വേങ്ങരയില്‍ ബൈപാസിന് രൂപരേഖയായി കുരുക്ക് തീരുന്നു
വേങ്ങര: ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍മിക്കുന്ന ബൈപാസ് റോഡ് അലൈന്‍മെന്റിനു രൂപരേഖയായി. തിരുവനന്തപുരം പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ ഓഫിസ് രണ്ടു പ്രധാന രൂപരേഖകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ ഊരകം കരിമ്പിലി താഴെ ഭാഗത്തുനിന്നു തുടങ്ങി ദേശീയപാതയിലെ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ അവസാനിക്കുന്ന ഒരു പദ്ധതിയും കുറ്റാളൂര്‍ എം.എല്‍.എ റോഡ് ജങ്ഷനില്‍നിന്നു തുടങ്ങി ബ്ലോക്ക് ഓഫിസിനു സമീപം വേങ്ങര കൂരിയാട് എം.എല്‍.എ റോഡില്‍ സംഗമിച്ചു കൂരിയാട് വരെ ബൈപാസായി പുനഃക്രമീകരിക്കുന്ന പദ്ധതിയുമാണുള്ളത്.
വേങ്ങര-കൂരിയാട് എം.എല്‍.എ റോഡ് ബൈപാസായി പുനഃക്രമീകരിക്കുമ്പോള്‍ നിരവധി വീടുകള്‍ കുടിയൊഴിപ്പിക്കുകയും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരികയും ചെയ്യും. അതേസമയം, കരിമ്പിലിയില്‍നിന്നു തുടങ്ങി കൊളപ്പുറത്ത് അവസാനിക്കുന്ന പദ്ധതിയില്‍ കുടിയൊഴിപ്പിക്കലോ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റലോ ഉണ്ടാകില്ല. കരിമ്പിലി താഴെ ഭാഗത്തുനിന്നു തുടങ്ങി ചേറൂര്‍ ചാക്കീരി റോഡ് മുറിച്ചുകടന്നു വെട്ടുതോട് പാടത്തിലൂടെയും വേങ്ങര പൂച്ചോലമാട് റോഡിനു കുറുകെ വേങ്ങര പാടത്തേക്കു പ്രവേശിക്കും. തുടര്‍ന്നു കൂരിയാട് വയലിലൂടെ ദേശീയപാതയില്‍ കൂടിച്ചേരുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ഈ അലൈന്‍മെന്റ് പ്രകാരമുള്ള റോഡിന് 7.1 കിലോമീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുണ്ടാകും.
പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അംഗീകാരം ലഭിച്ച അലൈന്‍മെന്റുകള്‍ അടുത്ത മാസം റവന്യൂ വകുപ്പിന് കൈമാറുമെന്നു പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ അബ്ദുല്ല സുപ്രഭാതത്തോടു പറഞ്ഞു. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നിലവില്‍ കുറ്റാളൂര്‍ എം.എല്‍.എ റോഡ് ജങ്ഷന്‍ മുതല്‍ കച്ചേരിപ്പടിവരെ നീണ്ട ട്രാഫിക് കുരുക്കാണുണ്ടാകാറുള്ളത്. ടൗണിനോടു ചേര്‍ന്ന് ഒരു കിലോമീറ്ററിനുള്ളില്‍ കുറ്റാളൂര്‍ എം.എല്‍.എ റോഡ്, കോട്ടക്കല്‍, ചേറൂര്‍, ബ്ലോക്ക്, മാര്‍ക്കറ്റ്, എസ്.എസ് റോഡ്, കുറുവില്‍കുണ്ട്, ഗാന്ധിക്കുന്ന് കച്ചേരിപ്പടി കുറ്റൂര്‍ നോര്‍ത്ത് എന്നീ റോഡുകള്‍ ഉള്‍പ്പെടെ 14 ഉപറോഡുകളാണ് വന്നുചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."