പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ: സി.പി.എമ്മില്‍ പൊട്ടിത്തെറി; പരസ്യ പ്രതികരണവുമായി ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ്‌ചെയ്ത പൊലസിന്റെ നടപടിയെച്ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പൊലിസിന്റെ നടപടിക്കെതിരെ ശക്തമായി വിമര്‍ശനമുന്നയിച്ച സി.പി.എം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍, ഇരകളുടെ കുടുംബത്തിന് പിന്തുണനല്‍കുമെന്നും അറിയിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയും അലന്റെ വീട് സ്ഥിതിചെയ്യുന്ന പന്തീരങ്കാവ്, പന്നിയങ്കര ലോക്കല്‍ കമ്മിറ്റികളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പിനു കീഴിലുള്ള പൊലിസിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.
യു.എ.പി.എ പിന്‍വലിക്കണമെന്ന് പന്നിയങ്കര ലോക്കല്‍ കമ്മിറ്റി പ്രമേയം പാസാക്കി. അറസ്റ്റിലായ താഹഫസലിനും അലന്‍ ഷുഹൈബിനും നിയമസഹായം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര ലോക്കല്‍ കമ്മിറ്റിയുടെതാണ് തീരുമാനം.
പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്. ഇരുവരുടെയും കുടുംബത്തിന് നിയമഹായം നല്‍കുമെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
പൊലിസിന്റെ നടപടി ജനാധിപത്യവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടത്. അലന്‍ ഷുഹൈബിന്റെയും ത്വാഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണം. ലഘുലേഖയും നോട്ടീസും കൈവശം വയ്ക്കുന്നത് യു.എ.പി.എ ചുമത്താവുന്ന കുറ്റമല്ല. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇരുവര്‍ക്കുമെതിരെ ധൃതിപിടിച്ച് പൊലീസ് യുഎപിഎ ചുമത്തുകയായിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ്. യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണിതെന്നും ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസന്‍, ടി ദാസന്‍, സി പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ഥിയായ അലന്‍ ഷുഹൈബ് (20) സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കോഴിക്കോട്ട് ജേണലിസം വിദ്യാര്‍ഥിയായ താഹ ഫസല്‍ (24) സിപിഎം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സംഭവത്തില്‍ കടുത്ത അമര്‍ഷം സി.പി.എമ്മിനുള്ളില്‍ ഉയരുകയും നടപടി പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ പൊലിസിനെതിരെ രംഗത്തുവന്നത്.
cpm local committee slams kerala police over uapa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."