അങ്കത്തിനൊടുവില്‍ ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഇന്നലെ നടന്ന ലിവര്‍പൂള്‍ - ആഴ്സനല്‍ മത്സരത്തില്‍ ജയം സ്വന്തമാക്കി ലിവര്‍പൂള്‍.
തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും അഞ്ച് വീതം ഗോളുകള്‍ നേടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിന് ആഴ്സനലിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പ്രീമിയര്‍ ലീഗിലെ ശക്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ടീമുകളും അഞ്ച് വീതം ഗോളുകള്‍ നേടി. ശക്തമായ പോരാട്ടത്തിനൊടുവില്‍ പത്ത് ഗോളുകളാണ് പിറന്നത്. 6-ാം മിനുട്ടില്‍ മുസ്ഥഫിയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ആഴ്സനല്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ആഴ്സനലിന് കൂടുതല്‍ പ്രതിരോധിച്ച് നില്ക്കാനായില്ല.
19-ാം മിനുട്ടില്‍ ലൂക്കാസിലൂടെ ആഴ്സനല്‍ സമനില നേടി. 26, 36 മിനുട്ടുകളില്‍ ഇരട്ട ഗോള്‍ കണ്ടെത്തി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്സനലിനെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 43-ാം മിനുട്ടില്‍ ലിവര്‍പൂളിന് പെനാല്‍റ്റി വീണുകിട്ടി.
കിക്കെടുത്ത ജെയിംസ് മില്‍നല്‍ പന്ത് ലക്ഷ്യത്തിലെത്തിച്ച് ആഴ്സനലിന്റെ ലീഡ് ഒന്നാക്കി കുറച്ചു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം 54-ാം മിനുട്ടില്‍ ആഴ്സനല്‍ വീണ്ടും ഗോള്‍ നേടി. നൈല്സിലൂടെയായിരുന്നു ആഴ്സനലിന്റെ നാലാം ഗോള്‍ പിറന്നത്. ഇതോടെ ആഴ്സനലിന് വീണ്ടും രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചു. എന്നാല്‍ അധികം വൈകാതെ 58-ാം മിനുട്ടില്‍ ചേമ്പര്ലെന് ഗോള്‍ മടക്കി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. 62-ാം മിനുട്ടില്‍ ഡിവോക്ക് ഒറിഗിയുടെ ഗോളില്‍ ലിവര്‍പൂള്‍ ആഴ്സനിലൊപ്പമെത്തി.
70-ാം മിനുട്ടില്‍ ജോ വില്ലോക്കിലൂടെ ആഴ്സനല്‍ അഞ്ചാം ഗോളും നേടി. മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെ 94-ാം മിനുട്ടില്‍ ഒറിഗി ലിവര്‍പൂളിന്റെ രക്ഷക്കെത്തുകയായിയുരന്നു. 94-ാം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് ലിവര്‍പൂള്‍ സമനില പിടിക്കുകയായിരുന്നു. ഇതോടെ ശക്തമായ മത്സരം സമനിലയില്‍ കലാശിച്ചു. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലീഗ് കപ്പില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ പത്ത് ഗോളുകള്‍ സ്കോര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."