മഹിളകള്‍ ഭരിക്കും, മഹിളകള്‍ നയിക്കും
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സ്ത്രീസൗഹൃദ ഷോപ്പിങ് സമുച്ചയം കോഴിക്കോട് നഗര ഹൃദയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കോര്‍പറേഷന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മഹിളാമാള്‍ നാളെ രാവിലെ 11ന് വയനാട് റോഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. ഉല്‍പാദനം, വിതരണം, വിപണനം, ഭരണ നിര്‍വഹണം എല്ലാം വനിതകള്‍ തന്നെ നിയന്ത്രിക്കും.
103 സംരംഭ ഗ്രൂപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് വനിതാ മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 54 സെന്റില്‍ അഞ്ചുനിലകളുള്ള 36,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മാളില്‍ 70 സംരംഭങ്ങള്‍ കുടുംബശ്രീയും ബാക്കിയുള്ളവയില്‍ വനിതാ സംരംഭകരുമാണ്. 24 എണ്ണം മൈക്രോ ബസാറുകളാണ്. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കും ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കും അവരുടെ ബജറ്റിനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നു ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.
സ്ത്രീകളുടെ നാടന്‍ കൈപ്പുണ്യത്തെ നൈപുണ്യമാക്കി വിപണനത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് മഹിളാ മാളിലൂടെ. പ്രത്യക്ഷമായി 250 പേര്‍ക്കും പരോക്ഷമായി 500 പേര്‍ക്കും സംരംഭത്തിലൂടെ തൊഴില്‍ ലഭിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശകും പ്രൊജക്ട് ഓഫിസര്‍ എം.വി റംസി ഇസ്മായീലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചടങ്ങില്‍ ഫാമിലി കൗണ്‍സലിങ് സെന്റര്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട് ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും നിര്‍വഹിക്കും. മിനി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണനും കഫേ റസ്റ്ററന്റ് മന്ത്രി എ.കെ ശശീന്ദ്രനും ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും നിര്‍വഹിക്കും. ചടങ്ങില്‍ വെബ് സൈറ്റ് ലോഞ്ചിംഗ് ചലച്ചിത്ര താരം സുരഭിലക്ഷ്മി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."