെല്ലാം ഇന്ന് എത്രമാത്രം ലോഭിച്ചിരിക്കുന്നു. ആഘോഷം പളപളപ്പായ ഒരു കാലമാണല്ലോ നമ്മുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."