സുരേന്ദ്രനെ വിടാതെ പൊലിസ്; വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ കേസ്
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വിടാതെ പൊലിസ്. ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിലാണ് സുരേന്ദ്രനെതിരേ ജാമ്യമില്ലാത്ത പുതിയൊരു കേസ് കൂടി ഫയല്‍ ചെയ്തിരിക്കുന്നത്. ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി, ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള മറ്റു സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരേയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ചിത്തിര ആട്ട വിശേഷ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി സന്നിധാനത്തെത്തിയ 52കാരിയായ തൃശൂര്‍ സ്വദേശി ലളിത എന്ന തീര്‍ഥാടകയെ ആക്രമിച്ച സംഭവത്തിലാണ് കേസ്. ഇവരെ യുവതിയെന്നു തെറ്റിദ്ധരിച്ചു തടയുകയും ആക്രമിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് ചുമത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് റാന്നി കോടതിയില്‍ സമര്‍പ്പിച്ചു.
ഇതോടെ കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന സുരേന്ദ്രന്റെ മോചനം വൈകുമെന്നുറപ്പായി. നേരത്തെ, സന്നിധാനത്ത് വിരിപ്പന്തലില്‍ ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ഉള്‍പ്പെടെയുള്ള 69 പേര്‍ക്ക് ബുധനാഴ്ച മുന്‍സിഫ് കോടതി ജാമ്യമനുവദിച്ചിരുന്നു.
കേസില്‍ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. കണ്ണൂരില്‍ പൊലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരു അറസ്റ്റ് വാറന്റും സുരേന്ദ്രനെതിരേ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."