ശബരിമലയില്‍ നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂട്ടി നീട്ടി
ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂട്ടി നീട്ടി. ഈ മാസം 26 വരെ നിരോധനാജ്ഞ നിലനില്‍ക്കും. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞയുണ്ടാവുക. ക്രിമിനല്‍ നിയമം 144 പ്രകാരമുള്ള നിരോധനാജ്ഞ തുടരേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കോന്നി, റാന്നി എന്നീ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നാലു ദിവസത്തേക്കു കൂടി നിരോധനാജ്ഞ നീട്ടുകയായിരുന്നു.
പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കളക്ടര്‍ എരുമേലിയിലും ഏഴും ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്ക് ശേഷം ആദ്യമായി നട തുറന്നപ്പോള്‍ നടയ്ക്കലില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ വന്‍ അക്രമം നടന്നിരുന്നു. തുടര്‍ന്നായിരുന്നു ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
പിന്നീട്, ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞയുണ്ടായിരുന്നു. അതേസമയം, നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഗവര്‍ണര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ചു ചെന്നിത്തല കത്തു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."