അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നടി
തൃശ്ശൂര്‍: തനിക്കെതിരെ അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി പത്രക്കുറിപ്പില്‍ അറിയിച്ചു. താന്‍ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തു വരുന്ന പേരുകളില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളാണോ എന്നു പറയാന്‍ തന്റെ പക്കല്‍ തെളിവുകളില്ല.
ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.
കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലിസില്‍ തനിക്കു പൂര്‍ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലിസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി താന്‍ പൊലിസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.
പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പിറകിലെന്നു പറയാനുള്ള തെളിവുകള്‍ തന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതുവല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്നും നടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."