പൊലിസ് വീഡിയോ വ്യാജമെന്ന് ആരോപണം: മുഖ്യമന്ത്രിയെ തള്ളിയ സി.പി.ഐ സംഘമെത്തുന്നത് വിലക്കുള്ള പ്രദേശത്തേക്ക്
പാലക്കാട്: അട്ടപ്പാടി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രിയെയും പൊലിസിനെയും തള്ളിയ സി.പി.ഐ ഇന്ന് സ്വന്തം നിലക്ക് നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പ്രദേശം സന്ദര്‍ശിക്കും. വ്യാജ ഏറ്റുമുട്ടലാണെന്ന ശക്തമായ ആരോപണമാണ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേ സി.പി.ഐ ഉന്നയിച്ചിരിക്കുന്നത്. പ്രദേശ വാസികളായ നാട്ടുകാരും ആദിവാസികളും പഞ്ചായത്ത് പ്രസിഡന്റുമടക്കം നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവര്‍ത്തിക്കുമ്പോഴും പൊലിസ് അതിനെ തള്ളിക്കളയുന്നു. ഏറ്റു മുട്ടലെന്ന പേരില്‍ പുറത്തുവിട്ട വീഡിയോയെപോലും സംശയക്കണ്ണുകളോടെയാണ് ഇവര്‍ കാണുന്നത്.
അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ്, എം.എല്‍.എമാരായ ഇ.കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവിടം സന്ദര്‍ശിക്കുക.
ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ വീഡിയോ പകര്‍ത്താന്‍ ആരെയാണ് ചുമതലപ്പെടുത്തിയതെന്നാണ് പലരും ചോദിക്കുന്നത്. ഇത് വ്യാജ വീഡിയോ ആണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും ആക്രമണ സാധ്യതയും മുന്നില്‍ കണ്ട് തണ്ടര്‍ബോള്‍ട്ട് വിലക്ക് ഏര്‍പ്പെടുത്തിയ പ്രദേശത്തേക്കാണ് സി.പി.ഐ സംഘമെത്തുന്നത്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സി.പി.ഐ നേതാക്കളുടെ സംഘത്തെ തടയാനും സാധ്യതയുണ്ട്. തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പറയപ്പെടുന്ന വനത്തിനകത്തെ പ്രദേശമാണ് സംഘം സന്ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ നേതാക്കളെ തടയുന്നതും പ്രശ്‌നം വഷളാക്കിയേക്കും.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. മേലെ മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."